കരിപ്പൂരിൽ നിന്ന് വലിയ വിമാനങ്ങളുടെ സർവ്വീസ്: മൂന്ന് തരം വിമാനങ്ങൾ പരിഗണനയിലെന്ന് എയർ ഇന്ത്യാസംഘംകോഴിക്കോട്:കോഴിക്കോട് വിമാനത്താവളത്തിന് പ്രതീക്ഷയേകി വലിയ വിമാനങ്ങളുടെ സർവീസ് സാധ്യത പരിശോധിക്കാനെത്തിയ എയർ ഇന്ത്യാസംഘം മടങ്ങി. ക്യാപ്റ്റൻ രൺഥാവെയുടെ നേതൃത്വത്തിലുള്ള അഞ്ചംഗസംഘം ചൊവ്വാഴ്ച രാവിലെയാണ് കരിപ്പൂരിൽനിന്ന് തിരിച്ചുപോയത്. കോഴിക്കോട്ടുനിന്ന് ജിദ്ദയിലേക്കും മദീനയിലേക്കും നേരിട്ട് പറക്കാനാവുന്ന വിമാനങ്ങളുടെ സർവീസിനുള്ള സാധ്യതകളാണ് സംഘം പരിശോധിച്ചത്. 400-450 പേർക്ക് സഞ്ചരിക്കാവുന്ന ബോയിങ് 747, 350- 400 പേർക്ക് സഞ്ചരിക്കാവുന്ന 777, 250- നും 300-നും ഇടയിൽ യാത്രക്കാരെ വഹിക്കുന്ന 787-8 ഇനത്തിൽപ്പെട്ട വിമാനങ്ങളാണ് എയർ ഇന്ത്യയുടെ പരിഗണനയിലുള്ളത്.ഇത്തരം വിമാനങ്ങൾ കരിപ്പൂരിൽനിന്ന് സർവീസ് നടത്തുമ്പോൾ ഒരുക്കേണ്ട സജ്ജീകരണങ്ങളും തയ്യാറെടുപ്പുകളും സംബന്ധിച്ച് സംഘം വിമാനത്താവള അധികൃതരുമായി ചർച്ച നടത്തി. പാർക്കിങ് ബേയിലെ മാർക്കിങ് മാറ്റുക, വലിയ വിമാനത്തിനുസരിച്ചുള്ള പുഷ്ബാക്ക് ട്രാക്ടർ, ഫയർ കാറ്റഗറി വർധിപ്പിക്കുക തുടങ്ങിയ നിർദേശങ്ങളാണ് സംഘം മുന്നോട്ടുവച്ചത്. വലിയവിമാനങ്ങളുടെ സർവീസ് നിർത്തിയതോടെ കരിപ്പൂരിൽ ഒഴിവാക്കിയതാണ് സംഘം നിർദേശിച്ച സജ്ജീകരണങ്ങൾ. ചെറിയ വിമാനങ്ങളിലെ പൈലറ്റുമാർക്ക് ആശയക്കുഴപ്പമുണ്ടാകുമെന്നതിനാൽ ഡി.ജി.സി.എയുടെ നിർദേശപ്രകാരമാണ് നേരെത്തെയുണ്ടായിരുന്ന മാർക്കറ്റിങ് മായിച്ചത്. ഫയർ കാറ്റഗറി എട്ടിൽനിന്ന് ഒമ്പത് ആക്കണമെന്നാണ് നിർദേശിച്ചത്. വിമാനം ഇറങ്ങുകയും പുറപ്പെടുകയും ചെയ്യുമ്പോൾ അഗ്നിരക്ഷാസേനയുടെ ഇപ്പോഴത്തെ സജ്ജീകരണത്തിന് പുറമെ ഒരു ആംബുലൻസ് മാത്രമാണ് കാറ്റഗറി ഒമ്പതിൽ ഏർപ്പെടുത്താനുള്ളത്. എയർ ഇന്ത്യാ സംഘം നൽകിയ നിർദേശങ്ങൾ വളരെയെളുപ്പത്തിൽ കരിപ്പൂരിൽ സജ്ജമാക്കാവുന്നതാണെന്ന് വിമാനത്താവള അധികൃതർ പറഞ്ഞു.

Post a Comment

0 Comments