കോഴിക്കോട്: വിമുക്തി പദ്ധതിയുടെ പ്രവര്‍ത്തനം ഊര്‍ജിതമാക്കുന്നതിനായി ഒക്‌ടോബര്‍ ആദ്യവാരം പഞ്ചായത്തുകള്‍ കേന്ദ്രീകരിച്ച് ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് ജില്ലാ കലക്ടര്‍ യു.വി ജോസ് അറിയിച്ചു. വ്യാജമദ്യ നിര്‍മാണം, വില്‍പന എന്നിവ തടയുന്നതിനായി രൂപീകരിച്ച ജില്ലാതല ജനകീയ കമ്മിറ്റി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കുട്ടികളില്‍ മദ്യം-മയക്കുമരുന്ന് ആസക്തി കൂടുന്നതു തടയിടാന്‍ മാതാപിതാക്കള്‍ക്ക് ബോധവല്‍ക്കരണം നല്‍കണം. ഒപ്പം എല്ലാ വിഭാഗം ജനങ്ങളെയും അണിനിരത്തി മയക്കുമരുന്നു വിരുദ്ധ പരിപാടികള്‍ സംഘടിപ്പിക്കണമെന്നും കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ കലക്ടര്‍ അറിയിച്ചു.
ജില്ലയില്‍ കഴിഞ്ഞമാസം 1,114 റെയ്ഡുകളും പൊലിസ്, ഫോറസ്റ്റ് എന്നീ വകുപ്പുകളുമായി ചേര്‍ന്ന് 46 കംബയിന്റ് റെയ്ഡുകളും നടത്തിയതായി ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണര്‍ വി.ആര്‍ അനില്‍കുമാര്‍ യോഗത്തില്‍ അറിയിച്ചു. ഈ കാലയളവില്‍ 145 അബ്കാരി കേസും 52 എന്‍.ഡി.പി.എസ് കേസും 556 കോട്പ കേസുകളുമെടുത്തു. 119 പ്രതികളെ അറസ്റ്റ് ചെയ്തു. 148 ലിറ്റര്‍ ചാരായവും 6,436 ലിറ്റര്‍ വാഷ്, 426.356 ലിറ്റര്‍ ഇന്ത്യന്‍ നിര്‍മിത വിദേശമദ്യം, 284.748 ലിറ്റര്‍ അന്യസംസ്ഥാന മദ്യം, 44.43 കിലോ കഞ്ചാവ്, 417.96 കിലോ പുകയില ഉല്‍പന്നങ്ങള്‍ എന്നിവയും പിടിച്ചെടുത്തിട്ടുണ്ട്. അബ്കാരി-എന്‍.ഡി.പി.എസ് കേസുകളിലുമായി 29 വാഹനം പിടിച്ചു. വിദേശമദ്യത്തിന്റെയും കള്ളിന്റെയും ഗുണനിലവാരം പരിശോധിക്കുന്നതിനായി ലൈസന്‍സ്ഡ് സ്ഥാപനങ്ങളില്‍ നിന്ന് 376 സാംപിളുകള്‍ ശേഖരിച്ച് രാസപരിശോധന നടത്തുകയും 14,860 വാഹനങ്ങളും 86 ട്രെയിനുകളും പരിശോധിക്കുകയും ചെയ്തു.
162 ലഹരിവിരുദ്ധ ക്ലബുകള്‍ സ്‌കൂള്‍തലത്തിലും 33 ക്ലബുകള്‍ കോളജ് തലത്തിലും ജില്ലയില്‍ പ്രവര്‍ത്തിച്ചുവരുന്നുണ്ട്. മത്സ്യവാഹനത്തില്‍ മദ്യം കടത്തുന്നുവെന്ന പരാതിയില്‍ ശക്തമായ നടപടികള്‍ സ്വീകരിച്ചുവരുന്നതായും അഴിയൂര്‍ ചെക്ക് പോസ്റ്റില്‍ മത്സ്യവാഹനങ്ങള്‍ വിശദമായ പരിശോധനയ് വിധേയമാക്കുന്നുണ്ടെന്നും എക്‌സൈസ് ഡെപ്പ്യൂട്ടി കമ്മിഷണര്‍ അറിയിച്ചു. കൂടാതെ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന പട്രോളിങ് യൂനിറ്റും വാഹന പരിശോധ ശക്തമാക്കിയിട്ടുണ്ട്. ഇതരസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന ഇടങ്ങളിലും ഊര്‍ജിതമായ പരിശോധന നടത്തിവരുന്നുണ്ട്.
0 Comments