മഴക്കെടുതിയിൽ തകർന്ന കുറ്റ്യാടി ചുരംറോഡ് (ഫയൽ ചിത്രം)
|
കോഴിക്കോട്: കുറ്റ്യാടി ചുരം റോഡിലെ സംരക്ഷണ ഭിത്തി കേടുപാടുകള്‍ തീര്‍ക്കുന്ന പ്രവൃത്തി ഉടന്‍ ആരംഭിക്കും. കലക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ജില്ലാ വികസന സമിതി യോഗത്തില്‍ വിപുലമായ എസ്റ്റിമേറ്റ് നവീകരണ പ്രവര്‍ത്തികള്‍ക്കായി തയ്യാറാക്കി വരികയാണെന്നും കേടുപാടുകള്‍ തീര്‍ക്കുന്ന പ്രവൃത്തി ഉടന്‍ ആരംഭിക്കുമെന്നും പൊതുമരാമത്ത് റോഡ്‌സ് വിഭാഗം എക്സി. എന്‍ജിനീയര്‍ അറിയിച്ചു. ചുരം റോഡിലെ സംരക്ഷണ ഭിത്തി തകര്‍ന്നതില്‍ നടപടി വേണമെന്ന് ഇ കെ വിജയന്‍ എംഎല്‍എ ഉന്നയിച്ച വിഷയത്തില്‍ ഗതാഗതം പുനസ്ഥാപിക്കുന്നതിന് താല്‍കാലിക നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും പ്രവൃത്തി ഉടന്‍ ആരംഭിക്കുമെന്നും എന്‍ജിനീയര്‍ അറിയിച്ചത്.
മഴക്കെടുതിയില്‍ തകര്‍ന്ന പൊതുമരാമത്ത് ദേശീയപാത ബൈപ്പാസുകളുടെ പുനരുദ്ധാരണ പ്രവൃത്തികള്‍ ആരംഭിച്ചതായി ദേശീയപാതാ വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ യോഗത്തില്‍ അറിയിച്ചു. വ്യാപകമായി ഉരുള്‍പൊട്ടലില്‍ കരിഞ്ചോലമലയിലെ റോഡില്‍ പാറകഷ്ണങ്ങള്‍ അടിഞ്ഞുകൂടിയത് നീക്കം ചെയ്തതായി പൊതുമരാമത്ത് എക്‌സി.എന്‍ജിനീയര്‍ അറിയിച്ചു. പാറകള്‍ നീക്കം ചെയ്യാന്‍ കാരാട്ട് റസാഖ് എംഎല്‍എ ആവശ്യമുന്നയിച്ചിരുന്നു. യോഗത്തില്‍ ബാലുശ്ശേരിയിലെ സാംസ്‌കാരിക പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സ്വരൂപിച്ച തുക പുരുഷന്‍ കടലുണ്ടി എംഎല്‍എ ജില്ലാ കലക്ടര്‍ യു വി ജോസിന് കൈമാറി. വര്‍ണമുദ്ര ശിങ്കാരിമേളം, പഞ്ചമി കരുമല, നവമാധ്യമ കൂട്ടായ്മ, എസ്എംഎ അബാക്കസ് തുടങ്ങി സംഘടനകള്‍ സ്വരൂപിച്ച 13,4407 രൂപയുടെ ചെക്കാണ് കൈമാറിയത്. എംഎല്‍എമാരായ സി കെ നാണു, പി ടി എ റഹീം, പുരുഷന്‍ കടലുണ്ടി, കെ ദാസന്‍, കാരാട്ട് റസാഖ്, ജില്ലാ കലക്ടര്‍ യു വി ജോസ്, എഡിഎം ടി ജനില്‍കുമാര്‍, പ്ലാനിംഗ് ഓഫീസര്‍ എം എ ഷീല പങ്കെടുത്തു.
0 Comments