കോഴിക്കോടിന്റെ സ്നേഹസമ്മാനം: 15-മത്തെ ലോറി ഇന്ന് ആലപ്പുഴയിലെത്തുംകോഴിക്കോട്: വെള്ളപ്പൊക്ക ദുരിതമനുഭവിക്കുന്ന ആലപ്പുഴ, കോട്ടയം ജില്ലയിലുള്ളവരെ സഹായിക്കുന്നതിനായി ജില്ല ഭരണകൂടത്തിന്റെ കോഴിക്കോടൻ സ്നേഹ സമ്മാനം വഴി നൽകുന്ന സാധനങ്ങളുമായുള്ള 15-മത്തെ ലോറി ഇന്നലെ യാത്ര തിരിച്ചു. ലോറി ഇന്ന് ആലപ്പുഴയിലെത്തും. ഇതുവരെ കയറ്റി അയച്ചത് ടൺ കണക്കിൻ ഭക്ഷ്യസാധനങ്ങളും മറ്റുമാണ്.

കോഴിക്കോടൻ സ്നേഹ സമ്മാനത്തെകുറിച്ച് കലക്ടറുടെ വാക്കുകൾ

"കോഴിക്കോടിന്റെ സ്നേഹ സമ്മാനങ്ങളുമായി 15- മത്തെ ലോറി ഇന്ന് ആലപ്പുഴയിലെത്തും. ഈ ഒരു സംരംഭം തുടങ്ങിയപ്പോൾ പലരും എന്നോട് ചോദിച്ചിട്ടുണ്ട്  എന്തിനാണ് മറ്റൊരു ജില്ലയുടെ കാര്യത്തിൽ നമ്മളിങ്ങനെ ഇടപെടുന്നത്, അതിന് വേണ്ട പിന്തുണ കിട്ടുമോ, അത് അവർക്ക് ഇഷ്ടമാകുമോ എന്നൊക്കെ.  കോഴിക്കോടൻ ജനതയുടെ  ആത്മാർത്ഥമായ സ്നേഹവും നന്മയും സഹായ മനോഭാവവും കഴിഞ്ഞ ഒരു വർഷമായി അടുത്ത് അനുഭവിച്ചറിയുന്ന ഞാൻ ഇത്തരം ചോദ്യങ്ങൾക്ക് മറുപടി നൽകിയില്ല. ഉത്തരം കഴിഞ്ഞ 10 ദിനങ്ങളിലായി കോഴിക്കോടൻ ജനത അവരുടെ സ്നേഹ സമ്മാനങ്ങളിലൂടെ നൽകി.   ഇതോടൊപ്പം എടുത്ത് പറയേണ്ട ഒന്നാണ്  ആലപ്പുഴയിലേയും കോട്ടയത്തിലേയും ജില്ലാ കലക്ടർമാരുടെ സഹകരണം. ഇത്തരമൊരാശയും മുന്നോട്ട് വെച്ചപ്പോൾ അവർ ഇരുകൈകളും നീട്ടി ഈ ഉദ്യമത്തെ സ്വാഗതം ചെയ്തു. അത് കാര്യങ്ങൾ എളുപ്പമാക്കി. കഴിഞ്ഞ ദിവസങ്ങളിലായി കോട്ടയത്ത് നിന്നും ആലപ്പുഴയിൽ നിന്നുമായി ഒത്തിരി പേരാണ് എന്നെ നേരിട്ട് വിളിച്ചും സന്ദേശമായും കോഴിക്കോട്ടുകാരുടെ  സ്നേഹത്തിന് നന്ദി അറിയിച്ചത്.

ഒട്ടനവധി നന്മ മരങ്ങൾ നമുക്ക് മാതൃകയായി. സഹായം നൽകുന്ന കാര്യം അറിഞ്ഞപ്പോൾ വീട്ടിലുള്ളതൊക്കെയെടുത്ത് നൽകിയ ഫാത്തിമ, താൻ വളരെക്കാലമായി കരുതി വെച്ച നാണയത്തുട്ടുകൾ എടുത്ത് നൽകിയ അവരുടെ  വളർത്തുമകൻ, നിസ്വാർത്ഥ സേവനം നൽകിയ ചുമട്ടു തൊഴിലാളികൾ കൂടെ സഹായങ്ങൾ വാരിക്കോരി നൽകിയ  വാണിജ്യ വ്യവസായ പ്രമുഖർ, നമ്മുടെ വിദ്യാർത്ഥികൾ, സന്നദ്ധ സംഘടനകൾ, നല്ലവരായ നാട്ടുകാർ എന്നിങ്ങനെ ഒട്ടനവധിപേർ കൈകോർത്തപ്പോൾ 10 ടൺ അരി 10 ടൺ ഗോതമ്പ് ഉൾപ്പെടെ നമുക്ക് നൽകാനായത് നിരവധി സാധനങ്ങളാണ് കുടാതെ വിലമതിക്കാനാവാത്ത സ്നേഹവും. പരസ്പര സ്നേഹത്തിന്റെയും  സഹകരണത്തിനേറെയും കൂട്ടായ്മയുടെയും  നല്ലൊരു മാതൃക  മുന്നോട്ട് വെക്കാനായതിൽ നമുക്കേവർക്കും അഭിമാനിക്കാം. ഈ വിജയം  തുടർന്നും ഇത്തരം  സംരംഭങ്ങൾ ഏറ്റെടുത്ത് നടത്താൻ നമുക്കും മറ്റുള്ളവർക്കും ഊർജ്ജമേകുമെന്ന കാര്യത്തിൽ സംശയമില്ല."


Post a Comment

0 Comments