കാലവർഷം; ചുരത്തിലെ മണ്ണിടിച്ചിൽ: സംരക്ഷണഭിത്തി നിർമാണം പുരോഗമിക്കുന്നു


താമരശ്ശേരി: താമരശ്ശേരി ചുരത്തിൽ കാലവർഷക്കെടുതിയിൽ മണ്ണിടിഞ്ഞ് റോഡ് തകർന്നുവീണ സ്ഥലത്ത് സംരക്ഷണഭിത്തിയുടെ പുനർനിർമാണം പുരോഗമിക്കുന്നു. 1.86 കോടി രൂപയുടെ കോൺക്രീറ്റ്ഭിത്തി നിർമിച്ച് റോഡ് സംരക്ഷിക്കാനാണ് പദ്ധതി.

ഭിത്തി നിർമിക്കുന്നതിന് മുന്നോടിയായുള്ള പൈലിങ് ജോലികളാണ് പുരോഗമിക്കുന്നത്. ഇതിൽ 11 കോൺക്രീറ്റ് തൂണുകൾ മണ്ണിൽ സ്ഥാപിക്കുന്ന പ്രവൃത്തിയാണ് നടന്നുവരുന്നത്. ഇതിൽ ആറ് തൂണുകൾ മണ്ണിനടിയിൽനിന്നും വാർത്തുകഴിഞ്ഞു. നാലടി വ്യാസമുള്ള തൂണുകളാണ് വാർത്തത്. എട്ടടിയോളം ഉയരമുള്ള തൂണുകളാണ് ഭിത്തിയുടെ അസ്തിവാരമായി മണ്ണിനടിയിൽനിന്നും നിർമിക്കുന്നത്. വലിയ മണ്ണുമാന്തി ഉപയോഗിച്ച് മണ്ണ് കുഴിച്ചുമാറ്റിയാണ് പൈലിങ് പ്രവൃത്തി നടത്തുന്നത്.തൂണുകളുടെ അസ്തിവാരം വാർക്കുന്നത് പൂർത്തിയായാൽ ഭിത്തിയുടെ കോൺക്രീറ്റ് ജോലികൾ തുടങ്ങും. ഒന്നരമാസം കൊണ്ട് നിർമാണം പൂർത്തിയാകുമെന്ന് പൊതുമരാമത്ത് ദേശീയപാതാവിഭാഗം എക്സിക്യുട്ടീവ് എൻജിനീയർ വിനയരാജ് പറഞ്ഞു. ചുരത്തിലെ ചിപ്പിലിത്തോട്ടിൽ ജൂൺ 14-നാണ് റോഡിന്റെ സംരക്ഷണഭിത്തി ഉൾപ്പെടെ മലവെള്ളത്തിനൊപ്പം തകർന്ന് താഴേക്കൊഴുകിയത്. എട്ടുമീറ്ററോളം ഉയരമുള്ള റോഡ് 50 മീറ്ററോളം നീളത്തിൽ മണ്ണിടിച്ചിലിൽ തകർന്നിരുന്നു. ഇവിടെ റോഡ് വനംവകുപ്പിന്റെ അധീനതയിലുള്ള സ്ഥലം കൂടിയെടുത്ത് വീതികൂട്ടിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. എട്ട് മീറ്റർ ഉയരമുള്ള കോൺക്രീറ്റ് ഭിത്തിയാണ് നിർമിക്കുന്നത്. പൊതുമരാമത്ത് വകുപ്പിന്റെ ഡിസൈൻ വിഭാഗമാണ് ഇതിന് രൂപരേഖ തയ്യാറാക്കിയത്. ഊരാളുങ്കൽ ലേബർ കോൺട്രാക്ടേഴ്‌സ് സൊസൈറ്റിയാണ് പ്രവൃത്തി ഏറ്റെടുത്ത് നടത്തുന്നത്.

Post a Comment

0 Comments