പ്രഖ്യാപനത്തിൽ ഒതുങ്ങി കോഴിക്കോട്-കണ്ണൂർ പാതയിലെ മെമു സർവീസ്കോഴിക്കോട്:യാത്രാദുരിതമേറെയുള്ള കോഴിക്കോട്-കണ്ണൂർ പാതയിൽ മെമു സർവീസ് ആരംഭിക്കുമെന്ന പ്രഖ്യാപനം മൂന്നുവർഷം പിന്നിട്ടിട്ടും ഫയലിൽ ഉറങ്ങുന്നു. ഷൊർണൂർ-മംഗളൂരു പാതയുടെ വൈദ്യുതീകരണവും സോണൽ മാനേജരുടെ നേതൃത്വത്തിലുള്ള പാത പരിശോധനയും പൂർത്തിയായിട്ടും നാളിതുവരെ പാലക്കാട് ഡിവിഷൻ കേന്ദ്രീകരിച്ച് കോഴിക്കോട് വഴി മെമു യാഥാർഥ്യമാക്കാൻ റെയിൽവേ അധികൃതർക്ക് സാധിച്ചിട്ടില്ല. തിരക്കേറിയ സമയങ്ങളിൽ, കോച്ചുകൾ കുറവുള്ള പാസഞ്ചറുകളിൽ തിങ്ങിനിറഞ്ഞ് നരകിച്ച് യാത്ര ചെയ്യേണ്ട ഗതികേടിലാണ് മലബാറിലെ ട്രെയിൻ യാത്രികർ.

സംസ്ഥാനത്തെ തിരുവനന്തപുരം, പാലക്കാട് റെയിൽവേ ഡിവിഷനുകളിലായി നാലുവീതം മെമു റേക്കുകളാണ് നിലവിലുള്ളത്. ചെന്നൈ സോണിനുകീഴിലെ പാലക്കാട് ഡിവിഷനിൽ കോയമ്പത്തൂർ, എറണാകുളം, സേലം തുടങ്ങിയ ഭാഗങ്ങളിലേക്കാണ് എട്ട് കോച്ചുകൾ വീതമുള്ള നാല് റേക്കുകൾ സർവീസ് നടത്തുന്നത്. പതിനേഴ് കോടിയോളം വകയിരുത്തി പ്രവൃത്തി പുരോഗമിക്കുന്ന പാലക്കാട്ടെ മെമു യാർഡിൽ നാല് റേക്കുകൾക്കായി എട്ട് മോട്ടോർ കോച്ചുകളും 24 ട്രെയ്‍‌ലർ കോച്ചുകളും നിലവിലുണ്ട്.മെമു റേക്കുകളുടെ കുറവ് ചൂണ്ടിക്കാട്ടിയാണ് മലബാർ മേഖലയിലേക്ക് സർവീസിന് റെയിൽവേ ബോർഡ് ചുവപ്പുസിഗ്നൽ കാട്ടിയത്. അധികമായി റേക്കുകൾ ലഭിക്കാതെ കോഴിക്കോട് വഴി വടക്കോട്ട് മെമു സർവീസ് സാധ്യമാവില്ലെന്നാണ് വിശദീകരണം. മെമു പ്രഖ്യാപനസമയത്തുതന്നെ ഡിവിഷൻ അധികൃതർ അധികമായി രണ്ട് റേക്കുകൾക്കുകൂടി അപേക്ഷ നൽകിയിരുന്നെങ്കിലും ബോർഡ് ഇതുവരെ കനിഞ്ഞിട്ടില്ല. തിരക്കേറിയ സീസണുകളിലും ഓഫീസ് സമയങ്ങളിലും മാത്രമാണ് മലബാറിൽ യാത്രാദുരിതം കൂടുതലെന്നാണ് ബോർഡിന്റെ വിലയിരുത്തൽ.

വൻനഗരങ്ങളിലെ സബർബൻ സർവീസുകളുടെ മാതൃകയിൽ വേഗം കയറാനും ഇറങ്ങാനും കഴിയുന്ന ഘടനയുള്ള മെമു സർവീസ് സമയലാഭം ഉറപ്പുനൽകുന്നതാണ്. ദക്ഷിണറെയിൽവേ ആസ്ഥാനത്ത് മാസങ്ങൾക്കുമുമ്പുതന്നെ എത്തിച്ച മെമുവിന്റെ റേക്കുകളോ, പാലക്കാട് ഡിവിഷന്റെ കീഴിലുള്ള നിലവിലെ റേക്കുകളോ ഉപയോഗപ്പെടുത്തി കോഴിക്കോട്-കണ്ണൂർ മെമു സർവീസിനായി ഭരണതലസമ്മർദം ചെലുത്തണം."അധിക റേക്കുകൾ അനുവദിച്ചു കിട്ടിയാൽ കോഴിക്കോട് വഴി മെമു സർവീസ് ഏർപ്പെടുത്തുമെന്ന കാര്യം നേരത്തേ പ്രഖ്യാപിച്ചതാണ്. രണ്ട് റേക്കുകൾ കൂടി പാലക്കാട് ഡിവിഷന് അനുവദിക്കണമെന്ന ആവശ്യം ബോർഡ് ഉടൻ പരിഗണിക്കുമെന്നാണ് പ്രതീക്ഷ" എം.കെ. ഗോപിനാഥ് (പാലക്കാട് ഡിവിഷൻ പി.ആർ.ഒ)

Post a Comment

0 Comments