പ്രളയം കോഴിക്കോട് ജില്ലയെ ഒറ്റപ്പെടുത്തി; ദുരിതമൊഴിയാതെ മലയോരം


കോഴിക്കോട്: ശക്തമായ മഴയും ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും ജില്ലയെ അക്ഷരാര്‍ഥത്തില്‍ ഒറ്റപ്പെടുത്തി. മലയോരത്തിന് പുറമെ ദുരിതം നഗരപ്രദേശത്തേക്ക് കൂടി വ്യാപിച്ചതോടെ കോഴിക്കോട് ജില്ല വ്യാഴാഴ്ച സാക്ഷ്യം വഹിച്ചത് വലിയ ദുരിതത്തിനും വെള്ളപ്പൊക്കത്തിനുമാണ്. മരണം ഇതുവരെ ആറായി.

മണ്ണിടിച്ചിലിലും ഉരുള്‍പൊട്ടലിലും പെട്ട്  നാല് കുട്ടികള്‍ അടക്കം അഞ്ച് പോരാണ് മരിച്ചത്. കൂമ്പാറകല്‍പ്പിനിയില്‍ വീടിന് മുകളില്‍ മണ്ണിടിഞ്ഞ് വീണാണ് ഒരു കുട്ടിയടക്കം രണ്ട് പേര്‍ മരിച്ചത്. മൂന്ന് പേരെ രക്ഷപ്പെടുത്തി. ഊര്‍ക്കടവില്‍ വീടിന് മുകളില്‍ മണ്ണിടിഞ്ഞ് വീണ് രണ്ട് പിഞ്ചുകുട്ടികളാണ് മരിച്ചത്.

മലപ്പുറം വാഴക്കാട് കാരയില്‍ ഷുക്കൂറിന്റെ മകള്‍ ഫാത്തിമ ഇഷാമ (അഞ്ച്) കൊടുവള്ളി കരുവംപൊയില്‍  മുഹമ്മദ് സമ്മാന്റെ മകള്‍ ഫാത്തിമ തന്‍ഹ, കൂടരഞ്ഞി കൂമ്പാറയില്‍ പ്രകാശന്‍, പ്രവീണ്‍,  ശിവപുരത്ത് തോട്ടില്‍ വീണ് ഒഴുക്കില്‍ പെട്ട് കാണാതായ ഈയാട് ചേലത്തൂര്‍ മുഹമ്മദലിയുടെ മകന്‍ മുഹമ്മദ് യാസിന്‍, വേങ്ങേരിക്കാട് ബൈജു എന്നിവരാണ് വ്യാഴാഴ്ച മരിച്ചത്. തോട്ടില്‍ വീണ യാസിന്റെ മൃതദേഹം രാവിലെ നടത്തിയ തിരച്ചിലിലാണ് കിട്ടിയത്.



മുക്കം,  താമരശ്ശേരി, കാരശ്ശേരി, കൊടിയത്തൂര്‍ ഭാഗങ്ങളെല്ലാം പൂര്‍ണമായും ഒറ്റപ്പെട്ടു. മലയോരത്ത് മഴ കനത്തതും കക്കയം ഡാമിന്റെ ഷട്ടറുകള്‍ തുറന്നതുമാണ് വലിയ ദുരിതത്തിന് കാരണമായത്. ജില്ലയില്‍ കെ.എസ്.ആര്‍.ടി.സി  മിക്ക സര്‍വീസുകളും വെട്ടിക്കുറച്ചു. സ്വകാര്യ ബസുകളും പലതും ഓടുന്നില്ല. താമരശ്ശേരി, കാരശ്ശേരി, മുക്കം, മാവൂര്‍, നാദാപുരം വിലങ്ങാട്, കൂരാച്ചുണ്ട്, തൊട്ടില്‍പ്പാലം,  കുറ്റ്യാടി ഭാഗങ്ങളെല്ലാം വെള്ളത്തിലാണ്.   പൂനൂര്‍പുഴയും കുറ്റ്യാടിപുഴയും തൊട്ടില്‍പ്പാലം പുഴയും വാണിമേല്‍പുഴയും കരകവിഞ്ഞൊഴുകിയത് വലിയ  വെള്ളപ്പൊക്കത്തിന് കാരണമായി. കക്കയം ഡാമുകളുടെ വൃഷ്ടിപ്രദേശത്ത് ഇപ്പോഴും മഴ തുടരുകയാണ്. ഷട്ടറുകള്‍ ഇനിയും ഉയര്‍ത്താന്‍ സാധ്യതയുണ്ടെന്നാണ് ഡാം അധികൃതര്‍ നല്‍കുന്ന മുന്നറിയിപ്പ്. മലയോരത്തിന് പുറമെ നഗരത്തിന്റെ പലഭാഗങ്ങളിലും വലിയ വെള്ളക്കെട്ടാണ് അനുഭവപ്പെടുന്നത്.

മൊഫ്യൂസല്‍ ബസ് സ്റ്റാന്‍ഡ് പരിസരം, സ്‌റ്റേഡിയം ജംഗ്ഷന്‍, എരഞ്ഞിപ്പാലം ബൈപ്പാസ്, ഗാന്ധിറോഡ് എന്നിവിടങ്ങളെല്ലാം വെള്ളത്തിലാണ്. കനത്ത മഴയില്‍ കനോലി കനാല്‍ നിറഞ്ഞൊഴുകി  വെള്ളം സരോവരം ബയോപാര്‍ക്കിലേക്ക് കയറി. അഴകൊടി പരിസരവും വെള്ളത്തിലാണ്. പലയിടങ്ങളിലും പെട്ടുപോയവരെ ജില്ലാഭരണകൂടത്തിന്റെ നിര്‍ദേശപ്രകാരം വിവിധയിടങ്ങളില്‍ നിന്ന് ബോട്ടുകള്‍ എത്തിച്ചാണ് പുറത്തെത്തിച്ചത്.

നിലവില്‍ ജില്ലയില്‍ 126 ദുരിതാശ്വാസ ക്യാമ്പുകളിലായി 2751 കുടുംബങ്ങളില്‍ പെട്ട 8788 പേര്‍ താമസിക്കുന്നുണ്ട്. ശക്തമായ മഴ തുടരുന്നതിനാല്‍ നാളെ പ്രൊഫഷണല്‍ കോളേജ് ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കളക്ടര്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടുപോയവര്‍ക്ക് ബന്ധപ്പെടാന്‍ 1077 എന്ന കണ്‍ട്രോള്‍ റൂം നമ്പറും ആരംഭിച്ചിട്ടുണ്ട്. വെള്ളപ്പൊക്കം കനത്തതോടെ കൂടുതല്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ ആരംഭിക്കാനുള്ള ശ്രമത്തിലാണ് ജില്ലാ ഭരണകൂടം.

Post a Comment

0 Comments