അവേശലഹരിയിൽ മലയോരം: മലബാര്‍ റിവര്‍ഫെസ്റ്റിവല്‍ ആരംഭിക്കാൻ രണ്ട് നാൾ കൂടി



കോഴിക്കോട്: 6-മത് മലബാര്‍ റിവര്‍ഫെസ്റ്റിവലും ആദ്യ ലോക കയാക്കിംങ് ചാമ്പ്യന്‍ഷിപ്പും ആരംഭിക്കാൻ ഇനി രണ്ടുനാൾ കൂടി. 18 മുതല്‍ 22 വരെ തുഷാരഗിരിയിൽ വെച്ച് അരങ്ങേറുന്ന ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ പല വിദേശ താരങ്ങളും കോടഞ്ചേരിയിലെത്തി. ഉദ്ഘാടനം 19-ന് വൈകിട്ട് 5 മണിക്ക് സഹകരണ, വിനോദസഞ്ചാര, ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പുലിക്കയത്ത് വെച്ച് നിര്‍വ്വഹിക്കും.

ടൂറിസം വകുപ്പിന് കീഴില്‍ ജില്ലാ ടൂറിസം പ്രമോഷന്‍  കൗണ്‍സിലാണ് സംഘാടകര്‍. ബംഗളൂരുവിലെ മദ്രാസ് ഫണ്‍ ടൂള്‍സ് ആണ് മത്സരങ്ങള്‍ക്കുള്ള സാങ്കേതിക സഹായം നല്‍കുന്നത്. മത്സരത്തിലെ സമ്മാനത്തുക 15 ലക്ഷം രൂപയാണ്. സംസ്ഥാന വിനോദസഞ്ചാര വകുപ്പ് കയാക്കിംങ് ചാമ്പ്യന്‍ഷിപ്പിനായി 20 ലക്ഷം രൂപയും ജില്ലാ പഞ്ചായത്ത്, തിരുവമ്പാടി, ചക്കിട്ടപ്പാറ, കോടഞ്ചേരി ഗ്രാമപഞ്ചായത്തുകള്‍ സംയുക്തമായി 20 ലക്ഷം രൂപയും ചാമ്പ്യന്‍ഷിപ്പിന്‍റെ നടത്തിപ്പിന്നായി നീക്കിവെച്ചിട്ടുണ്ട്. ജി.എം.ഐ കോഴിക്കോട് ചാമ്പ്യന്‍ഷിപ്പിനായുള്ള സഹായസഹകരണങ്ങള്‍ നല്‍കുന്നുണ്ട്.

ജര്‍മ്മനി, ഇറ്റലി, ഫ്രാന്‍സ്, സ്പെയ്ന്‍, ഇംഗ്ലണ്ട്, സ്കോര്‍ട്ട്ലാന്‍ഡ്, ഇന്തൊനേഷ്യ, ന്യൂസീലാന്‍ഡ്, ഓസ്ട്രേലിയ, നോര്‍വെ, നേപ്പാള്‍, മലേഷ്യ, സിംഗപ്പൂര്‍, ചെക് റിപ്പബ്ലിക്, ഓസ്ട്രിയ, നെതര്‍ലാന്‍ഡ്, യു.എസ്.എ, കാനഡ തുടങ്ങി ഇരുപതോളം രാജ്യങ്ങളില്‍ നിന്ന് പ്രാതിനിധ്യമുണ്ടാകും. 2013 ല്‍ തുടങ്ങിയ മലബാര്‍ റിവര്‍ ഫെസ്റ്റിവല്‍ രാജ്യത്തെ ഏറ്റവും വലിയ സാഹസിക കായിക വിനോദമേഖലയായി രാജ്യത്തിനകത്തും പുറത്തും നിന്നുള്ള സാഹസിക പ്രേമികളുടെ ശ്രദ്ധയാകര്‍ഷിക്കുന്ന വിധത്തിലേക്ക് മാറിയിട്ടുണ്ട്.

 മലബാറിലെ ടൂറിസത്തിന്‍റേയും ജില്ലയിലെ മണ്‍സൂണ്‍ ടൂറിസത്തിന്‍റേയും വികസനത്തിന് ഈ പരിപാടി ഉപകാരപ്രദമായി തീരുമെന്നാണ് പ്രതീക്ഷ. ഏഷ്യയിലെ ഏറ്റവും വലിയ വൈറ്റ് വാട്ടര്‍ കയാക്കിങ് വേദിയായി അറിയപ്പെടുന്നയിടമാണ് കോഴിക്കോട്. കോഴിക്കോടിനെ രാജ്യത്തെ പ്രധാനപ്പെട്ട കയാക്കിംങ് കേന്ദ്രമാക്കി മാറ്റാനും ഈ ചാമ്പ്യന്‍ഷിപ്പിലൂടെ സാധിക്കും. ചാമ്പ്യൻഷിപ്പിന്റെയും ഫെസ്റ്റിവെല്ലിന്റെയും സമാപനസമ്മേളനം ജൂലായ് 22-ന് പുല്ലൂരാംപാറയില്‍ നടക്കും.

Post a Comment

0 Comments