വിധി പറയും, ഇനി ഒറ്റക്കെട്ടിടത്തില്‍ വെച്ച്: കോടതി സമുച്ചയം ഉദ്ഘാടനം 29-ന്


കോഴിക്കോട്: കോഴിക്കോട്ടെ കോടതികള്‍ 200 കൊല്ലം പൂര്‍ത്തിയാകുന്നതിന്റെ സ്മരണക്കായി നിര്‍മിച്ച പുതിയ കോടതി സമുച്ചയം ഈ മാസം 29-ന് ഉദ്ഘാടനം ചെയ്യുമെന്ന് ജില്ലാ ജഡ്ജിമരായ എം.ആര്‍ അനിതയും കെ. സോമനും വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഋഷികേശ് റോയിയുടെ അധ്യക്ഷതയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കെട്ടിടോദ്ഘാടനം നിര്‍വഹിക്കും. കോടതി വളപ്പില്‍ തന്നെ പണിത കെട്ടിടത്തില്‍ ഇനി 10 കോടതികളാണു പ്രവര്‍ത്തിക്കുക. ഉദ്ഘാടനത്തിന്റെ ഭാഗമായി സെമിനാറുകള്‍, ചിത്രപ്രദര്‍ശനം എന്നീ പരിപാടികളും നടക്കും. ഉദ്ഘാടന ചടങ്ങില്‍ ഹൈക്കോടതി ജഡ്ജി സി.കെ അബ്ദുറഹീം മുഖ്യപ്രഭാഷണം നടത്തും. പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരന്‍ മുഖ്യാതിഥിയാവും. എ. പ്രദീപ്കുമാര്‍ എം.എല്‍.എ, ഡോ. എം.കെ മുനീര്‍ എം.എല്‍.എ, എം.കെ രാഘവന്‍ എം.പി, മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍, ജില്ലാ ജഡ്ജി എം.ആര്‍ അനിത, പി.ഡബ്ല്യു.ഡി ചീഫ് എന്‍ജിനീയര്‍ ഇ.കെഹൈദ്രു സംസാരിക്കും.



ഉദ്ഘാടനത്തിന്റെ ഭാഗമായി 24നു നടക്കുന്ന ‘കോഴിക്കോടിന്റെ ചരിത്രവും നീതിന്യായ വ്യവസ്ഥയും’ സെമിനാര്‍ എം.കെ രാഘവന്‍ എം.പി ഉദ്ഘാടനം ചെയ്യും. ഡോ. എം.ജി.എസ് നാരായണന്‍ മുഖ്യാതിഥിയാവും. അഡിഷണല്‍ ജില്ലാ ജഡ്ജി സി. സുരേഷ്‌കുമാര്‍ അധ്യക്ഷനാകും. 25നു നടക്കുന്ന സെമിനാര്‍ ‘കോഴിക്കോട് കോടതിയുടെ അടിസ്ഥാന വികസ കാര്യങ്ങള്‍’ എന്ന വിഷയം ചര്‍ച്ച ചെയ്യും. മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. അഡിഷണല്‍ ജില്ലാ ജഡ്ജി കെ. സോമന്‍ അധ്യക്ഷനാകും. 27നു രാവിലെ ചരിത്രപ്രദര്‍ശനം മന്ത്രി ടി.പി രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. കെ.സി ഉണ്ണിഅനുജന്‍ രാജ മുഖ്യാതിഥിയാവും. 27നു വൈകിട്ട് കോടതി സമുച്ചയം പൂര്‍ത്തിയാക്കാന്‍ പ്രയത്‌നിച്ച ഉദ്യോഗസ്ഥരെ ആദരിക്കും. 26നു വൈകിട്ട് കോടതിപരിസരം ശുചീകരിക്കും.

വാര്‍ത്താസമ്മേളനത്തില്‍ ഫാമിലി കോടതി ജഡ്ജി പി.എം നന്ദന കൃഷ്ണന്‍, ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ. കെ.കെ കൃഷ്ണകുമാര്‍, പബ്ലിസിറ്റി കമ്മിറ്റി കണ്‍വീനര്‍, അഡ്വ. എം. രാജന്‍, ബാര്‍ അസോസിയേഷന്‍ സെക്രട്ടറി അഡ്വ. പി.ബി ദീപ സംബന്ധിച്ചു.

Post a Comment

0 Comments