യാത്രാനിയന്ത്രണം അവസാനിക്കുന്നു; പുത്തനുണർവിനൊരുങ്ങി ബേപ്പൂർബേപ്പൂർ:മൺസൂണിനോടനുബന്ധിച്ചു യന്ത്രവൽകൃത ഉരുക്കൾക്ക് ഏർപ്പെടുത്തിയ യാത്രാ നിയന്ത്രണം 15നു അവസാനിക്കാനിരിക്കേ തുറമുഖത്ത് ഉരുക്കൾ എത്തിത്തുടങ്ങി. ലക്ഷദ്വീപിലേക്കു ചരക്കു നീക്കത്തിനുള്ള മയിൽവേലൻ തുണൈ, സ്മൈല, രാജാമണി എന്നീ ഉരുക്കളാണ് തുറമുഖത്തെത്തിയത്. രണ്ടു ദിവസത്തിനകം ഇവയിൽ ചരക്ക് കയറ്റിത്തുടങ്ങും. കാലാവസ്ഥ അനുകൂലമായാൽ 17നകം ഉരുക്കൾ ദ്വീപിലേക്കു പുറപ്പെടും. മിനിക്കോയ് ദ്വീപിൽ നിന്നു എംവി മിനിക്കോയ് യാത്രാകപ്പൽ 17നു ബേപ്പൂരിലെത്തുമെന്ന് അധികൃതർ അറിയിച്ചു.നാലു മാസത്തെ ഇടവേളയ്ക്കു ശേഷം ഉരുക്കളും യാത്രാകപ്പലുകളും എത്തുന്ന തുറമുഖത്ത് ഒരുക്കങ്ങൾ തകൃതിയായി. അറ്റകുറ്റപ്പണിയും പെയിന്റിങ്ങും പൂർത്തിയാക്കിയ കൂടുതൽ ഉരുക്കൾ നാളെയും മറ്റന്നാളുമായി തുറമുഖ വാർഫിൽ സ്ഥാനം പിടിക്കും. ഉരുക്കളിലെ അന്യദേശ തൊഴിലാളികൾ ഇതിനകം തിരിച്ചെത്തി തുടങ്ങിയിട്ടുണ്ട്. ആൾത്താമസമുള്ള 12 ചെറുദ്വീപുകളടങ്ങിയ ലക്ഷദ്വീപിലേക്ക് ബേപ്പൂരിൽ നിന്നു ഉരുക്കൾ മുഖേനയാണ് ഭക്ഷ്യവസ്തുക്കൾ, ഇന്ധനം, പാചക വാതകം എന്നിവയെല്ലാം കൊണ്ടു പോകുന്നത്.

ഇതിനു പുറമെ സിമെന്റ്, ജെല്ലി, കമ്പി തുടങ്ങി ഉപ്പുതൊട്ടു കർപ്പൂരം വരെയുള്ള സാധനങ്ങളും കയറ്റിപ്പോകുന്നുണ്ട്. മർക്കന്റയിൽ മറൈൻ ചട്ടപ്രകാരം നോൺ മേജർ തുറമുഖമായ ബേപ്പൂരിൽ മേയ് 15 മുതൽ സെപ്റ്റംബർ 15 വരെ ജലയാനങ്ങൾക്ക് ഭാഗിക യാത്രാ നിയന്ത്രണമാണ്. ഈ കാലയളവിൽ ഉരുക്കളും മറ്റും തീരത്ത് നങ്കൂരമിടുകയാണ് ചെയ്യാറുള്ളത്. ലക്ഷദ്വീപ് ഡവലപ്മെന്റ് കോർപറേഷന്റെ ഉടമസ്ഥതയിലുള്ള ലക്കഡീവ്സ്, ഉബൈദുല്ല, തിന്നക്കര, ചെറിയം, ഏലി കൽപ്പേനി, സാഗർ സാമ്രാജ്, സാഗർ യുവരാജ് എന്നീ കപ്പലുകളിലാണ് മൺസൂണിൽ ദ്വീപിലേക്കു വേണ്ട ഭക്ഷ്യോൽപന്നങ്ങളും മറ്റു അസംസ്കൃത വസ്തുക്കളും എത്തിച്ചത്.

Post a Comment

0 Comments