കോഴിക്കോട്: ജില്ലയുടെ കിഴക്കൻ മലയോര മേഖലയിൽ മദ്യ-മയക്കുമരുന്ന് മാഫിയ പിടിമുറുക്കുന്നു. സ്കൂളുകളും കോളേജുകളും കേന്ദ്രീകരിച്ചാണ് മദ്യവും മയക്കുമരുന്നും വ്യാപകമായി വിൽക്കുന്നത്. ലഹരിവസ്തുക്കൾ ഉപയോഗിക്കുന്ന വിദ്യാർഥികളെ കണ്ടെത്തി ഇവർക്ക് സ്ഥിരമായി ലഹരി ഉത്പന്നങ്ങൾ ലഭ്യമാക്കുന്നതിന് ഏജന്റുകൾ വരെയുണ്ടെന്നാണ് ലഭിക്കുന്ന വിവരം.
കഴിഞ്ഞ ഒരു മാസത്തിനിടെ മുക്കം പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്തത് അഞ്ച് കഞ്ചാവ് കേസുകളാണ്. തിരുവമ്പാടി, കുന്ദമംഗലം, താമരശ്ശേരി, കൊടുവള്ളി ഉൾപ്പെടെയുള്ള പോലീസ് സ്റ്റേഷൻ പരിധിയിൽ രജിസ്റ്റർ ചെയ്ത കേസുകൾ വേറെയുമുണ്ട്. എം.ഡി.എം.എ. ഉൾപ്പെടെയുള്ള മയക്കുമരുന്ന് കേസുകൾ ഉൾപ്പെടാതെയുള്ള കണക്കുകളാണിത്. ലഹരി വസ്തുക്കളുമായി പിടിയിലാകുന്നവരിലേറെയും യുവാക്കളാണ്. ദിവസങ്ങൾക്കകം പണക്കാരനാകാം എന്നതാണ് യുവാക്കളെ ഇതിലേക്ക് ആകർഷിക്കുന്നതെന്ന് പോലീസ് പറയുന്നു. അയൽ സംസ്ഥാനങ്ങളിൽനിന്ന് വാങ്ങുന്ന കഞ്ചാവ് പത്തിരട്ടിയിലധികം വിലക്കാണ് ചില്ലറ വിപണിയിൽ വിൽക്കുന്നത്. ഇവയിൽ ചെറിയ ഒരു ഭാഗം മാത്രമേ പിടിക്കപ്പെടുന്നുള്ളൂ.
മറ്റു സംസ്ഥാനങ്ങളിൽനിന്നും കേരളത്തിലേക്ക് കഞ്ചാവ് എത്തിക്കുന്ന കണ്ണിയിലെ പ്രധാനിയാണ് വെള്ളിയാഴ്ച മുക്കത്ത് പിടിയിലായ അഫ്സൽ. ആന്ധ്രാപ്രദേശിൽനിന്നും കേരളത്തിൽ വിപണനത്തിനായി കൊണ്ടുവന്ന 50 കിലോഗ്രാം കഞ്ചാവാണ് ഇയാൾ സഞ്ചരിച്ച കാറിൽനിന്നും കണ്ടെത്തിയത്. ഇയാൾ ഇതിനുമുമ്പും കഞ്ചാവുമായി പിടിയിലായിട്ടുണ്ട്. അഫ്സലിനെയും ധനീഷിനെയും കോടതി റിമാൻഡ് ചെയ്തു. ജൂലായ് 23-ന് രണ്ടു കിലോഗ്രാം കഞ്ചാവുമായി നെല്ലിക്കാപറമ്പ് സ്വദേശി ഫൈസലിനെ മുക്കം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. വെസ്റ്റ് മാമ്പറ്റയിലെ നഗരസഭാ സ്റ്റേഡിയത്തിന് സമീപത്ത് വെച്ചാണ് ഇയാൾ പിടിയിലായത്. കഞ്ചാവ് കേസുമായി ബന്ധപ്പെട്ട് ഇയാൾ നേരത്തെയും പോലീസ് പിടിയിലായിട്ടുണ്ട്. രണ്ടരമാസം മുമ്പ് അരീക്കോട് ഭാഗത്തുനിന്ന് 200 ഗ്രാം കഞ്ചാവുമായി എക്സൈസ് സംഘം ഇയാളെ പിടികൂടിയിരുന്നു. എന്നാൽ അളവ് കുറവായതിനാൽ പെട്ടെന്ന് പുറത്തിറങ്ങി.
ജൂലായ് മാസത്തിൽ തന്നെയാണ് അരീക്കോട് ഊർങ്ങാട്ടിരി സ്വദേശി എരുമ ബഷീർ എന്നറിയപ്പെടുന്ന തിരുത്തിപറമ്പൻ ബഷീർ (45) പോലീസിന്റെ പിടിയിലായത്. ഇയാളിൽനിന്ന് 225 ഗ്രാം കഞ്ചാവും പോലീസ് പിടിച്ചെടുത്തിരുന്നു. കഞ്ചാവ് വിൽപ്പന കേസിൽ നിരവധി തവണ അറസ്റ്റിലാവുകയും ജാമ്യത്തിലിറങ്ങുകയും ചെയ്ത വ്യക്തിയാണ് ബഷീർ. കഴിഞ്ഞ മാർച്ചിൽ മുക്കം എസ്.ഐ. കെ.പി. അഭിലാഷിന്റെ നേതൃത്വത്തിലുള്ള സംഘം ഒന്നരക്കിലോ കഞ്ചാവുമായാണ് കർണാടക ബൈരക്കുപ്പ സ്വദേശി രാജൻ (42) എന്നയാളെ അഗസ്ത്യൻമുഴി പാലത്തിന് സമീപത്ത് വെച്ച് പിടികൂടിയത്. അന്താരാഷ്ട്ര വിപണിയിൽ ഒരു കോടിയിലധികം രൂപ വിലവരുന്ന ബ്രൗൺ ഷുഗറുമായി മധ്യപ്രദേശ് സ്വദേശിയെ മുക്കം പോലീസ് പിടികൂടിയതും ഈ അടുത്ത കാലത്താണ്.
കഞ്ചാവ് ഉൾപ്പെടെയുള്ള ലഹരി വസ്തുക്കളുമായി ബന്ധപ്പെട്ട ശിക്ഷാ നടപടികൾ കാര്യക്ഷമമല്ലെന്ന് ആരോപണമുണ്ട്. കഞ്ചാവ് കേസിൽ പിടിയിലാകുന്നവരിലേറെയും പലതവണ സമാനമായ കേസുകളിൽ പിടിക്കപ്പെട്ടവരോ ജയിൽ ശിക്ഷ അനുഭവിച്ചവരോ ആണ്. ശിക്ഷാ കാലാവധി കഴിഞ്ഞ് പുറത്തിറങ്ങിയാലും ഇവർ ഈ മേഖലയിൽ തന്നെ തിരിച്ചെത്തും. അതുകൊണ്ടുതന്നെ ലഹരി വസ്തുക്കളുമായി ബന്ധപ്പെട്ട കേസിലെ ശിക്ഷാ നടപടികൾ കൂടുതൽ ശക്തമാക്കണമെന്ന് നാട്ടുകാർ പറയുന്നു. കർണാടക കേരള അതിർത്തി ഗ്രാമമായ ബൈരക്കുപ്പ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ലഹരി മാഫിയയാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ കഞ്ചാവെത്തിക്കുന്നതെന്നാണ് നിഗമനം. വിവിധ കേന്ദ്രങ്ങളിൽ ചെറുകിട കച്ചവടക്കാർക്ക് കഞ്ചാവ് എത്തിക്കുന്ന സംഘവും ബൈരക്കുപ്പ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നുണ്ട്. സ്കൂൾ കോളേജ് വിദ്യാർഥികൾക്ക് മയക്കുമരുന്ന് ലഭ്യമാവുന്ന വഴികൾ പോലീസ് നിരീക്ഷിച്ചുവരികയാണെന്ന് കോഴിക്കോട് റൂറൽ എസ്.പി. ജയദേവ് പറഞ്ഞു.
0 Comments