സൗത്ത്​​ ബീച്ചിലേക്കും വീണ്ടും തിരിച്ച് വന്ന് ലോറികൾ



കോഴിക്കോട്: നവീകരണത്തിനു പിന്നാലെ സൗത്ത് ബീച്ചിൽനിന്ന് കുടിയൊഴിപ്പിച്ച ലോറികൾ വീണ്ടും തിരിച്ചെത്തി. അനിശ്ചിതകാല സമരം തീർന്നതിനു പിന്നാലെ ശനിയാഴ്ച രാവിലെയോടെയാണ് ചരക്കുലോറികൾ സൗത്ത് ബീച്ചിൽ വലിയങ്ങാടിയിലേക്ക് കടക്കുന്ന ഭാഗത്ത് തീരദേശ റോഡിൽ നിർത്തിയത്. ലോറി ഡ്രൈവേഴ്സ് ആൻഡ് ക്ലീനേഴ്സ് സെക്ഷൻ (സി.ഐ.ടി.യു), ലോറി ട്രാൻസ്പോർട്ട് ഏജൻസീസ് യൂനിയൻ (സി.ഐ.ടി.യു) എന്നീ സംഘടനകളുടെ നേതൃത്വത്തിൽ ആദ്യം അഞ്ച് ലോറികളാണ് നിർത്തിയത്. കഴിഞ്ഞദിവസം സൗത്ത് ബീച്ച് സംരക്ഷണ സമിതിയും നഗരസഭയും സംയുക്തമായി മാലിന്യം നീക്കുകയും കൈയേറ്റങ്ങൾ ഒഴിവാക്കുകയും ചെയ്ത ഭാഗത്താണ് ലോറികൾ നിർത്തിയത്. ലോറി നിർത്തിയതിനെതിരെ സൗത്ത് ബീച്ച് സംരക്ഷണ സമിതി പ്രവർത്തകർ പരാതിയുമായെത്തിയതോടെ സംഘർഷ സാധ്യത കണ്ട് ടൗൺ പൊലീസ് സ്ഥലത്തെത്തി. പൊലീസ് ആവശ്യപ്പെെട്ടങ്കിലും ലോറി മാറ്റാൻ ബന്ധപ്പെട്ടവർ തയാറായില്ല. തുടർന്ന് ജില്ല കലക്ടർ യു.വി. ജോസി​െൻറ നിർദേശ പ്രകാരം പൊലീസ് വീണ്ടും എത്തി ലോറി മാറ്റാൻ ആവശ്യപ്പെട്ടിട്ടും ലോറി മാറ്റിയില്ല. ഇതോടെ നിയമം ലംഘിച്ച് നിർത്തിയിട്ട ലോറികൾക്കെതിരെ നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു. സ്ഥലത്ത് സി.െഎ.ടി.യു കൊടിനാട്ടുകയും ലോറി ജീവനക്കാരുടെ നേതൃത്വത്തിൽ പ്രകടനം നടത്തുകയും ചെയ്തു. കബീർ കല്ലേരി, കരാടൻ മുഹമ്മദ്, കെ. റഫീഖ്, നിയാസ്, ശിവൻ കൈലാസ് തുടങ്ങിയവർ നേതൃത്വം നൽകി. പുതിയ സ്ഥലം അനുവദിക്കുന്നതുവരെ ലോറികൾ ഇവിടെത്തന്നെ നിർത്തുമെന്ന് ലോറി ഡ്രൈവേഴ്സ് ആൻഡ് ക്ലീനേഴ്സ് സെക്ഷൻ (സി.ഐ.ടി.യു) കൺവീനർ കബീർ കല്ലേരി പറഞ്ഞു. പുതിയങ്ങാടി കോയ റോഡിലും മീഞ്ചന്തയിലും ലോറി സ്റ്റാൻഡിന് സൗകര്യമൊരുക്കുമെന്ന് നഗരസഭ അധികൃതർ പറഞ്ഞിരുന്നുവെങ്കിലും ഒരുവിധ സൗകര്യവും ഒരുക്കിയിട്ടില്ല. ഏജൻസി ഒാഫിസ് പോലും പണിതിട്ടില്ല. ഒരാഴ്ച നീണ്ട ലോറി സമരത്തി​െൻറ മറവിൽ ഇവിടെനിന്ന് ലോറികൾ കുടിയൊഴിപ്പിക്കുകയും സ്ഥലത്ത് കാറുകൾക്ക് പാർക്കിങ് സൗകര്യം ഒരുക്കുന്നതായി കാണിച്ച് ബോർഡ് വെക്കുകയുമാണുണ്ടായത്. ഇത് അംഗീകരിക്കാനാവില്ല. സൗത്ത് ബീച്ച് നവീകരിച്ചതോടെ ഇവിടെയെത്തുന്നവരുടെ വാഹനങ്ങൾക്ക് പാർക്ക് ചെയ്യാനായി പഴയ പാസ്പോർട്ട് ഒാഫിസിനു സമീപം ലോറികൾ നിർത്തുന്നത് ഒഴിവാക്കിയിട്ടുണ്ട്. മതിയായ സൗകര്യത്തോടെയുള്ള സ്ഥലം നഗരസഭ ലഭ്യമാക്കുന്നതുവരെ വലിയങ്ങാടി കടപ്പുറത്ത് ലോറികൾ നിർത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സൗത്ത് ബീച്ചിലെ ലോറി പാർക്കിങ് പൂർണമായും നിർത്തലാക്കണമെന്ന് സൗത്ത് ബീച്ച് സംരക്ഷണസമിതി കൺവീനർ എ.വി. സക്കീർ ഹുസൈൻ പറഞ്ഞു. ലഹരിമാഫിയയടക്കം ഇവിടം കേന്ദ്രീകരിച്ചാണ് പ്രവർത്തിക്കുന്നത്. ലോറി നിർത്തിയിടുന്നത് മറയാക്കി കടലിലേക്ക് കോഴിമാലിന്യമടക്കം വൻതോതിൽ തള്ളുന്നുണ്ട്. നവീകരിച്ചതോടെ നിരവധി ആളുകളാണ് സൗത്ത് ബീച്ചിൽ എത്തുന്നത് എന്നതിനാൽ ഇവരുടെ വാഹനങ്ങൾ പാർക്ക് ചെയ്യാൻ സൗകര്യമൊരുക്കണം. നഗരസഭ കൗൺസിലും ട്രാഫിക് ഉപദേശക സമിതിയുമെല്ലാം ആലോചിച്ചശേഷമാണ് ലോറി സ്റ്റാൻഡ് പുതിയങ്ങാടി കോയ റോഡിലേക്ക് മാറ്റാൻ തീരുമാനിച്ചെതന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Post a Comment

0 Comments