ജനം പറയുന്നു 'ഇനിയും വെള്ളത്തിലാക്കരുത് തിരുവമ്പാടിയെ'

വെള്ളത്തിൽ മുങ്ങിയ തിരുവമ്പാടി ബസ് സ്റ്റാന്റ് (ഫയൽ ചിത്രം)

കോഴിക്കോട്:മഴ പെയ്താലും പുഴയിൽ വെള്ളമുയര്‍ന്നാലും തിരുവമ്പാടി ടൗൺ വെള്ളത്തിലാകുന്നതും പുല്ലൂരാംപാറ റോഡില്‍ ഗതാഗതം മുടങ്ങുന്നതും പതിവ്. ജൂണിലെ മഴയിൽ ഒരു ദിവസം ഗതാഗതം തടസ്സപ്പെട്ടെങ്കില്‍ ആഗസ്റ്റിൽ രണ്ടു ദിവസം മുടങ്ങി. ടൗണിലെ സ്ഥിതിയും ഇതുതന്നെ. ഹൈസ്കൂൾ റോഡിലും ബസ് സ്റ്റാൻഡിലും ചർച്ച് റോഡിന്റെ വശത്തും വെള്ളം കയറി വ്യാപാരികൾക്ക് ലക്ഷങ്ങളുടെ നഷ്ടമുണ്ടായി. കെഎസ്ആർടിസി ഗാരേജിലും വെള്ളം കയറി. ടൗണിലെ വെള്ളക്കെട്ട് ഒഴിവാക്കാൻ മാസ്റ്റർ പ്ലാൻ തയാറാക്കേണ്ടതുണ്ട്.വെള്ളം കയറുമ്പോള്‍ അവലോകന യോഗങ്ങൾ ചേരുമെങ്കിലും നടപടിയൊന്നുമില്ല. മഴ പെയ്താൽ മറിയപ്പുറം റോഡ്, മാർക്കറ്റ് റോഡ്, ചേപ്പിലങ്ങോട് റോഡ്, മെയിൻ റോഡ് എന്നിവിടങ്ങളിലെ വെള്ളം ടൗണിൽ എത്തും. ഈ വെള്ളം ഒഴുകിപ്പോകാനുള്ള സൗകര്യം ഇല്ലാത്തത് വെള്ളക്കെട്ടിനു കാരണമാണ്. മഴ ശക്തമാകുമ്പോള്‍ സ്റ്റാൻഡിന് പിന്നിലെ സ്ഥലത്തുനിന്ന് ടൗണിലേക്ക് വെള്ളമെത്തും. കോൺവന്റ് ജംക്‌ഷനിലെ ഓവുചാലിൽ മഴവെള്ളം ഉയരും. വെള്ളം ഒഴുകിപ്പോകേണ്ട ഓവുചാലിന്റെ വീതി കുറഞ്ഞതും സ്റ്റാന്‍ഡിന് മുന്നിലെ വെള്ളം ഒഴുകേണ്ട തോട് ഉയർന്നതുമാണ് കാരണം.

പുഴയിൽ വെള്ളമുയർന്നാൽ തിരുവമ്പാടി – പുല്ലൂരാംപാറ റോഡില്‍, വില്ലേജ് ഓഫിസ് മുതൽ കറ്റ്യാട് ജംക്‌ഷൻവരെ ഗതാഗതം മുടങ്ങുന്നതിനും പരിഹാരം വേണം. ഈ ഭാഗത്ത് തോടിന്റെ നീരൊഴുക്ക് തടസ്സപ്പെടുന്നതിനാലാണ് വെള്ളം റോഡിലേക്ക് എത്തുന്നത്. റോഡ് നവീകരണത്തിന്റെ ഭാഗമായി വില്ലേജ് ഓഫിസ് മുതൽ കറ്റ്യാട് ജംക്‌ഷൻവരെ ഒരു മീറ്റർ മുതൽ രണ്ടു മീറ്റർ വരെ ഉയർത്തേണ്ടതുണ്ട്. 

Post a Comment

0 Comments