കോഴിക്കോട്:ബീച്ച് ജനറൽ ആശുപത്രിയിൽ ഉറ്റവർ ഉപേക്ഷിച്ച 16 പേർക്കു തണലായി. ജില്ലാ ലീഗൽ സർവീസ് അതോറിറ്റിയുടെ ഇടപെടലിനെ തുടർന്നാണ് ഇവർക്ക് മോചനമായത്. സംഭവം വാർത്തയായതിനെത്തുടർന്നാണ് സാമൂഹിക നീതി വകുപ്പ് ഇവരെ ഏറ്റെടുത്തത്. സബ്ജഡ്ജിയും ലീഗൽ സർവീസ് സെക്രട്ടറിയുമായ എം.പി. ജയരാജ്, ജില്ലാ സാമൂഹികനീതി ഓഫിസർ അനീറ്റ എസ്.ലിൻ എന്നിവർ ഇവരെ സന്ദർശിച്ച ശേഷമായിരുന്നു നടപടി.
നിലവിൽ ചികിൽസ പൂർത്തിയായതായി ബീച്ച് ആശുപത്രി സൂപ്രണ്ട് ഉമർ ഫാറൂഖ് അറിയിച്ച 4 പേരുടെ പുനരധിവാസ പ്രവർത്തനമാണ് വകുപ്പ് ഏറ്റെടുത്തത്. ഇതിൽ 2 പേരെ സർക്കാർ വൃദ്ധസദനത്തിലും 2 പേരെ ഹോംഓഫ് ലൗവിലേക്കും ഒരാളെ ഗവ. വികലാംഗസദനത്തിലേക്കും മാറ്റി. ഇതിലുണ്ടായിരുന്ന ഇതരസംസ്ഥാനക്കാരൻ നാട്ടിലേക്ക് പോകും. ബേപ്പൂർ സ്വദേശിയെ അയൽവാസി ഏറ്റെടുത്തു. മറ്റു 4 പേർക്ക് ടിബി ബാധിച്ചതിനാൽ അസുഖം മാറുന്നതുവരെ ആശുപത്രിയിൽ കഴിയും. മറ്റുള്ളവരെ സാമൂഹിക നിതി വകുപ്പ് ഉടനെ ഏറ്റെടുക്കുമെന്ന് അനീറ്റ എസ്.ലിൻ പറഞ്ഞു. ഗവ വൃദ്ധമന്ദിരം സൂപ്രണ്ട് സിദ്ദീഖ് ചുണ്ടക്കാടൻ, ഹോം ഓഫ് ലൗവ് ഓൾഡേജ് ഹോം പ്രതിനിധികൾ, അബു ഉനൈസ് എന്നിവരും എത്തിയിരുന്നു.
0 Comments