അന്താരാഷ്ട്ര കയാക്കിങ് ചാമ്പ്യൻഷിപ്പ്: കാണികളെ വിസ്മയിപ്പിച്ച് ലോകതാരങ്ങൾ



കോഴിക്കോട്: മലബാർ റിവർ ഫെസ്റ്റിവലിനോടനുബന്ധിച്ചുള്ള അന്താരാഷ്ട്ര കയാക്കിങ് ചാമ്പ്യൻഷിപ്പിന്റെ മൂന്നാംദിവസം ലോകോത്തര പ്രൊഫഷണൽ താരങ്ങളുടെ മിന്നും പ്രകടനം. കോടഞ്ചേരി പുലിക്കയത്ത് ലോക ചാമ്പ്യന്മാരും ഒളിമ്പ്യന്മാരും അണിനിരന്ന പ്രൊഫഷണൽ സ്‌ലാലോം മത്സരങ്ങൾ കാണികളിൽ ആവേശത്തിരമാല തീർക്കുന്നതായി. ഇരുവഴിഞ്ഞിയിൽ നടക്കേണ്ടിയിരുന്ന മത്സരം കനത്ത മഴയിൽ വെള്ളം കൂടിയതുകാരണം പുലിക്കയത്ത് നടത്തുകയായിരുന്നു. ഇന്ന് നടക്കുന്ന പ്രൊഫഷണൽ ബോട്ടർക്രോസ് മത്സരവും ഫൺഡൗൺ റിവർ റേസും ഇരുവഴിഞ്ഞിയിൽനിന്ന് പുലിക്കയത്തേക്ക് മാറ്റിയിട്ടുണ്ട്.

ലോകത്തെ ഏറ്റവും മികച്ച കയാക്കർമാരിൽ ഒരാളായി വിശേഷിക്കപ്പെടുന്ന ന്യൂസീലൻഡിന്റെ മൈക് ഡോസനാണ് പുരുഷന്മാരിൽ ഒന്നാം സ്ഥാനത്ത് തുഴഞ്ഞെത്തിയത്. ആദ്യദിനം ഫ്രീസ്റ്റൈൽ വിഭാഗത്തിൽ ചാമ്പ്യനായ അമേരിക്കയുടെ ഡേൻ ജാക്‌സനെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് ഡോസൻ വിജയിയായത്. സ്പെയിനിലെ കാറ്റലോണയിൽനിന്നെത്തിയ ഗ്രഡ് സെറാസോളസ് രണ്ടാം സ്ഥാനവും നേടി. വനിതകളിൽ പ്രതീക്ഷിക്കപ്പെട്ടതുപോലെ ഒന്നിലേറെത്തവണ ലോകജേതാവായ ഫ്രാൻസിന്റെ നൗറിയാ ന്യൂമാനാണ് വിജയിയായത്. ഹോളണ്ടിന്റെ ഫ്രീസ്റ്റൈൽ യൂറോപ്യൻ ചാമ്പ്യൻ മാർട്ടിന വെഗ്‌മാൻ രണ്ടാമതെത്തി. അമേരിക്കയുടെ നിക്കോൾ മാൻസ്‌ഫീൽഡിനാണ് മൂന്നാം സ്ഥാനം.

പുരുഷവിഭാഗത്തിൽ അമ്പതുപേർ മത്സരിക്കാനുണ്ടായിരുന്നു. ഇതിൽ പകുതിയും ഇന്ത്യക്കാരായിരുന്നു. ആദ്യ രണ്ട് റൗണ്ട് മത്സരങ്ങളിൽനിന്ന് 20 പേർ ഫൈനലിലേക്ക് യോഗ്യത നേടി. ആദ്യസ്ഥാനങ്ങളിൽ എത്താനായില്ലെങ്കിലും വെറുതേ പങ്കെടുക്കാൻ എത്തിയതല്ലെന്ന് തെളിയിച്ച് എട്ട് ഇന്ത്യൻതാരങ്ങൾ ഫൈനലിലേക്ക് മുന്നേറി. സഞ്ജയ് റാണ, ദിനേഷ് പ്രസാദ്, റിഷി റാണ, ലിംഗ്‌ദൊ നോങ്ബ്രി, ഷിന്നിഗ്‌സ്റ്റർ ബസേംമോൾട്ട്, മനീഷ് സിങ് റാവത്ത്, കുൽദീപ് സിങ് എന്നിവരാണ് ഫൈനലിൽ ഇടംപിടിച്ച ഇന്ത്യക്കാർ. പ്രദേശവാസികളായ നിസ്തുൽ ജോസും നിഥിൻദാസും പ്രൊഫഷണൽ സ്‌ലാലോമിൽ അരങ്ങേറ്റം കുറിക്കുകയും ചെയ്തു. വനിതാവിഭാഗത്തിൽ അഞ്ചുപേരാണ് മത്സരിച്ചത്. ഇന്ത്യൻതാരങ്ങൾ ഉണ്ടായിരുന്നില്ല.

പ്രൊഫഷണൽ താരങ്ങൾ മാത്രമടങ്ങുന്ന, ഒളിമ്പിക്സ് ഇനമായ കെ-വണ്ണിൽ ഉൾപ്പെട്ട സ്‌ലാലോം റെയ്‌സ് വിഭാഗത്തിലാണ് ഇന്നലെ മത്സരം നടന്നത്. 300 മീറ്റർ ദൂരത്തിൽ വിവിധ ഇടങ്ങളിൽ സ്ഥാപിച്ച ഗ്രീൻ ഗേറ്റുകളായ ഏഴ് ഡൗൺ സ്ട്രീം ഗേറ്റുകളും റെഡ് ഗേറ്റുകളായ രണ്ട് അപ്‌സ്ട്രീം ഗേറ്റുകളും കടന്ന് വിജയകരമായി ഫിനിഷിങ് പോയിന്റിലെത്തുകയെന്നത് താരങ്ങൾക്ക് വെല്ലുവിളിയായിരുന്നു. മലവെള്ളത്തിൽ പാറക്കെട്ടുകൾക്കിടയിലൂടെ കുതിച്ചു പായുന്ന പുഴയിൽ കയാക്കുകൾ മറിയുമ്പോൾ കാണികളുടെ നെഞ്ചിടിപ്പേറി. ഗേറ്റുകളിൽ ശരീരമോ കയാക്കോ, തുഴയോ തൊട്ടാൽ രണ്ട് സെക്കൻഡും ഗേറ്റുകൾ കടക്കാതെ പോയാൽ 50 സെക്കൻഡും ഫിനിഷിങ് സമയത്തിൽ താരങ്ങൾക്ക് പിഴ ചുമത്തും. ഇത് കണക്കാക്കിയാണ് മത്സരവിജയികളെ പ്രഖ്യാപിക്കുക.

Post a Comment

0 Comments