ജില്ലയിൽ പകർച്ചവ്യാധികൾ കുറഞ്ഞു; പുതിയ എലിപ്പനി ഡെങ്കിപ്പനി കേസുകളില്ല



കോഴിക്കോട്: പ്രളയത്തിന് ശേഷം ജില്ലയെ ഭീതിയിലാഴ്ത്തിയ ഡെങ്കിപ്പനി, എലിപ്പനി തുടങ്ങിയ പകർച്ചവ്യാധികളുടെ വ്യാപനം കുറഞ്ഞു. ഈ ആഴ്ച രണ്ട് എലിപ്പനി കേസുകളും മൂന്ന് ഡെങ്കിപ്പനിയുമാണ് റിപ്പോർട്ട് ചെയ്തത്. രോഗനിർണയത്തിന് കോഴിക്കോട് ബീച്ച് ജനറൽ ആശുപത്രിയിൽ സംവിധാനം നിലവിലുണ്ട്. ചികിത്സ എല്ലാ ആരോഗ്യകേന്ദ്രങ്ങളിലും ലഭ്യമാണ്. അഞ്ച് വയസ്സുവരെ പ്രായമുള്ള കുട്ടികൾക്ക് എല്ലാ രോഗപ്രതിരോധ കുത്തിവെപ്പും നൽകേണ്ടതുണ്ട്. ജില്ലയിൽ ഇതുവരെ 89 ശതമാനം കുട്ടികൾക്ക് മാത്രമാണ് എല്ലാ രോഗ പ്രതിരോധ കുത്തിവെപ്പും നൽകിയത്. ഇതുവഴി വാക്‌സിൻ കൊണ്ട് തടയാവുന്ന രോഗങ്ങളെ പ്രതിരോധിക്കാൻ കഴിയും. തീരെ കുത്തിവെപ്പ് എടുക്കാത്ത കുട്ടികൾക്കും, ഇടയ്ക്ക് വെച്ച് കുത്തിവെപ്പ് മുടങ്ങിയ കുട്ടികൾക്കും രോഗപ്രതിരോധ കുത്തിവെപ്പ് നൽകാൻ രക്ഷിതാക്കൾ ശ്രദ്ധിക്കണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.



'' ജില്ലയിൽ ആരോഗ്യ ജാഗ്രത പരിപാടിയുടെ ഭാഗമായി പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങൾ തുടർച്ചയായി നടപ്പിലാക്കിയതിനാൽ വെള്ളപ്പൊക്കത്തിന് ശേഷം റിപ്പോർട്ട് ചെയ്ത എലിപ്പനി, ഡങ്കിപ്പനി കേസുകൾ നിയന്ത്രണ വിധേയമാക്കാൻ കഴിഞ്ഞു. എന്നാൽ ആരോഗ്യ വകുപ്പ് ജാഗ്രത തുടരുന്നുണ്ട്.''
ഡോ. വി.ജയശ്രീ (ജില്ലാ മെഡിക്കൽ ഓഫീസർ)

ഈ വർഷം മാസം റിപ്പോർട്ട് ചെയ്ത രോഗവിവരം ഇങ്ങനെ

എലിപ്പനി

സെപ്തംബറിൽ റിപ്പോർട്ട് ചെയ്ത എലിപ്പനി കേസുകൾ 211.
134 എണ്ണവും ആദ്യവാരത്തിൽ. അതിൽ സ്ഥിരീകരിച്ച കേസുകൾ 92. മരണം 9.
രണ്ടാമത്തെ ആഴ്ചയിൽ 31 സംശയാസ്പദമായ കേസുകൾ. സ്ഥിരീകരിച്ചത് 5. മരണം -ഒന്ന്.
തുടർന്നുള്ള ആഴ്ചയിൽ സ്ഥിരീകരിച്ച കേസുകൾ 2. മരണം ഇല്ല.

ഡെങ്കിപ്പനി

സെപ്തംബർ ആദ്യവാരത്തിൽ സംശയാസ്പദമായ ഡെങ്കിപ്പനി കേസുകൾ 24. സ്ഥിരീകരിച്ചത് 2. മരണം ഒന്ന്.
തുടർന്നുള്ള രണ്ട്, മൂന്ന് ആഴ്ചകളിൽ റിപ്പോർട്ട് ചെയ്തത് യഥാക്രമം 31, 17 കേസുകൾ. സ്ഥിരീകരിച്ചത് 11. മരണം ഒന്ന്.
കഴിഞ്ഞ ആഴ്ചയിൽ സ്ഥിരീകരിച്ചത് 3 കേസുകൾ. മരണം ഉണ്ടായിട്ടില്ല.

Post a Comment

0 Comments