കോഴിക്കോട്:പ്രകൃതിയുടെ താണ്ഡവത്തില്‍ സകലതും നഷ്ടപ്പെട്ട്, വിവിധ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാന്‍ ജില്ലാ കലക്ടര്‍ യു വി ജോസിന്റെ നേതൃത്വത്തില്‍ ജില്ലാ ഭരണകൂടം വീണ്ടും കൈകോര്‍ക്കുന്നു. കഴിഞ്ഞ തവണ കോട്ടയത്തെയും ആലപ്പുഴയിലേയും ദുരിതബാധിതര്‍ക്കായി സഹായമഭ്യര്‍ഥിച്ചപ്പോള്‍ വലിയ രീതിയിലുള്ള നേട്ടമാണുണ്ടായത്. 15 ലോഡ് സാധനങ്ങളാണ് കയറ്റി അയച്ചത്. മഴക്കെടുതിയിലായ ജില്ലയെയും അയല്‍ ജില്ലകളെയും സഹായിക്കാനായി ജില്ലാ ഭരണകൂടത്തിന് വേണ്ടി കോഴിക്കോടിന്റെ സ്വന്തം ‘ജോസേട്ടന്‍’ വീണ്ടും രംഗത്തിറങ്ങി
ജില്ലാ കലക്ടറുടെ കുറിപ്പ് ഇങ്ങനെ…
"വെല്ലുവിളികള്‍ക്കും ദുരന്തങ്ങള്‍ക്കും മുന്നില്‍ ജാതിമതഭേദമന്യേ കൈകോര്‍ത്ത പാരമ്പര്യമാണ് കോഴിക്കോടിന്റേത്. ഇവിടെയും നമുക്കാ പാരമ്പര്യം പിന്‍തുടരാം… സര്‍വതും നഷ്ടപ്പെട്ടവര്‍ക്കായി പുതിയ വസ്ത്രവും ഭക്ഷണവും ഉള്‍പ്പെടെ പ്രളയം കവര്‍ന്നെടുത്ത സമ്പാദ്യത്തിന്റെ ചെറിയ പങ്ക് എങ്കിലും നമുക്ക് സ്വരൂപിച്ച് നല്‍കാം.
അവര്‍ക്ക് തല ചായ്ക്കാന്‍ കൂര പണിയാന്‍ പണം സ്വരൂപിക്കാം. നിങ്ങള്‍ നല്കുന്നത് വസ്ത്രമോ പാത്രമോ ഭക്ഷ്യധാന്യമോ കിടക്കയോ കട്ടിലോ ആകട്ടെ … സ്വീകരിക്കാന്‍ ഞങ്ങളുണ്ട് … നമ്മുടെ ജില്ലയിലെയും അയല്‍ ജില്ലയിലെയും വേണ്ടപ്പെട്ടവര്‍ക്ക് ജില്ല ഭരണകൂടം അത് എത്തിക്കും. കോഴിക്കോട് മാനാഞ്ചിറയിലുള്ള ഡിടിപിസി ഓഫീസില്‍ നിങ്ങളെത്തിച്ചാല്‍ മാത്രം മതി …
പ്രകൃതിയുടെ രൗദ്രതയില്‍ വീടും കുടിയുമുപേക്ഷിച്ച് ഉടുതുണിയും കൊണ്ട് ദുരന്തമുഖത്തുനിന്ന് ഓടിക്കയറിയവരാണവരില്‍ പലരും. തലമുറകളുടെ സമ്പാദ്യം മുഴുവന്‍ പ്രളയം തല്ലിതകര്‍ത്ത് ഒഴുക്കി കളഞ്ഞിരിക്കുന്നു. ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് മുന്നില്‍ നാളെ എന്നത് വലിയ ചോദ്യമായി നിലനില്ക്കുന്നു .. ജീവിച്ച വീടും സാധന സാമഗ്രികകളും നട്ടു വളര്‍ത്തിയ കൃഷിയും പരിപാലിച്ച കോഴിയും കാലികളും ഒഴുകി പോയി.. സര്‍വവുംനഷ്ടപ്പെട്ട അവരുടെ ഉള്ളില്‍ ഇരുട്ടാണ് .അവിടെ പ്രതീക്ഷയുടെ പ്രകാശം പകരാന്‍ നമുക്കാകണം.
വീടും ഭൂമിയും ഒലിച്ചുപോയവര്‍ക്കും അത് നല്കാനും സഹായം വേണം. നിങ്ങള്‍ക്കാവുന്ന തുക എത്ര തന്നെയായാലും അത് ചെക്കാ യോ ഡിഡി ആയോ പണമായോ കലക്ടറേറ്റില്‍ ഏല്പിക്കാം …ഇത്തവണത്തെ ഓണാഘോഷം നമുക്ക് നമ്മുടെ കൂടപ്പിറപ്പുകളുടെ കണ്ണീരൊപ്പാന്‍ കൂടെ നിന്നു കൊണ്ടാവാം. ഒരു ദിവസത്തെ സമ്പാദ്യമെങ്കിലും ചുരുങ്ങിയത് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ഇതിനായി മാറ്റിവെക്കണമെന്നഭ്യര്‍ത്ഥിക്കുന്നു. നമുക്ക് ഓരോരുത്തര്‍ക്കും നമുക്കാവുന്ന സഹായം നല്‍കാം. എല്ലാം നഷ്ടപ്പെട്ടവര്‍ക്ക് നമ്മുടെ സഹായം വലിയ ആശ്വാസമേകും എന്നതില്‍ സംശയമില്ല" സംഭാവനകള്‍ നല്‍കാന്‍ താത്പര്യമുള്ളവര്‍ താഴെ കാണുന്ന നമ്പറില്‍ ബന്ധപ്പെടുക.
ഫോണ്‍ നമ്പര്‍: 98477 36000,99617 62440"
0 Comments