കോഴിക്കോട്: കനത്ത മഴയിലും ആവേശത്തിരമാല തീര്‍ത്ത് മലബാര്‍ റിവര്‍ ഫെസ്റ്റിവലിന്റെ ഭാഗമായുള്ള അന്താരാഷ്ട്ര കയാക്കിങ് ചാമ്പ്യന്‍ഷിപ്പിന്റെ രണ്ടാം ദിനവും. ലോകചാമ്പ്യന്‍മാരും ഒളിമ്പ്യന്‍മാരും അണിനിരക്കുന്ന സാഹസിക ജലകായികമേളയിലെ ഇന്‍റര്‍ മീഡിയറ്റ് സാലോം വിഭാഗം മത്സരങ്ങളാണ് ഇന്ന് കോടഞ്ചേരി പുലിക്കയത്ത് നടന്നത്. ടൂറിസം വകുപ്പിന്റെയും, മലബാർ റിവർ ഫെസ്റ്റിവെല്ലിന്റെയും ഫെയ്സ്ബുക്ക് പേജുകളിൽ ചാമ്പ്യൻഷിപ്പിന്റെ ലൈവ് ബ്രോഡ്കാസ്റ്റിങ്ങുണ്ട്.
ഇന്നലെ നടന്ന ഫ്രീസ്റ്റൈല്‍ മത്സരം കുത്തൊഴുക്കുള്ള പുഴയിലെ പാറയിലെ വിള്ളലുകള്‍ക്ക് മുകളില്‍ രൂപംകൊള്ളുന്ന തിരമാലയില്‍ താരങ്ങള്‍ 45 സെക്കന്‍ഡ് പിടിച്ചുനിന്ന് അഭ്യാസങ്ങള്‍ കാണിക്കുന്നതാണ്. മൂന്ന് തിരമാലകളാണ് മത്സരത്തിനുള്ളത്. ആദ്യത്തേതില്‍ പരാജയപ്പെട്ടാല്‍ രണ്ടാമത്തെ തിരമാലയിലും അതും പരാജയപ്പെട്ടാല്‍ മൂന്നാമത്തേതിലും ശ്രമം നടത്താം. ജഡ്ജിമാര്‍ അഭ്യാസങ്ങള്‍ക്ക് നല്‍കുന്ന മാര്‍ക്കിന്റെ അടിസ്ഥാനത്തിലാണ് വിജയിയെ തീരുമാനിക്കുക. ജില്ലാ ടൂറിസം പ്രെമോഷന്‍ കൗണ്‍സിലാണ് ജില്ലാ പഞ്ചായത്ത്, തിരുവമ്പാടി, ചക്കിട്ടപാറ, കോടഞ്ചേരി ഗ്രാമപ്പഞ്ചായത്തുകളുടെ സഹകരണത്തോടെ മേള സംഘടിപ്പിക്കുന്നത്. ചാമ്പ്യൻഷിപ്പിന്റെ സമാപനം 22-ന് വൈകീട്ട് 5 മണിക്ക് പുല്ലൂരാംപാറയിൽ നടക്കും.
0 Comments