വെള്ളപ്പൊക്കം ബാക്കിയാക്കിയത‌് മാലിന്യ കൂമ്പാരംകോഴിക്കോട്:മലയോര മേഖലയിൽ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ മലവെള്ള പാച്ചിലും വെള്ളപ്പൊക്കവും ശേഷിപ്പിച്ചത് പ്ലാസ്റ്റിക് മാലിന്യക്കൂമ്പാരം.  വെള്ളത്തിന്റെയും മദ്യത്തിന്റെയും പ്ലാസ്റ്റിക് കുപ്പികളാണ് ഏറെയും. അറവ് മാലിന്യങ്ങൾ വരെ ഒഴുകിയെത്തിയിട്ടുണ്ട്. വെള്ളം കയറിയ പറമ്പുകളിലും പുഴയോരങ്ങളിലുമെല്ലാം പ്ലാസ്റ്റിക് മാലിന്യം അടിഞ്ഞു കൂടിയിട്ടുണ്ട്. മഴയുടെ ശക്തി കുറഞ്ഞ് വെള്ളം ഇറങ്ങിയപ്പോൾ എല്ലായിടത്തും മാലിന്യവും ചെളിയും കൂമ്പാരമായി കിടക്കുകയാണ്. 


ചാക്കുകണക്കിന് വാട്ടർ ബോട്ടിലുകളാണ് പലയിടത്തുനിന്നും എടുത്തു മാറ്റുന്നത്. തോട്ടത്തിൻ കടവ് പാലത്തിനരികിലും, മുക്കം തൃക്കുടമ ണ്ണ ക്ഷേത്രത്തിന് സമീപവും, പഴയ വെന്റ് പൈപ്പ് പാലത്തിലുമെല്ലാം വാട്ടർബോട്ടിലുകൾ അടിഞ്ഞുകിടക്കുകയാണ്. പ്ലാസ്റ്റിക് കവറുകൾ പുഴയോരങ്ങളിലേയും പറമ്പുകളിലേയും മരങ്ങളിൽ തൂങ്ങിക്കിടക്കുകയാണ്. ചത്ത കോഴികളും ആശുപത്രികളിലും കടകളിലും കെട്ടിവച്ച മാലിന്യങ്ങളും പ്ലാസ്റ്റിക് കവറുകളുമെല്ലാം വെള്ളത്തോടൊപ്പം ഒഴുകിയെത്തി പലയിടത്തായി കിടക്കുകയാണ്. പുഴയുടെയും തോടുകളുടെയും അരികുകളെല്ലാം മാലിന്യം നിറഞ്ഞിരിക്കുകയാണ്. വെള്ളം കയറിയ കിണറുകളിലെല്ലാം ചെളിയും പ്ലാസ്റ്റിക് മാലിന്യങ്ങളും നിറഞ്ഞിട്ടുണ്ട്. കിണറുകളുടെ പടവുകളിൽ പോലും പ്ലാസ്റ്റിക് കവറുകൾ പറ്റിപ്പിടിച്ചുകിടക്കുകയാണ്. വെള്ളപ്പൊക്കം ബാക്കിയാക്കിയ  അജൈവ മാലിന്യം എങ്ങനെ നീക്കം  ചെയ്യുമെന്നതാണ‌് മലയോരത്തിന്റെ തലവേദന.

Post a Comment

0 Comments