ലണ്ടൻ∙ ഇംഗ്ലണ്ടിലെ ഇന്ത്യയുടെ ടെസ്റ്റ് വിജയം പ്രളയക്കെടുതിയില്‍ വലയുന്ന കേരളത്തിനു സമർപ്പിച്ച് ഇന്ത്യൻ നായകൻ വിരാട് കോഹ്‍ലി. കേരളത്തിൽ വീടുകളിലേക്കു മടങ്ങുന്ന പ്രളയബാധിതർക്കാണ് ഈ ജയം സമർപ്പിക്കുന്നത്. കേരളത്തിലെ കാര്യങ്ങൾ കഷ്ടമാണ്. ക്രിക്കറ്റ് ടീമെന്ന നിലയ്ക്കു ഞങ്ങൾക്കു ചെയ്യാൻ സാധിക്കുന്ന ചെറിയ കാര്യമാണിത്– കോഹ്‍ലി ഇംഗ്ലണ്ടിൽ പറഞ്ഞു. നിറഞ്ഞ കയ്യടിയോടെയാണ് ഗാലറി വിരാട് കോഹ്‍ലിയുടെ പ്രസ്താവനയെ സ്വീകരിച്ചത്.
203 റൺസിനാണ് ട്രെൻബ്രിജിൽ നടന്ന മൂന്നാം ടെസറ്റ് മൽസരത്തിൽ ഇന്ത്യ ജയിച്ചത്. മൽസരത്തിന്റെ ആദ്യ ഇന്നിങ്സിൽ അർധസെഞ്ചുറിയും രണ്ടാം ഇന്നിങ്സിൽ സെഞ്ചുറിയും സ്വന്തമാക്കിയ കോഹ്‍ലിയാണു മൽസരത്തിലെ പ്ലേയർ ഓഫ് ദി മാച്ചും. ജയത്തോടെ അഞ്ചു മൽസരങ്ങളടങ്ങുന്ന പരമ്പര 2–1 എന്ന നിലയിലായി. മൽസരത്തിൽ ആദ്യ ഇന്നിങ്സിൽ ഹാർദിക് പാണ്ഡ്യയും രണ്ടാം ഇന്നിങ്സിൽ ജസ്പ്രീത് ബുംമ്രയും ഇന്ത്യയ്ക്കു വേണ്ടി അഞ്ച് വിക്കറ്റ് പ്രകടനവും നടത്തി. ആദ്യ രണ്ടു മൽസരങ്ങളിലും ജയം ഇംഗ്ലണ്ടിനായിരുന്നു.#TeamIndia Skipper @imVkohli on behalf of the entire team dedicates the Trent Bridge victory to Kerala flood victims. pic.twitter.com/SphO1U5DP8— BCCI (@BCCI) August 22, 2018
കേരളത്തിനു വേണ്ടി ട്വിറ്ററിലും കോഹ്‍ലി നിലപാട് വ്യക്തമാക്കിയിരുന്നു. കേരളത്തിലെ എല്ലാവരും സുരക്ഷിതരായിരിക്കുക. എത്രയും പെട്ടെന്ന് സാഹചര്യങ്ങൾ മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത്തരമൊരു ദുരവസ്ഥയിൽ പിന്തുണയ്ക്കാനെത്തിയ സൈന്യത്തിനും എൻഡിആര്‍എഫിനും നന്ദി പറയുന്നു. ശക്തരായും സുരക്ഷിതരായും നിൽക്കുക– ഓഗസ്റ്റ് 17ന് കോഹ്‍ലി സമൂഹമാധ്യമത്തിൽ കുറിച്ചു.
0 Comments