ഓപ്പറേഷൻ കനോലി കനാൽ രണ്ടാംഘട്ടത്തിലേക്ക്; ജനപിന്തുണ കൊണ്ട് ആദ്യഘട്ടം വൻ വിജയം

ഓപ്പറേഷൻ കനോലി കനാൽ പദ്ധതിയുടെ ഭാഗമായി കാരപ്പറമ്പ് നടന്ന ശുചീകരണത്തിൽ പങ്കെടുത്ത വളണ്ടിയേർസ്

കോഴിക്കോട്:ജനകീയ പങ്കാളിത്തത്തിലുള്ള മാലിന്യ നീക്കത്തിനുശേഷം കനോലി കനാൽ ശുചീകരണ പദ്ധതി രണ്ടാംഘട്ടത്തിലേക്ക്. പ്രദേശവാസികളുടെ നേതൃത്വത്തിൽ വൃത്തിയായി സൂക്ഷിക്കുന്നതിന്റെ ഭാഗമായി കനാൽ എട്ടു സെക്ടറുകളായി തിരിച്ച് ബോർഡുവയ്ക്കുന്നതിനു തുടക്കമായി. കൗൺസിലർമാരുടെയും റസിഡന്റ്സ് അസോസിയേഷനുകളുടയും നേതൃത്വത്തിലാണ് ഓരോ ഭാഗവും വൃത്തിയായി സൂക്ഷിക്കുക.

തുടർന്ന് ഓരോ ഭാഗത്തെയും ജലം സിഡബ്ല്യുആർഡിഎമ്മിന്റെ നേതൃത്വത്തിൽ പരിശോധിച്ച് ഏതുതരം മാലിന്യമാണ് കലരുന്നതെന്ന് കണ്ടെത്തും. ഇതിന്റെ ഉത്തരവാദികളെ കണ്ടെത്തുകയും ചെയ്യും. ജില്ലാ ഭണകൂടത്തിന്റെയും കോർപറേഷന്റെയും നിർദേശമനുസരിച്ചു നടപ്പാക്കിയ 15 ദിവസത്തെ  ശുചീകരണത്തിൽ ഇതുവരെ 2513 ചാക്ക് പ്ലാസ്റ്റിക്കാണ് നീക്കിയത്.ബോർഡുകൾ സ്ഥാപിക്കുന്ന പ്രവൃത്തി എ.പ്രദീപ്കുമാർ എംഎൽഎ ഉദ്ഘാടനം ചെയ്തു.  മേയർ തോട്ടത്തിൽ രവീന്ദ്രൻ അധ്യക്ഷനായിരുന്നു. സ്ഥിരം സമിതി അധ്യക്ഷരായ കെ.വി.ബാബുരാജ്, എം.രാധാകൃഷ്ണൻ, ആസ്റ്റർ മിംസ് സിഇഒ സാന്റി സജൻ, പ്രഫ. ടി.ശോഭീന്ദ്രൻ, നടൻ ജോയ് മാത്യു, വിവിധ കൗൺസിലർമാർ എന്നിവർ പങ്കെടുത്തു.

ഇന്നലെ കാരപ്പറമ്പിൽ നടന്ന മെഗാ ഓപ്പറേഷനിൽ 60 അഗ്നിരക്ഷാ സേനാംഗങ്ങളാണു പങ്കെടുത്തത്. ബീച്ച്, മീഞ്ചന്ത, വെള്ളിമാടുകുന്ന് നരിക്കുനി, മുക്കം നിലയങ്ങളിൽ നിന്നാണെത്തിയത്. സ്റ്റേഷൻ ഓഫിസർമാരായ പനോത്ത് അജിത് കുമാർ, കെ.പി. ബാബുരാജ് അസി: സ്റ്റേഷൻ ഓഫിസർ കെ.പി. സുനിൽ കുമാർ ലീഡിങ്ങ് ഫയർമാൻമാരായ എൻ. അരുൺ കുമാർ, കെ.സി. സുജിത്ത് കുമാർ പി.കെ.ബാബു, എ.ഷജിൽ കുമാർ എന്നിവരും നേതൃത്വംനൽകി.

ഇതോടൊപ്പം വിവിധ കോളജുകളിൽനിന്നും സ്കൂളുകളിൽനിന്നുമുള്ള വിദ്യാർഥികളും സന്നദ്ധസംഘടനാ പ്രവർത്തകരും പങ്കെടുത്തു. ഹോളി ക്രോസ് കോളജിലെ വിദ്യാർഥികൾ എല്ലാ ദിവസവും ശുചീകരണത്തിൽ പങ്കെടുത്തിരുന്നു. എംഇഎസ് സ്ഥാപനങ്ങളും ആസ്റ്റ്ർ മിംസിലെ ജീവനക്കാരും ശാസ്ത്ര സാഹിത്യ പരിഷത് വൊളന്റിയർമാരും പങ്കുചേർന്നു.

പ്രചാരണത്തിനും മറ്റുമായി പണം ചെലവഴിക്കാതെ വൻജന പിന്തുണ നേടിയതാണ് ഓപ്പറേഷൻ കനോലി കനാലിന്റെ വിജയമായത്. നിറവിന്റെ നേതൃത്വത്തിലുള്ള യജ്ഞത്തിന് വിവിധ കൗൺസിലർമാരുടെ നേതൃത്വത്തിൽ റസിഡന്റ് അസോസിയേഷനുകൾ അണിനിരന്നു. കനാലിനെ ശാസ്ത്രീയമായ മാലിന്യ സംസ്കരണത്തിൽ വർഷങ്ങളുടെ പരിചയമുള്ള നിറവ് പ്രോജക്ട് കോഓർഡിനേറ്റർ ബാബു പറമ്പത്തിന്റെ നേതൃത്വത്തിലായിരുന്നു പദ്ധതി തയാറാക്കിയതും മന്ത്രി ടി.പി.രാമകൃഷ്ണന്റെയും കലക്ടർ യു.വി.ജോസിന്റെയും മുന്നിൽ അവതരിപ്പിച്ചത്. നിറവിന്റെ പ്രായോഗികതയിലൂന്നിയുള്ള ആസൂത്രണമാണ് ഇത്തവണയും വിജയമായതെന്ന് ബാബു പറമ്പത്ത് പറഞ്ഞു. പരിശീലനം നേടിയ 50 വൊളന്റിയർമാരും 10 കോഓർഡിനറ്റർമാരും പദ്ധതിക്കായി അധ്വാനിച്ചു.

സെക്ടറുകൾ ഇങ്ങനെ

1. കൈപ്പുറത്ത് പാലം

2. നെല്ലിക്കപ്പാലം

3. മുടപ്പാട്ടുപാലം

4. കാരപ്പറമ്പ് ചെറിയപാലം

5. സരോവരം

6. അരയിടത്തുപാലം

7. പുതിയപാലം

8. കല്ലായി

പണി ആയുധങ്ങൾ നൽകി

കനോലി കനാൽ ശുചീകരണ പ്രവർത്തനങ്ങൾക്കായി മലബാർ ഐ ഹോസ്പിറ്റൽ എംഡി അബ്ദുൽ റഷീദ് പണി ആയുധങ്ങൾ സംഭാവന ചെയ്തു. പത്രപ്രവർത്തക യൂണിയൻ സംസ്ഥാന പ്രസിഡന്റ്  കമാൽ വരദൂരിൽനിന്ന് നടൻ ജോയ് മാത്യുവും  നിറവു പ്രവർത്തകരും ചേർന്ന് ഏറ്റുവാങ്ങി. സാമഗ്രികളുടെ കുറവ് വൊളന്റിയർമാർ കഴിഞ്ഞദിവസം ശുചീകരണത്തിൽ പങ്കുചേർന്ന മാധ്യമപ്രവർത്തകരുടെ ശ്രദ്ധയിൽപെടുത്തിയിരുന്നു.

Post a Comment

0 Comments