കോഴിക്കോടിനെ മാലിന്യമുക്തമാക്കാന്‍ ഇക്കോസാന്‍ പ്ലാന്റുകള്‍ വരുന്നു



കോഴിക്കോട്: നഗരത്തിലെ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിലച്ചുപോയ ബയോഗ്യാസ് പ്ലാന്റുകള്‍ പ്രവര്‍ത്തനക്ഷമമാക്കാനും കോഴിക്കോടിനെ മാലിന്യമുക്തമാക്കാനുമായി ഇക്കോസാന്‍ പ്ലാന്റുകള്‍ വരുന്നു. സംസ്ഥാന ശുചിത്വ മിഷനും സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ കേരള അഗ്രോ ഇന്‍ഡസ്ട്രീസ് കോര്‍പ്പറേഷനും (കെയ്കോ) ചേര്‍ന്നാണ് പുതിയ പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. പരിപാലനമില്ലാത്തതിനാല്‍ തകരാറിലായ പ്ലാന്റുകള്‍ നവീകരിക്കുക, പരിപാലിക്കുക, ആവശ്യമുള്ള സ്ഥലങ്ങളില്‍ പുതിയ പ്ലാന്റുകള്‍ നിര്‍മിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ഭക്ഷണാവശിഷ്ടങ്ങളും മറ്റും അടങ്ങുന്ന ജൈവ മാലിന്യവും ശുചിമുറി മാലിന്യവും സംസ്കരിക്കാവുന്ന ഇക്കോസാന്‍ പ്ലാന്റുകളാണ് കെയ്കോ പദ്ധതിയിലൂടെ കൊണ്ടുവരുന്നത്.
ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിലുള്ള സീറോ വേസ്റ്റ് കോഴിക്കോടിന്റെ ഭാഗംകൂടിയാണ് ബയോഗ്യാസ് പ്ലാന്റ് പദ്ധതി. സ്വച്ഛ്ഭാരത് മിഷന്റേയും സംസ്ഥാന സര്‍ക്കാറിന്റേയും ഫണ്ട് ഉപയോഗിച്ച്‌ ശുചിത്വ മിഷന്‍ വഴിയാണ് പദ്ധതി നടപ്പാക്കുന്നത്. ഈ മാസം തന്നെ പദ്ധതി ആരംഭിക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. പദ്ധതിയനുസരിച്ച്‌ ജില്ലാ ജയിലിലെ രണ്ട് പ്ലാന്റുകള്‍ പ്രവര്‍ത്തനക്ഷമമാക്കി പരിപാലിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.
കോര്‍പ്പറേഷന് പുറത്ത് മണിയൂര്‍ നവോദയ വിദ്യാലയത്തിലും വടകര ജില്ലാ ആശുപത്രിയിലും പുതിയ പ്ലാന്റുകള്‍ സ്ഥാപിക്കും. ജൈവ മാലിന്യം, ശുചിമുറി മാലിന്യം എന്നിവ സംസ്കരിക്കുമ്ബോള്‍ പുറത്ത് വരുന്ന ജലം കൃഷിക്കായി ഉപയോഗിക്കുന്ന തരത്തിലാണ് പ്ലാന്റുകള്‍ സ്ഥാപിക്കുകയെന്ന് കെയ്കോ അധിക‌ൃതര്‍ അറിയിച്ചു. ഇതിലൂടെ ലഭിക്കുന്ന പാചക വാതകം സ്ഥാപനത്തിന് ഉപയോഗിക്കാനും കഴിയും. ഇതിനോടൊപ്പം ജില്ലയില്‍ 400 ചതുരശ്ര മീറ്ററിലധികമുള്ള സ്ഥാപനങ്ങളുടേയും ദിവസവും 100 കിലോയില്‍ കൂടുതല്‍ മാലിന്യം പുറന്തള്ളുന്നതുമായ സ്ഥാപനങ്ങളുടേയും പട്ടിക തയ്യാറാക്കും. ഈ സ്ഥാപനങ്ങളില്‍ പരിശോധന നടത്തി ഏത് മാര്‍ഗ്ഗത്തിലൂടെയാണ് മാലിന്യം സംസ്കരിക്കുന്നതെന്ന് പരിശോധിക്കുകയും ഇവര്‍ക്ക് യോജിച്ച പ്ലാന്റ് നിര്‍മാണത്തിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കുകയും ചെയ്യും.

പ്രവര്‍ത്തിക്കാതെ കിടക്കുന്ന 55,000 ലിറ്ററിന്റേയും 80,000 ലിറ്ററിന്റേയും പ്ലാന്റുകളാണ് നവീകരിക്കുക. ഹോമിയോ കോളേജിലെ 60,000 ലിറ്റര്‍, കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ 15,000 ലിറ്റര്‍, വെള്ളിമാട്കുന്ന് ജുവനൈല്‍ ഹോമിലെ 15,000 ലിറ്റര്‍ പ്ലാന്റ് എന്നിവയും നവീകരിച്ച്‌ പ്രവര്‍ത്തനക്ഷമമാക്കും. മെഡിക്കല്‍ കോളേജ് കാമ്ബസിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ഇന്‍ ഗവേണന്‍സ്, ബീച്ച്‌ ആശുപത്രിയോട് ചേര്‍ന്നുള്ള സ്കൂള്‍ ഓഫ് നഴ്സിംഗ്, കോട്ടപ്പറമ്ബ് ആശുപത്രി, വെസ്റ്റ്ഹില്‍ യൂത്ത് ഹോസ്റ്റല്‍ എന്നിവിടങ്ങളില്‍ പുതിയ പ്ലാന്റുകള്‍ സ്ഥാപിക്കാനും പദ്ധതിയുണ്ട്.

Post a Comment

0 Comments