കോഴിക്കോട്:താമരശ്ശേരി മട്ടിക്കുന്ന് മലയിലെ ഉരുൾപൊട്ടലിൽ മലവെള്ളം കുതിച്ചെത്തി ദിശമാറിയ പുഴയുടെ ഒഴുക്ക് നേരെയാക്കി. പാലങ്ങൾക്കടിയിൽ ഉരുൾപൊട്ടലിൽ ഒഴുകിയെത്തിയ മരങ്ങളും പാറക്കല്ലുകളും മണ്ണും അടിഞ്ഞുനിന്നാണ് പുഴ ഇരുവശങ്ങളിലുമായി ദിശമാറി ഒഴുകി സമീപമുള്ള വീടുകളിലേക്ക് പാഞ്ഞുകയറിയത്. മട്ടിക്കുന്ന് പാലത്തിലും കണ്ണപ്പൻകുണ്ട് പാലത്തിലും പുഴ ദിശമാറി ഒഴുകിയതാണ് ഒരാളുടെ ജീവഹാനിയുൾപ്പെടെയുള്ള വൻ നാശങ്ങൾക്കിടയാക്കിയത്. പത്ത് വീടുകൾ പൂർണമായും ഇരുപത് വീടുകൾ ഭാഗികമായും തകർന്നു. ഒട്ടേറെ വീടുകളിൽ വെള്ളംകയറിയും നാശമുണ്ടായി. മണൽവയൽ പാലത്തിലും മണ്ണും മരവും കല്ലുമെല്ലാം അടിഞ്ഞുകൂടിയിരുന്നു.
മലവെള്ളപ്പാച്ചിൽ അടങ്ങിയതിനെത്തുടർന്ന് വെള്ളിയാഴ്ചയാണ് പുഴയുടെ ദിശ നേരെയാക്കാനുള്ള പ്രവൃത്തി തുടങ്ങിയത്. കണ്ണപ്പൻകുണ്ട് പാലത്തിൽ അടിഞ്ഞുകൂടിയ തടസ്സങ്ങൾ ശനിയാഴ്ച ഉച്ചയോടുകൂടി മാറ്റി. പക്ഷേ, പാലത്തിനിരുവശത്തുമുള്ള റോഡുകൾ തകർന്നുകിടക്കുന്നതിനാൽ ഇതുവഴിയുള്ള ഗതാഗതം അസാധ്യമായി തുടരുകയാണ്. മണൽവയൽ പാലത്തിലെ തടസ്സങ്ങളും ശനിയാഴ്ച നീക്കം ചെയ്തു.
മട്ടിക്കുന്ന് പാലത്തിലാണ് വൻ പാറക്കല്ലുകളും വൻമരങ്ങളും ഉൾപ്പെടെ ഒഴുകിയെത്തി മഴവെള്ളപ്പാച്ചിലിനെ തടഞ്ഞുനിർത്തി വലിയതോതിലുള്ള നാശത്തിനിടവരുത്തിയത്. ഇവിടെ പാലത്തിന് ഇരുവശങ്ങളിലേക്കുമായി മലവെള്ളം കുത്തിയൊഴുകിയെത്തുകയായിരുന്നു. പാലത്തിന്റെ ഒരുവശത്തെ അപ്രോച്ച് റോഡ് നെടുകെ പിളർത്തിയാണ് കൂറ്റൻ പാറക്കല്ലുകൾ ഒഴുകി താഴേക്കുവന്നത്. ഇവിടെ രക്ഷാപ്രവർത്തനം തുടരുകയാണ്. ശനിയാഴ്ച വൈകീട്ടും പാലത്തിനുമുമ്പിൽ അടിഞ്ഞുകൂടിയ പാറക്കല്ലുകളും മണ്ണും മറ്റും മുഴുവനായി മാറ്റാനായിട്ടില്ല. രണ്ട് മണ്ണുമാന്തി ഉപയോഗിച്ചാണ് ഇതിനുള്ള ശ്രമം തുടരുന്നത്. റവന്യൂവകുപ്പിന്റെ നേതൃത്വത്തിൽ ഊരാളുങ്കൽ ലേബർ കോൺട്രാക്ടേഴ്‌സ് സൊസൈറ്റിയുടെ സഹായത്തോടെയാണ് പ്രവൃത്തി. മട്ടിക്കുന്നിൽ പാലത്തിലെ അവശിഷ്ടങ്ങൾ മാറ്റിയാലും ഇതുവഴി ഗതാഗതം പുനഃസ്ഥാപിക്കാനാകില്ല. അപ്രോച്ച് റോഡ് മുറിഞ്ഞുകിടക്കുന്നതാണ് കാരണം. പാറക്കല്ലുകൾ മാറ്റി റോഡ് പുനർനിർമിച്ചാലേ ഗതാഗതം പൂർവസ്ഥിതിയിലാകുകയുള്ളൂ.
കണ്ണപ്പൻകുണ്ടിലെ പാലത്തിന്റെ അടിഭാഗത്ത് മലവെള്ളപ്പാച്ചിലിനെ തടഞ്ഞുനിർത്തുന്ന പഴയ സ്ലാബുകൾ മുറിച്ചുമാറ്റുമെന്ന് താമരശ്ശേരി തഹസിൽദാർ സി. മുഹമ്മദ് റഫീഖ് പറഞ്ഞു. ഇതിന് ഊരാളുങ്കൽ സൊസൈറ്റിയുടെ എൻജിനീയർമാർ അടുത്തദിവസം പാലം പരിശോധിക്കും. മുമ്പ് ജലസേചനവകുപ്പ് നിർമിച്ച തടയണയ്ക്കുമുകളിലാണ് പാലം നിർമിച്ചിരിക്കുന്നത്. തടയണയിൽ നീരൊഴുക്കിനുണ്ടാക്കിയ തടസ്സം ഇപ്പോഴും തുടരുന്നതാണ് പ്രശ്നമാകുന്നത്. മട്ടിക്കുന്ന് പാലത്തിന്റെയും സ്ഥിതി ഇതുതന്നെയാണ്. പാലങ്ങൾ പുനർനിർമിച്ചാലേ ശാശ്വത പരിഹാരമാകുകയുള്ളൂവെന്ന് പ്രദേശവാസികൾ ചൂണ്ടിക്കാട്ടി.
0 Comments