കെഎസ്ആർടിസി ടെർമിനൽ: വീണ്ടും ടെൻഡർ



കോഴിക്കോട്:മാവൂർ റോഡ് കെഎസ്ആർടിസി ടെർമിനലിലെ വാണിജ്യ സമുച്ചയത്തിന്റെ നടത്തിപ്പ് ഒരു മാസത്തിനുള്ളിൽ ടെൻഡർ ചെയ്തേക്കും. കെടിഡിഎഫ്സി ബോർഡ് ഇതുസംബന്ധിച്ച അനുവാദം നൽകുകയും ടെൻഡർ നടപടികൾ ആരംഭിക്കുകയും ചെയ്തെന്ന് അധികൃതർ അറിയിച്ചു. ടെർമിനലിലെ രണ്ടു ടവറുകളും സ്റ്റാൻഡിനു താഴെയുള്ള വാണിജ്യ സ്ഥലവുമടങ്ങുന്ന രണ്ടര ലക്ഷം ചതുരശ്രയടി ഒറ്റ യൂണിറ്റായാണ് വാടകയ്ക്കു നൽകുന്നത്. കരാറെടുക്കുന്നയാൾക്ക് വിവിധ സ്ഥാപനങ്ങൾക്കായി സ്ഥലം അനുവദിച്ച് വാടക ഈടാക്കാം.

കെടിഡിഎഫ്സി ബിഒടി അടിസ്ഥാനത്തിൽ നിർമിച്ച ടെർമിനലിലെ വരുമാനമാർഗമെന്ന നിലയിൽ വാണിജ്യസമുച്ചയം വാടകയ്ക്കു നൽകുന്നത് ഇതുവരെ മുടങ്ങിക്കിടക്കുകയായിരുന്നു. കെട്ടിടത്തിന് കോർപറേഷന്റെ നമ്പർ ലഭിക്കുകയും ഹൈക്കോടതിയിലെ കേസ് ഒഴിവാകുകയും ചെയ്തതോടെയാണ് നടപടികൾ പുനരാരംഭിച്ചത്. നേരത്തേ മുക്കം ആസ്ഥാനമായുള്ള കമ്പനി 30 വർഷത്തേക്ക് വാടകയ്ക്കെടുത്തിരുന്നെങ്കിലും കെട്ടിട നമ്പർ ലഭിക്കാത്തതിനെത്തുടർന്ന് കരാർ ഒഴിവായി.




ഇവർ അഡ്വാൻസായി നൽകിയിരുന്ന 5 കോടി മടക്കി നൽകുകയും ചെയ്തിരുന്നു. 50 കോടി രൂപ തിരിച്ചുകിട്ടാത്ത നിക്ഷേപമായി കരാറുകാർ നൽകണമെന്നായിരുന്നു ആദ്യത്തെ വ്യവസ്ഥ. ഇതോടൊപ്പം 50 ലക്ഷംവീതം മാസവാടകയും രണ്ടുവർഷം കൂടുമ്പോൾ 15% വർധനയും നൽകണമെന്നും കരാറിലുണ്ടായിരുന്നു. പുതിയ കരാറിലെ വ്യവസ്ഥകൾ അന്തിമമായി രൂപപ്പെടുത്തിവരികയാണെന്നും അധികൃതർ അറിയിച്ചു. നഗരഹൃദയത്തിലെ കെട്ടിടം കെഎസ്ആർടിസി ടെർമിനൽ കം ഷോപ്പിങ് സെന്ററിന്റെ പ്രധാന ആകർഷണമായി സർക്കാർ എടുത്തുകാട്ടുന്നത് നഗരഹൃദയത്തിലെ കെട്ടിടം എന്നതാണ്. ഒരു ടവറിൽ 10 നിലയും രണ്ടാം ടവറിൽ ഒൻപതു നിലയുമാണുള്ളത്. കടകൾ, ഹോട്ടലുകൾ, കോൺഫറൻസ് ഹാളുകൾ, ഐടി ബിസിനസ് കേന്ദ്രങ്ങൾ, ഓഡിറ്റോറിയം എന്നിവയ്ക്കുള്ള സൗകര്യങ്ങൾ ടെർമിനലിൽ ഉണ്ട്. രണ്ടു ടവറുകൾക്ക് ഇടയിലെ സ്ഥലം സ്റ്റേജ് കെട്ടി ഓഡിറ്റോറിയം ആക്കിയാൽ ജില്ലയിലെ തന്നെ ഏറ്റവും വലിയ കൺവൻഷൻ സെന്ററായി അതിനെ മാറ്റാൻ കഴിയുമെന്നും കെടിഡിഎഫ്സി ഉദ്യോഗസ്ഥർ പറയുന്നു.

ശുചിമുറികൾ: ടെൻഡർ വിളിച്ചു

ബസ് സ്റ്റാൻഡിലെ ശുചിമുറികളുടെ നടത്തിപ്പിനു പുതിയ ടെൻഡർ ക്ഷണിച്ചു. പുരുഷൻമാരുടെയും സ്ത്രീകളുടെയും ശുചിമുറികൾ ഒരു വർഷത്തേക്കു നടത്താനായാണ് ടെൻഡർ വിളിച്ചിരിക്കുന്നത്. 24 വരെ ടെൻഡർ സമർപ്പിക്കാം. നിലവിലെ കരാർ കാലാവധി കഴിഞ്ഞമാസം അവസാനിച്ചിരുന്നു.

Post a Comment

0 Comments