എലിപ്പനിയെ പിടിച്ചുകെട്ടാൻ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കികോഴിക്കോട്:കുന്നമംഗലം, മാവൂർ ഭാഗങ്ങളിൽ കൂടുതൽപേർക്ക് എലിപ്പനി സ്ഥിരീകരിച്ചതോടെ ആരോഗ്യ വകുപ്പിന്റെയും പഞ്ചായത്തിന്റെയും നേതൃത്വത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി. മാവൂർ പഞ്ചായത്തിൽ ഒരാൾക്കും പെരുവയൽ പഞ്ചായത്തിൽ മൂന്നു പേർക്കുമാണ് എലിപ്പനി സ്ഥിരീകരിച്ചത്. ഇവർ മെഡിക്കൽ കോളജിലും സ്വകാര്യ ആശുപത്രികളിലുമായി ചികിത്സയിലാണ്. കഴിഞ്ഞ ദിവസത്തേതടക്കം ആകെ ഏഴുപേർക്കാണ് കുന്നമംഗലത്ത് എലിപ്പനി സ്ഥിരീകരിച്ചത്.കുന്നമംഗലം ആക്കോളി, കാരന്തൂർ, പിലാശേരി, മുറിയനാൽ, പെരുവഴിക്കടവ് പരിസരം തുടങ്ങിയ സ്ഥലങ്ങളിൽ പ്രളയ ബാധിത മേഖലകളിലെ രക്ഷാപ്രവർത്തനത്തിനും ശുചീകരണത്തിനും ഇറങ്ങിയ മൂന്നുപേർക്ക് ഉൾപ്പെടെയാണ് ബാധിച്ചത്. ഒരാൾ ഒഴികെയുള്ളവർ മെഡി. കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ആനപ്പാറ എഫ്എച്ച്സിയിൽ ഇന്നു മുതൽ പ്രതിരോധ മരുന്നു വിതരണത്തിന് സംവിധാനം ഒരുക്കി. പ്രളയ ബാധിത മേഖലകളിലെ വാർഡുകളിൽ പ്രത്യേകം യോഗം വിളിച്ച്, ബോധവൽക്കരണം നടത്താൻ പദ്ധതിയൊരുങ്ങും. പരിസരത്തെ ഇരുനൂറോളം താമസക്കാർക്ക് പ്രതിരോധ മരുന്നുകൾ വിതരണം ചെയ്തു.

പ്രളയബാധിത മേഖലകളിലെ ആരോഗ്യ പ്രശ്നങ്ങൾ പരിഹരിക്കാൻ സർക്കാർ തുടങ്ങുന്ന പ്രത്യേക ആശുപത്രികളിലൊന്ന് കുന്നമംഗലത്തും അനുവദിച്ചു. നാനൂറോളം കുടുംബങ്ങൾ ദുരിതബാധിതരായ കാരന്തൂരിൽ പ്രത്യേക ആശുപത്രിയുടെ പ്രവർത്തനം തുടങ്ങണമെന്ന ആവശ്യം ശക്തമായി. മാവൂരിൽ ആരോഗ്യവകുപ്പ് അധികൃതർ പ്രളയബാധിത പ്രദേശങ്ങളിലെ വീടുകളിലെ കിണറുകളും പൊതുകിണറുകളും ക്ലോറിനേറ്റ് ചെയ്യുന്നതിനൊപ്പം എലിപ്പനിക്കെതിരെയുള്ള പ്രതിരോധ മരുന്നുകളും നൽകുന്നുണ്ട്. തൊഴിലുറപ്പു പദ്ധതി ജീവനക്കാരുടെ നേതൃത്വത്തിൽ പ്രളയബാധിത പ്രദേശങ്ങളിലെ മാലിന്യം നീക്കുന്നുണ്ട്. മാവൂർ പൈപ്പ്‌ലൈൻ റോഡരികിൽ അറവു മാലിന്യങ്ങൾ ചാക്കിലും പ്ലാസ്റ്റിക് കവറുകളിലും കെട്ടി തള്ളുന്നത് ശ്രദ്ധയിൽപെട്ടിട്ടുണ്ട്. കഴിഞ്ഞ മൂന്നു ദിവസങ്ങളിലും മാലിന്യങ്ങൾ തള്ളി. പഞ്ചായത്ത് അധികൃതരെത്തിയാണ് മാലിന്യം കുഴിച്ചു മൂടിയത്. മാലിന്യങ്ങൾ റോഡരികിൽ തള്ളുന്നത് പതിവായതോടെ പൊലീസിന്റെ രാത്രികാല പരിശോധനയും ശക്തമാക്കി.

Post a Comment

0 Comments