കൊടുവള്ളിയിലെ ജ്വല്ലറി കവർച്ച: ഝാർഖണ്ഡ് സ്വദേശിയായ ഒരു മോഷ്ടാവുകൂടി പിടിയിൽ



കോഴിക്കോട്: കൊടുവള്ളിയിൽ 'സിൽസില'ജ്വല്ലറി കുത്തിത്തുറന്ന് സ്വർണവും വെള്ളിയുമടക്കം കവർന്ന കേസിലെ മറ്റൊരു പ്രതിയെ ഝാർഖണ്ഡിൽനിന്ന് കൊടുവള്ളി പൊലീസ് സാഹസികമായി പിടികൂടി. മാവോവാദി ശക്തികേന്ദ്രമായ ഉദുവയിൽനിന്നാണ് സപൻ രജകിനെ (31) പിടികൂടിയത്. 119 ഗ്രാം ആഭരണങ്ങളും കണ്ടെടുത്തു. മോഷ്ടിച്ച ആഭരണങ്ങൾ സപൻ രജക് താമസിച്ച വീടി​െൻറ പിൻവശത്തെ പറമ്പിൽ ഒന്നരയടി താഴ്ചയിൽ കുഴിച്ചിട്ട് ചെടികൾ നട്ട നിലയിലായിരുന്നു. ഝാർഖണ്ഡ് എസ്.പി പ്രദീപ് ജനാർധനുമായി കോഴിക്കോട് റൂറൽ എസ്.പി ജയദേവ് ബന്ധപ്പെട്ട് രാധാനഗർ പൊലീസ് സ്റ്റേഷനിലെ പൊലീസുകാരുടെ സഹായത്തോടെയാണ് പ്രതിയെ പിടികൂടിയത്. ഉദുവയിലെ വനമേഖലയിൽകൂടി 30 കിലോമീറ്റർ സഞ്ചരിച്ചാണ് പ്രതിയുടെ വീട്ടിലെത്തിയത്. പ്രത്യേക അന്വേഷണ സംഘം രൂപവത്കരിച്ച് ബംഗാളിലേക്ക് പുറപ്പെട്ട സംഘം മേയ് 27ന് കവർച്ച സംഘത്തിൽപ്പെട്ട മുഹമ്മദ് അക്രുസമാനെ (29) ബംഗ്ലാദേശ് അതിർത്തി ഗ്രാമമായ മാൾഡയിൽനിന്ന് പിടികൂടിയിരുന്നു. ഒരാഴ്ച മുമ്പാണ് വീണ്ടും പൊലീസ് സംഘം പ്രതികളെ തേടി ഝാർഖണ്ഡിലേക്ക് പുറപ്പെട്ടത്. പൊലീസ് സംഘത്തെ ഗ്രാമവാസികൾ സംഘടിച്ച് ആയുധങ്ങളുമായി തടഞ്ഞു. അന്വേഷണ സംഘത്തെ അനുഗമിച്ച രാധാനഗർ പൊലീസ് തോക്കുകൾ ചൂണ്ടി ഇവരെ വിരട്ടിയോടിക്കുകയായിരുന്നു. സപൻ രജകിനെ ഝാർഖണ്ഡ് രാജ് മഹൽ കോടതിയിൽ ഹാജരാക്കി. പ്രതിയെ ഈ ആഴ്ച കൊടുവള്ളിയിലെത്തിച്ച് കൂടുതൽ ചോദ്യം ചെയ്യും. കൊടുവള്ളി എസ്.ഐ പ്രജീഷ്, എസ്.സി.പി ഒ. ജയപ്രകാശ്, താമരശ്ശേരി ഡിവൈ.എസ്.പി ക്രൈം സ്ക്വാഡ് അംഗം ഹരിദാസ്, ഹോം ഗാർഡ് ഷാജി ജോസഫ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. മുഹമ്മദ് അക്രുസമാൻ റിമാൻഡിലാണ്. ഇയാളിൽനിന്ന് മൂന്ന് പവൻ സ്വർണവും കണ്ടെടുത്തിരുന്നു. കഴിഞ്ഞ മേയ് 18ന് പുലർച്ചയാണ് കൊടുവള്ളിയിൽ ജ്വല്ലറി കുത്തിത്തുറന്ന് 90 ലക്ഷം രൂപയുടെ കവർച്ച നടന്നത്. മൊബൈൽ ടവർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെക്കുറിച്ച് പൊലീസിന് വിവരം ലഭിച്ചത്.

Post a Comment

0 Comments