കരിപ്പൂരില്‍ വലിയ വിമാനങ്ങളുടെ സര്‍വീസ് പുനരാരംഭിക്കാന്‍ വ്യോമയാനമന്ത്രിയുടെ നിര്‍ദേശം  • എം.കെ രാഘവന്‍ എംപിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് മന്ത്രി സുരേഷ് പ്രഭു ഇക്കാര്യം അറിയിച്ചത്.


കോഴിക്കോട്:കരിപ്പൂര്‍ വിമാനത്താവളത്തില്‍ വലിയ വിമാനങ്ങളുടെ സര്‍വീസ് പുനരാരംഭിക്കാന്‍ വ്യോമയാനമന്ത്രി നിര്‍ദേശം നല്‍കി. എം.കെ രാഘവന്‍ എംപിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് മന്ത്രി സുരേഷ് പ്രഭു ഇക്കാര്യം അറിയിച്ചത്. ഡിജിസിഎ, എയര്‍പോര്‍ട്ട് അതോറിറ്റി എന്നിവയ്ക്കാണ് വ്യോമയാനമന്ത്രി നിര്‍ദേശം നല്‍കിയത്.

കരിപ്പൂരില്‍ വലിയ വിമാനങ്ങളുടെ സര്‍വീസ് പുനരാരംഭിക്കാത്തതില്‍ പ്രതിഷേധിച്ച് നാളെ മുതല്‍ വിമാനത്താവളത്തിനുള്ളില്‍ സമരം നടത്തുമെന്ന് എം.കെ രാഘവന്‍ എം.പി പ്രഖ്യാപിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് കേന്ദ്ര വ്യോമയാനമന്ത്രി സുരേഷ് പ്രഭുവിന്‍റെ ചേംബറില്‍ വെച്ച് എം കെ രാഘവന്‍ എംപി കൂടിക്കാഴ്ച നടത്തിയത്. ഇതിലാണ് വലിയ വിമാനങ്ങളുടെ സര്‍വീസിന് അനുമതി നല്‍കാന്‍ എയര്‍പോര്‍ട്ട് അതോറിറ്റിക്കും ഡിജിസിഎയ്ക്കും നിര്‍ദേശം നല്‍കിയതായി മന്ത്രി അറിയിച്ചത്.

ഡിജിസിഎയുടെ ചില നടപടി ക്രമങ്ങള്‍ മാത്രമാണ് ഇനി പൂര്‍ത്തിയാകാനുള്ളതെന്നും സുരേഷ് പ്രഭു വ്യക്തമാക്കിയതായി എം കെ രാഘവന്‍ എംപി മീഡിയ വണിനെ അറിച്ചു. ഈ സാഹചര്യത്തില്‍ നാളെ മുതല്‍ നടത്താനിരുന്ന അനിശ്ചിതകാല സമരത്തില്‍ നിന്നും എം. കെ രാഘവന്‍ എംപി പിന്‍മാറി. എം.ഐ ഷാനവാസ് എംപിയും എം.കെ രാഘവനൊപ്പം ഉണ്ടായിരുന്നു.


Post a Comment

0 Comments