കരിപ്പൂർ വിമാനത്താവളം:സൗദി എയർലൈൻസ് സർവീസ് പ്രഖ്യാപനം ഒരാഴ്ചക്കകം



കോഴിക്കോട്: കരിപ്പൂരിൽ നിന്നുളള സൗദി എയർലൈൻസിന്റെ ജിദ്ദ, റിയാദ് സെക്ടറുകളിലേക്കുളള വലിയ വിമാന സർവീസ് പ്രഖ്യാപനം ഒരാഴ്ചക്കുളളിൽ. കരിപ്പൂരിൽ നിന്ന് വലിയ വിമാനങ്ങൾക്ക് അനുമതി നൽകിയതിന് ശേഷമുളള ആദ്യ വലിയ വിമാന സർവീസുകളാണ് സൗദി എയർലൈൻസ് നടത്താനൊരുങ്ങുന്നത്. ഡി.ജി.സി.എയുടെ അനുമതി ലഭിച്ചെങ്കിലും സമയ സ്ലോട്ട് അംഗീകരിച്ചുളള വ്യോമയാന മന്ത്രാലയത്തിന്റെ അനുമതിക്കായി കാത്തിരിക്കുകയാണ്. അടുത്ത മാസം ആദ്യത്തിൽ സർവ്വീസ് പ്രഖ്യാപനമുണ്ടാകും. ഇതോടെ വിമാന ടിക്കറ്റ് ബുക്കിംഗും ആരംഭിക്കും.


ആദ്യഘട്ടത്തിൽ ആഴ്ചയിൽ ഏഴ് സർവീസുകളാണ് കരിപ്പൂരിൽനിന്ന് സൗദി എയർൈലൻസ് നടത്തുക. ഇതിൽ അഞ്ച് സർവീസുകൾ ജിദ്ദയിലേക്കും രണ്ട് സർവീസുകൾ റിയാദിലേക്കുമായിരിക്കും. സൗദി എയർലൈൻസിന്റെ ബോയിങ് 77-200, എയർബസ് 330-300 ഇനത്തിൽ പെട്ട വിമാനങ്ങളാണ് സർവീസിനെത്തുക. പകൽ സമയത്താണ് വിമാനങ്ങളുടെ സർവീസ് ക്രമീകരിച്ചിരിക്കുന്നത്. ആദ്യത്തെ ആറ് മാസം സർവീസുകൾ പകലിൽ നടത്തണമെന്ന് ഡി.ജി.സി.എ നിർദേശിച്ചിട്ടുണ്ട്. വ്യോമയാന മന്ത്രാലയത്തിന്റെ അനുമതിയോടെ ഔദ്യോഗിക പ്രഖ്യാപനത്തിന് ശേഷമാണ് വിമാന ടിക്കറ്റ് ബുക്കിംഗ് തുടങ്ങുക. ഇതോടെ അടുത്തമാസം ആദ്യത്തോടെ സർവീസ് ആരംഭിക്കാനാകും.



വിമാനത്താവളത്തിലെ ഗ്രൗണ്ട് ഹാന്റ്‌ലിംഗ് നടപടികൾ ഔദ്യോഗിക പ്രഖ്യാപനത്തിന് ശേഷമാണ് തീരുമാനിക്കുക. കരിപ്പൂരിൽ നിലവിൽ ഹാന്റ്‌ലിംഗ് നടത്തുന്ന കമ്പനിയുമായി ആലോചനകൾ നടക്കുന്നുണ്ട്. എന്നാൽ അന്തിമമായി തീരുമാനിച്ചിട്ടില്ല.  2015 വരെ സൗദിയയുടെ ഗ്രൗണ്ട് ഹാന്റ്‌ലിംഗ് നടത്തിയ കമ്പനി നിലവിൽ കരിപ്പൂരിലില്ല. കരിപ്പൂരിൽ 2015 ഏപ്രിൽ 30ന് റൺവേ റീ-കാർപ്പറ്റിംഗിന്റെ പേരിൽ നിർത്തലാക്കിയ വലിയ വിമാനങ്ങൾക്ക് മൂന്ന് വർഷത്തിന് ശേഷമാണ് വ്യോമയാന മന്ത്രാലയം അനുമതി നൽകുന്നത്. മലബാറിലെ 11.5 ലക്ഷം സൗദി യാത്രക്കാരുടെയും ഉംറ, ഹജ് തീർത്ഥാടകരുടേയും പ്രതീക്ഷയായിരുന്നു കരിപ്പൂർ-ജിദ്ദ മേഖലയിലേക്കുളള സർവ്വീസുകൾ.

സൗദി സെക്ടറിൽ റിയാദിലേക്കും ദമാമിലേക്കും നിലവിൽ എയർഇന്ത്യ എക്‌സ് പ്രസിന്റെ സർവ്വീസുകളുണ്ട്. എന്നാൽ ചെറിയ വിമാനങ്ങൾക്ക് ഇടത്താവളമില്ലാതെ നേരിട്ട് പറക്കാൻ കഴിയാത്തതിനാൽ ജിദ്ദ സർവ്വീസ് പൂർണ്ണമായും നിലക്കുകയായിരുന്നു. വലിയ വിമാനങ്ങൾ നിർത്തിയതോടെ ജിദ്ദയിലേക്കുളള 70 ശതമാനം യാത്രക്കാരും കൊച്ചി വിമാനത്താവളത്തെയാണ് ആശ്രയിക്കുന്നത്. കരിപ്പൂരിൽ നിന്ന് എയർ ഇന്ത്യയും ജിദ്ദയിലേക്ക് സർവീസ് നടത്താൻ സുരക്ഷ പരിശോധന പൂർത്തിയാക്കി ഡി.ജി.സി.എയുടെ അനുമതിക്കായി കാത്തിരിക്കുകയാണ്. എയർ ഇന്ത്യ 2002 മുതലും സൗദി എയർലെൻസ് 2009 മുതലാണ് കരിപ്പൂരിൽ ജിദ്ദ, റിയാദ് മേഖലയിലേക്ക് സർവ്വീസ് തുടങ്ങിയത്.

Post a Comment

0 Comments