തിരുവമ്പാടി കെ.എസ്.ആർ.ടി.സി ഡിപ്പോ ഗതാഗത മന്ത്രി എ.കെ ശശീന്ദ്രൻ സന്ദർശനം നടത്തുന്നു. |
കോഴിക്കോട്: രണ്ടുതവണ വെള്ളപ്പൊക്കത്തിൽ മുങ്ങിയ കെഎസ്ആർടിസി തിരുവമ്പാടി ഡിപ്പോയുടെ ഗാരേജിലും സമീപ പ്രദേശങ്ങളിലും ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രൻ സന്ദർശനം നടത്തി. ദുരിതമനുഭവിക്കുന്ന ജീവനക്കാരോട് സ്ഥലസൗകര്യങ്ങളെക്കുറിച്ചും ഡിപ്പോയുടെ നിർമാണത്തെക്കുറിച്ചും ചോദിച്ചറിഞ്ഞു.
തിരുവമ്പാടി കറ്റ്യാട് ഭാഗത്ത് കെഎസ്ആർടിസി ഡിപ്പോക്കായി 1.75 ഏക്കർ സ്ഥലം വാങ്ങിയിട്ട് ഏഴ് വർഷം പിന്നിട്ടു. ഗാരേജിന്റെ നിർമ്മാണത്തിന് മൂന്ന് കോടി രൂപ ജോർജ് എം. തോമസ് എംഎൽഎ പ്രാദേശിക വികസ ഫണ്ടിൽ നിന്ന് അനുവദിച്ചിട്ടുമുണ്ട്. എന്നിട്ടും പ്രവൃത്തി തുടങ്ങാനാവശ്യമായ ഒരു നീക്കവും നടക്കുന്നില്ല. സ്വകാര്യ വ്യക്തിയുടെ സ്ഥലത്തെ താത്കാലിക ഗാരേജ് വെള്ളത്തിൽ മുങ്ങിയതോടെ ബസ് സർവീസ് മുടങ്ങുന്ന സാഹചര്യവുമുണ്ടായി. എംഎൽഎ ജോർജ് എം തോമസ്, പഞ്ചായത്ത് പ്രസിഡന്റ് പി.ടി. അഗസത്യൻ ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ മുക്കം മുഹമ്മത്, ഗ്രാമ പഞ്ചായത്തംഗങ്ങൾ കെഎസ്ആർടിസി ദ്യോഗസ്ഥരായ ഷാജു ലോറൻസ്, നിഷിൽ, തിരുവമ്പാടി ഐ.സി. സത്യൻ ,ജലീൽ തൊഴിലാളി പ്രതിനിധികൾ തുടങ്ങിയവർ ഉണ്ടായിരുന്നു. ഈ മാസം തന്നെ പുതിയ ഡിപ്പോയുടെ നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കുമെന്ന് എംഎൽഎ തൊഴിലാളികൾക്ക് ഉറപ്പ് നൽകി.
ഉരുൾപൊട്ടലിനെത്തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ നാശനഷ്ടം സംഭവിച്ച കാരശേരി പഞ്ചായത്തിലെ വിവിധ ഭാഗങ്ങൾ, മുക്കം നഗരസഭയിലെ തോട്ടത്തിൻ കടവ് എന്നിവിടങ്ങൾ മന്ത്രി എ.കെ. ശശീന്ദ്രൻ സന്ദർശിച്ചു. ദുരന്തമേഖലയിൽ മുതിർന്ന ഉദ്യോഗസ്ഥർ നേരിട്ട് എത്തി നാശനഷ്ടങ്ങൾ കണക്കാക്കുകയാണെന്ന് മന്ത്രി പറഞ്ഞു. നാളെ നടക്കുന്ന മന്ത്രിസഭാ യോഗം സ്ഥിതിഗതികൾ വിലയിരുത്തും. ഇരുവഞ്ഞിപ്പുഴയുടെ തീരം ഇടിഞ്ഞ് അപകടഭീഷണിയിൽ ആയ നടുവിലേടത്ത് അബ്ബാസിന്റെ വീടും മന്ത്രി സന്ദർശിച്ചു. ജോർജ് എം. തോമസ് എംഎൽഎ, ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ മുക്കം മുഹമ്മദ്, കാരശേരി ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അബ്ദുള്ള കുമാരനല്ലൂർ തുടങ്ങിയവർ മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.
0 Comments