നെടുമ്പാശ്ശേരിയിലേക്കുള്ള ലോഫ്ലോർ ബസ്സുകൾക്ക് സഡൺബ്രേക്ക്



കോഴിക്കോട്: കോഴിക്കോട് ഡിപ്പോയിൽ നിന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്ക് സർവ്വീസ് നടത്തുന്ന കെ.എസ്.ആർ.ടി.സി എസി ലോഫ്ലോർ ബസ്സുകൾ നിർത്തലാക്കുന്നു. യാത്രക്കാർക്ക് ഏറെ ഉപകാരപ്രദമായിരുന്ന എസി ബസ്സുകൾ നിർത്തലാക്കുന്നത് ഉന്നത ഉദ്യോഗസ്ഥരുടെ ഇടപെടലിനെ തുട‌ർന്നാണെന്നാണ് സൂചന. കെ.എസ്.ആർ.ടി.സി പുതുതായി തുടങ്ങുന്ന സ്കെെ, ചിൽ ബസ്സുകളുടെ പേരുപറഞ്ഞാണ് ഈ സർവ്വീസുകൾ നിർത്തലാക്കുന്നത്. രാവിലെ 5.45ന്റെ ആദ്യ സർവ്വീസ് മുതൽ 9,1.00, 3.10, 5.15, 7.00, 8.15, 11.30 എന്നിങ്ങനെ ദിവസവും എട്ട് സർവ്വീസുകളാണ് കോഴിക്കോട്ടുനിന്ന് നെടുമ്പാശേരിക്കുള്ളത്. ഇൗ എട്ട് സർവ്വീസുകൾക്കും ശരാശരി 25,000 രൂപ വരുമാനം ലഭിക്കുന്നുണ്ട്. എല്ലാ സർവ്വീസുകൾക്കും ഒാൺലെെൻ ബുക്കിംഗ് സംവിധാനവുമുണ്ട്. ജോലിക്കും മറ്റ് ആവശ്യങ്ങൾക്കുമായി സ്ഥിരമായി കാറിൽ പോകുന്ന നിരവധിപേർ ഇപ്പോൾ ആശ്രയിക്കുന്നത് ഈ എസി ബസ്സുകളെയാണ്. ഇത് ഇല്ലാതാകുന്നതോടെ കാറുകൾ വീണ്ടും നിരത്തിലിറങ്ങും. ബസ്സുകൾ നിർത്തലാക്കുന്നതിന്റെ ആദ്യപടിയായി എട്ട് സർവ്വീസ് രണ്ടെണ്ണമായി വെട്ടിച്ചുരുക്കും. ഇതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയായെന്നാണ് വിവരം.

മലപ്പുറത്ത് നിന്ന് നെടുമ്പാശേരിയിലേക്കുള്ള എസി ലോ ഫ്ലോർ ബസ്സുകളും ക്രമേണ നിർത്തലാക്കാനുള്ള തീരുമാനവും ഉണ്ട്. അഞ്ച് സർവ്വീസുള്ളത് രണ്ടായി ചുരുക്കും. ജീവനക്കാരുടെ എതിർപ്പ് അവഗണിച്ചാണ് മാനേജ്മെന്റിന്റെ നടപടി. മലപ്പുറം-നെടുമ്പാശേരി സർവ്വീസ് ലാഭകരമായി മുന്നോട്ടുപോകുന്നതിനിടെയാണ് ഇപ്പോഴുള്ള നടപടി. നഷ്ടത്തിന്റെ പാതാളത്തിൽ നിന്നും കെ.എസ്.ആർ.ടി.സിയെ കരകയറ്റാനുള്ള ശ്രമങ്ങൾ നടക്കുന്നതിനിടയിൽ ലാഭത്തിലുള്ള സർവ്വീസുകൾ നിർത്തലാക്കുന്നതിനെതിരെ വിമർശനമുയർന്നിട്ടുണ്ട്.

Post a Comment

0 Comments