കോഴിക്കോട്: കോര്‍പറേഷന്റെ നികുതി വരുമാനം വര്‍ധിപ്പിക്കാന്‍ സ്വകാര്യ കമ്പനിയുടെ ശിപാര്‍ശ . നഗരത്തിലെ കണ്ണായസ്ഥലങ്ങളിലെ കെട്ടിടങ്ങളുടെ നികുതിവര്‍ധനവും കോര്പറേഷന് ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളുടെ നടത്തിപ്പും എങ്ങിനെ സുഗമമാക്കാം എന്നതുള്‍പ്പെടെയുള്ള ശിപാര്‍ശകളാണ് മുംബൈ ആസ്ഥാനമായുള്ള നൈറ്റ് ഫ്രാങ്ക് ടീം( Knight Frank) കോര്പറേഷന് അധികൃതര്‍ക്ക് സമര്‍പ്പിച്ചത്. കേന്ദ്രപദ്ധതിയായ "അമൃത്' നടപ്പാക്കുന്നതുമായി ബന്ധപ്പെട്ടാണ് സര്‍വേക്ക് സ്വകാര്യ ഏജന്‍സിയെ ഏല്‍പ്പിച്ചത്.
മുംബൈ, ഹൈദരാബാദ് ,ബംഗളൂരു തുടങ്ങിയ മെട്രോസിറ്റികളിലെ നികുതി നിരക്കുകളും സംസ്ഥാനത്തെ മറ്റുജില്ലകളിലെ നിരക്കുകളും താരതതമ്യം ചെയ്തുകൊണ്ടാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്. കോര്‍പറേഷന്റെ നികുതി വരുമാനത്തിലെ 8.45% കെട്ടിടനികുതി വഴിയാണ്. അതിനാല്‍ കാലോചിതമായ പരിഷ്കാരങ്ങള്‍ നികുതിയില്വേണമെന്നു റിപ്പോര്‍ട്ട് നിഷ്കര്‍ഷിക്കുന്നു. നിയമപക്രാരം ഭൂനികുതികള്‍ അഞ്ച് വര്‍ഷം കഴിയും തോറും 25% വര്‍ധിപ്പിക്കണം. ഇത് ഒറ്റയടിക്ക് നടപ്പാക്കാതെ വര്‍ഷാ വര്‍ഷം അഞ്ചുശതമാനം തോതില്‍ വര്‍ധിപ്പിക്കണമെന്നാണ് ശിപാര്‍ശ. കോഴിക്കോട് ടൗണ്‍ഹാള്‍ , ഷോപ്പിംഗ് കോംപ്ലക്സുകള്‍ , സ്ഥലംലീസിന് കൊടുക്കല്‍, നഗരത്തിലെ ആഡംബരനികുതികള് എന്നിങ്ങനെ തരം തിരിച്ചാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. 78 ലക്ഷമാണ് ടൗണ്‍ഹാള്‍ വാടകയ്ക്ക് നല്‍കിയതുമായി ബന്ധപ്പെട്ട് 2016-2017 വര്‍ഷത്തില്‍ കോര്പറേഷന് ലഭിച്ചത്. ഷോപ്പിംഗ് കോംപ്ലക്സുകള്‍ ലീസിന് നല്കിയതു വഴി ഒരുകോടി നാല് ലക്ഷവും ഭൂമിവാടകയ്ക്ക് നല്‍കിയതുവഴി 54 ലക്ഷവും ലഭിച്ചു. മുതലക്കുളം, മാങ്കാവ്, തിരുവണ്ണൂര്‍ , കുറ്റിച്ചിറ, കരുവശേരി ഗ്രൗണ്ടുകള്‍ ചതുരശ്രയടിക്ക് 50 രൂപ നിരക്കിലാണ് വാടകയ്ക്ക് നല്‍കുന്നത്. ഇതെല്ലാം വന്‍തോതില്‍ വര്‍ധിപ്പിക്കണമെന്നും ശിപാര്‍ശയുണ്ട്. കെട്ടിടനികുതി വര്‍ധിപ്പിക്കുന്നതിനു ആനുപാതികമായി അടിസ്ഥാനസൗകര്യങ്ങള്‍ വര്‍ധിപ്പിക്കണമെന്നും ശിപാര്‍ശചെയ്യുന്നു.
വര്‍ധിപ്പിക്കാൻ കമ്പനി ശുപാർശ ചെയ്ത നികുതികള്‍
സിഎച്ച് മേല്‍പ്പാലത്തിലെ കെട്ടിടങ്ങള്‍ക്കു സ്ക്വയര്‍ഫീറ്റിന് 20രൂപ മുതല്‍ 40 രൂപ വരെയാണ് നികുതി ഈടാക്കുന്നത്. ഇത് 35 -45 രൂപ വരെയാക്കണമെന്നാണ് ശിപാര്‍ശ. ഇഎംഎസ് സ്റ്റേഡിയത്തിലെ കോമേഴ്സ്യല്‍ കോംപ്ലക്സില്‍ 60 മുതല്‍ 110 രൂപവരെയാണ് നികുതി. ഇത് 120- 130 ആക്കണം. ഇടിയങ്ങര മാര്‍ക്കറ്റ് ബില്‍ഡിംഗില്‍ 15മുതല്‍ 30 രൂപവരെയുള്ളത് 20മുതല്‍ 35 വരെയാക്കണം. ജവഹര്‍ ബില്‍ഡിംഗ് 15-50 എന്നത് 25- 50 വരെയാക്കണം. പാളയം അനക്സ് ബില്‍ഡിംഗ് 30 മുതല്‍ 60 വരെയുള്ളത് 45 മുതല്‍ 65 വരെയും പാളയം ബസ് സ്റ്റാന്‍ഡ് ബില്‍ഡിംഗ് 30 മുതല്‍ 60 വരെയുള്ളത് 45 മുതല്‍ 65 വരെയും പുതിയപാലം ഗോഡൗണ്കെട്ടിടം 15-30 വരെയുള്ളത് 20 മുതല്‍ നാല്പത് വരെയും പുതിയറ മാര്‍ക്കറ്റ് 10-20 വരെയുള്ളത് 15- 25 രൂപ വരെയാക്കണമെന്നും റിപ്പോര്‍ട്ടില്‍ നിര്‍ദേശിക്കുന്നു. കെട്ടിടങ്ങളുടെ നിലവാരത്തിന്റെ അടിസ്ഥാനത്തിലാണ് നികുതി വര്‍ധിപ്പിക്കേണ്ടത്. മാര്‍ക്കറ്റ് വിലഅനുസരിച്ച് 500 മുതല്‍ 5,000 വരെ നികുതി പിരിക്കാവുന്നതാണ്. ഭൂമി കൈമാറ്റ സെസ് കോര്പറേഷനിലേക്കെത്തുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.വാടകയ്ക്ക് നല്കുന്ന കാലയളവും ഭൂമിയുടെ കിടപ്പും നികുതിപരിഷ്കരണത്തിന് മാനണ്ഡമാക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. റിപ്പോര്‍ട്ട് ഉടന്‍ തന്നെ അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് കൈമാറും. ഡോ.ഡ്യൂക്ക് ഗോഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് റിപ്പോര്‍ട്ട് തയാറാക്കിയത്. ഇന്നലെ ചേര്‍ന്ന നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ നൈറ്റ് ഫ്രാങ്കിന്റെ ജീവനക്കാരി റിപ്പോര്‍ട്ടിനെക്കുറിച്ച് വിശദീകരണം നടത്തി.
അതേപടി നടപ്പാക്കില്ല: ഡെപ്യൂട്ടി മേയര്‍
കെട്ടിടനികുതിയടക്കം വന്‍തോതില്‍ വര്‍ധിപ്പിക്കാന്‍ ശിപാര്‍ശചെയ്യുന്ന സ്വകാര്യ ഏജന്‍സിയുടെ റിപ്പോര്‍ട്ട് അതേപോലെ നടപ്പാക്കാനാവില്ലെന്ന് ഡെപ്യൂട്ടി മേയര്‍ മീരാ ദര്‍ശക് മാധ്യമങ്ങളോടു പറഞ്ഞു. പൂര്‍ണ അര്‍ഥത്തില്‍ നടപ്പാക്കിയാല്‍ കൗണ്‍സിലര്‍മാര്‍ അടുത്ത തെരഞ്ഞെടുപ്പില്‍ പരാജയപ്പെടുമെന്ന് ഭരണപക്ഷ കൗണ്‍സിലര്‍മാരില്‍ ചിലര്‍ ആശങ്ക പങ്കുവച്ചു. കൗണ്‍സിലില്‍ വിശദമായ കൂടിയാലോചന നടത്തിയ ശേഷം ആവശ്യമെങ്കില്‍ സര്‍ക്കാരിന്റെ അനുമതിയോടെ മാത്രമെ നികുതിവര്‍ധന നടപ്പാക്കൂവെന്നും ഡെപ്യൂട്ടി മേയര്‍ കൂട്ടിച്ചേര്‍ത്തു.
0 Comments