കോഴിക്കോട്: കനോലി കനാൽ ശുചീകരണവുമായി ബന്ധപ്പെട്ട് കനാലിന് സമീപത്തെ മരങ്ങള്‍ മുറിച്ചുമാറ്റിത്തുടങ്ങി. കോര്‍പറേഷനും ജില്ലാ ഭരണകൂടവും വേങ്ങേരി നിറവിന്റെ സഹകരണത്തോടെ നടത്തുന്ന 'ഓപ്പറേഷന് കനോലി കനാല്‍ ' ശുചീകരണയജ്ഞത്തോടനുബന്ധിച്ചാണ് കനാലിലേക്ക് ചാഞ്ഞമരങ്ങള്‍ മുറിച്ചുമാറ്റിയത്.
മരങ്ങളുടെ ശിഖരങ്ങള്‍ കനാലിലേക്ക് പൊട്ടി വീഴുന്ന രീതിയിലായിരുന്നു. ഇത് കനാല്‍ വികസനത്തിന് തടസമാകുന്നത് കണക്കിലെടുത്താണ് മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്റെ നിര്‍ദേശാനുസരണം ബീച്ചില്‍ നിന്നും ഫയര്‍ യൂണിറ്റെത്തി മരത്തിന്റെ ചില്ലകളും മറ്റും മുറിച്ചുമാറ്റിയത്. കൊമ്പുകൾ പൊട്ടിവീണും ഇലകള്പൊഴിഞ്ഞും കനോലി കനാലും പരിസരവും ചീഞ്ഞുനാറിയിരുന്നു. ശുചീകരണം പൂര്‍ത്തിയാവുന്നതോടെ കനാലിന്റെ പ്രതാപം വീണ്ടെടുക്കാനാവുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. കനാലില്‍ അടിഞ്ഞു കൂടുന്ന മാലിന്യം നീക്കി ഒഴുക്ക് നേരെയാക്കുന്ന പ്രവൃത്തികളാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്.
0 Comments