ആശങ്ക അകലുന്നില്ല; നിലമ്പൂരില്‍ ഉരുള്‍പൊട്ടി, തിരുവമ്പാടിയില്‍ പാലം ഒലിച്ചുപോയികോഴിക്കോട്: വടക്കന്‍ ജില്ലകളിലെ മലയോര മേഖലകളില്‍ വീണ്ടും ഉരുള്‍പൊട്ടല്‍. മലപ്പുറം നിലമ്പൂരില്‍ അകമ്പാടം നമ്പൂരിപ്പെട്ടിയിലാണ് ഉരുള്‍പൊട്ടലുണ്ടായത്. കോഴിക്കോട് തിരുവമ്പാടിയില്‍ മറിപ്പുഴപ്പാലം ഒലിച്ചുപോയി. വയനാട്ടിലെ ബാണാസുര സാഗര്‍ അണക്കെട്ടിന്റെ ഷട്ടര്‍ വീണ്ടുമുയര്‍ത്തി. മലമ്പുഴയിലും ജലനിരപ്പുയര്‍ന്നു.

നിലമ്പൂരില്‍ ഉരുള്‍പൊട്ടിയത് ജനവാസ മേഖലയിലല്ലാത്തതിനാല്‍ ആളപായമില്ല. തേന്‍പാറ വനമേഖലയില്‍ മലയ്ക്കു മുകളിലാണ് ഉരുള്‍പൊട്ടലുണ്ടായത്. നേരത്തേ ആറ് പേരുടെ മരണത്തിനിടയാക്കിയ ഉരുള്‍പൊട്ടലുണ്ടായ ചെട്ടിയാന്‍പാറയ്ക്കു സമീപമാണിത്. എന്നാല്‍ മലവെള്ളമൊഴുകുന്നതിന്റെ ഫലമായി കുറവന്‍ പുഴ കരകവിയാനുള്ള സാധ്യതയേത്തുടര്‍ന്ന് തീരത്തു നിന്നും ആളുകളെ മാറ്റിപ്പാര്‍പ്പിക്കുന്നുണ്ട്. ഉരുള്‍പൊട്ടല്‍ സാധ്യത മുന്നില്‍കണ്ടുകൊണ്ട് അകമ്പാടം മേഖലയില്‍ നിന്നും നേരത്തേ ആളുകളെ മാറ്റിപ്പാര്‍പ്പിച്ചിരുന്നു. മേഖലയില്‍ ഇന്നു രാവിലെ മുതല്‍ ശക്തമായ മഴ ഇടവിട്ട് പെയ്യുന്നുണ്ട്.


നേരത്തേ പെയ്തതിന് പുറമേ വീണ്ടും മഴ പെയ്താല്‍ ഉരുള്‍പൊട്ടല്‍ ഉണ്ടാകുമെന്ന് ജിയോളജി വകുപ്പ് മുന്നറിയിപ്പ് നല്‍കിയിരുന്നു. മലപ്പുറത്തു നിന്ന് മേഖലയിലേക്ക് ദുരന്ത നിവാരണസേന പുറപ്പെട്ടിട്ടുണ്ട്. നേരത്തേ മഴക്കെടുതിയില്‍ മലപ്പുറത്ത് മാത്രം 25ഓളം സ്ഥലങ്ങളില്‍ ഉരുള്‍പൊട്ടിയിരുന്നു. ജില്ലയില്‍ പത്തിലേറെ ദുരിതാശ്വാസ ക്യാമ്പുകളിലായി 1000ത്തില്‍ അധികം ആളുകളെ പാര്‍പ്പിച്ചിട്ടുണ്ട്.  lകോഴിക്കോട് മുക്കം മലയോര മേഖലകളില്‍ നിന്നുള്ള മലവെള്ളപ്പാച്ചിലിന്റെ ഫലമായി ഇരുവഞ്ഞിപ്പുഴയിലും മുത്തപ്പന്‍ പുഴയിലും ജലനിരപ്പുയര്‍ന്നിട്ടുണ്ട്. മുത്തപ്പന്‍ പുഴയിലെ മലവെള്ളപ്പാച്ചിലിലാണ് തിരുവമ്പാടിയിലെ മറിപ്പുഴപ്പാലം ഒലിച്ചുപോയത്. ആളപായമില്ല.

ജലനിരപ്പുയര്‍ന്നതിനേത്തുടര്‍ന്ന് വയനാട്ടിലെ ബാണാസുര സാഗര്‍ അണക്കെട്ടിന്റെ ഷട്ടര്‍ വീണ്ടുമുയര്‍ത്തി. അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് കഴിഞ്ഞ ദിവസങ്ങളില്‍ 40ഓളം ഉരുള്‍പൊട്ടലുകളാണുണ്ടായത്. പ്രദേശത്ത് മഴ തുടര്‍ന്നുകൊണ്ടിരിക്കുകയാണ്.  മലമ്പുഴ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് ഉണ്ടായ ഉരുള്‍പൊട്ടലിനേത്തുടര്‍ന്ന് പുഴയിലും അണക്കെട്ടിലും ജലനിരപ്പുയര്‍ന്നു. പ്രദേശത്ത് മഴ കുറയുന്നത് ആശാവഹമാണെന്ന് അധികൃതര്‍ അറിയിച്ചു. എന്നാല്‍ രാത്രി മഴകൂടിയാല്‍ അണക്കെട്ടിന്റെ ഷട്ടര്‍ വീണ്ടുമുയര്‍ത്തേണ്ടി വരും.

Post a Comment

0 Comments