പ്രളയദുരിതം വിലയിരുത്താൻ പ്രധാനമന്ത്രി ഇന്ന് കേരളത്തിലെത്തും


ന്യൂഡൽഹി: കനത്ത മഴയെത്തുടർന്നുണ്ടായ പ്രളയവും ഉരുൾപൊട്ടലും ദുരിതം വിതച്ച കേരളത്തിലെ സ്ഥിതിഗതികൾ വിലയിരുത്താൻ പ്രധാനമന്ത്രി വെള്ളിയാഴ്‌ച കേരളത്തിലെത്തും. മുൻ പ്രധാനമന്ത്രി വാജ്‌പേയിയുടെ സംസ്‌ക്കാര ചടങ്ങുകൾ കഴിഞ്ഞതിന് ശേഷം വെള്ളിയാഴ്‌ച വൈകുന്നേരത്തോടെ അദ്ദേഹം കൊച്ചിയിലെത്തും. നാളെ കൊച്ചിയിൽ തങ്ങുന്ന അദ്ദേഹം ശനിയാഴ്‌ച പ്രളയ ബാധിത പ്രദേശങ്ങളിൽ ആകാശ നിരീക്ഷണം നടത്തുമെന്നും കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനം അറിയിച്ചു. അതിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയനുമായും ചർച്ച നടത്തും. സംസ്ഥാന സർക്കാർ ആവശ്യപ്പെടുന്ന സ്ഥലത്താകും അദ്ദേഹം ആകാശ നിരീക്ഷണം നടത്തുകയെന്നും അദ്ദേഹം അറിയിച്ചു.

അതേസമയം, ദുരിതാശ്വാസ പ്രവർത്തനങ്ങൾ തൃപ്‌തികരമാണോ എന്ന ചോദ്യത്തിന് ഇപ്പോൾ പ്രസക്തിയില്ലെന്നും അദ്ദേഹം പറ‌ഞ്ഞു. നിലവിൽ എല്ലാവരെയും സുരക്ഷിതരാക്കുകയെന്നതാണ് അത്യാവശ്യം. അതിനാൽ തന്നെ ആരെയും കുറ്റം പറയാനില്ല. കേന്ദ്ര - സംസ്ഥാന സർക്കാരുകൾ ഒരുമിച്ച് നിന്ന് പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ നിലവിലെ സ്ഥിതി അതീവ ഗുരുതരമാണ്. നൂറുവർഷങ്ങൾക്കിടെ ഇങ്ങനെയൊരു മഴ കേരളത്തിൽ പെയ്‌തിട്ടില്ല. ദുരിതത്തെ നേരിടാൻ കേരളത്തിന് ആവശ്യമായ പിന്തുണ കേന്ദ്രസർക്കാർ നൽകും. കേരളത്തിന് വേണ്ട കാര്യങ്ങൾ ചീഫ് സെക്രട്ടറി ആവശ്യപ്പെട്ടത് അനുസരിച്ച് കേന്ദ്രസർക്കാർ നൽകിയിട്ടുണ്ട്. നിലവിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കുള്ള 400 കോടിയുടെ ഫണ്ട് കേരളത്തിലുണ്ട്. എന്നാൽ ദീർഘകാല അടിസ്ഥാനത്തിലുള്ള പദ്ധതികൾ കേന്ദ്രം പിന്നീട് ആവിഷ്‌ക്കരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

വിവിധ സ്ഥലങ്ങൾ വെള്ളത്തിലായതോടെ ഒറ്റപ്പെട്ടു കിടക്കുന്നവരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. സൈന്യവും ദേശീയ ദുരന്തനിവാരണ സേനയും അഗ്നിശമനസേനയും പൊലീസും നാട്ടുകാരും രക്ഷാപ്രവർത്തനത്തിൽ പങ്കെടുക്കുന്നു. ശനിയാഴ്ച രാവിലെ മുതൽ കൂടുതൽ ഹെലികോപ്റ്ററുകൾ എത്തിച്ച് രക്ഷാപ്രവർത്തനം ഊർജിതമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.


Post a Comment

0 Comments