പ്ലാസ്റ്റിക് മാലിന്യത്തിൽനിന്ന് പെട്രോളിയം; പ്ലാന്റ് സ്ഥാപിക്കാൻ ഫെഡോയും കോഴിക്കോട് എൻ.ഐ.ടി.യും തമ്മിൽ ധാരണാപത്രം



കൊച്ചി: പ്ലാസ്റ്റിക് മാലിന്യം നിർമാർജനം ചെയ്ത് അവയിൽനിന്ന് പെട്രോളും ഡീസലും ഉത്പാദിപ്പിക്കാൻ കേരളത്തിൽ പദ്ധതിയൊരുങ്ങുന്നു. കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഫാക്ടിന്റെ എൻജിനീയറിങ് കൺസൾട്ടൻസി വിഭാഗമായ ‘ഫെഡോ’യും കോഴിക്കോട് എൻ.ഐ.ടി.യും ചേർന്നാണ് ഇതിന് രൂപം നൽകുന്നത്.

പ്ലാസ്റ്റിക് മാലിന്യ നിർമാർജനത്തിലൂടെ പെട്രോളും ഡീസലും ഉത്പാദിപ്പിക്കാമെന്ന ശ്രദ്ധേയമായ കണ്ടുപിടിത്തം നടത്തിയത് കോഴിക്കോട് എൻ.ഐ.ടി.യിലെ പ്രൊഫ. ലിസ ശ്രീജിത് ആണ്. വിഷവസ്തുക്കളോ ഹാനികരമായ വാതകങ്ങളോ ഇല്ലാതെ തരംതിരിക്കാത്ത പ്ലാസ്റ്റിക് മാലിന്യത്തിൽ നിന്ന് ഇന്ധനവും മറ്റും ഉത്പാദിപ്പിക്കാമെന്ന കെമിക്കൽ സാങ്കേതികവിദ്യ കോഴിക്കോട് എൻ.ഐ.ടി.യിൽ വികസിപ്പിച്ചെടുക്കുകയായിരുന്നു. ലബോറട്ടറിയിൽ ഇതിന്റെ മാതൃകാ യൂണിറ്റുണ്ടാക്കി ഇന്ധനം പരീക്ഷണാടിസ്ഥാനത്തിൽ വിജയകരമായി ഉത്പാദിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

ഫെഡോ ഇതിനുവേണ്ട വിശദമായ എൻജിനീയറിങ് ഡിസൈൻ നൽകുകയും പൈലറ്റ് പ്ലാൻറ് എൻ.ഐ.ടി. കാമ്പസിൽ സ്ഥാപിക്കുകയും ചെയ്യും. പൈലറ്റ് പ്ലാൻറ് വിജയിച്ചു കഴിയുമ്പോൾ വാണിജ്യാടിസ്ഥാനത്തിലുള്ള പ്ലാന്റും ഫെഡോ തന്നെ സ്ഥാപിക്കും. ഫെഡോയും കോഴിക്കോട് എൻ.ഐ.ടി.യും ഇതു സംബന്ധിച്ച ധാരണാപത്രത്തിൽ ഒപ്പിട്ടു.



വിവിധ സ്ഥലങ്ങളിൽ നടത്തിയ ഗവേഷണങ്ങളിൽ പ്ലാസ്റ്റിക് മാലിന്യ നിർമാർജന പ്രക്രിയയുടെ ഭാഗമായി പെട്രോൾ തുടങ്ങിയ ഇന്ധനങ്ങൾ ഉത്പാദിപ്പിക്കാമെന്ന്‌ തെളിഞ്ഞിട്ടുണ്ട്. എന്നാൽ പല കാരണങ്ങളാൽ അവയൊന്നും വാണിജ്യാടിസ്ഥാനത്തിൽ വിജയം കണ്ടില്ല. പ്ലാസ്റ്റിക് മാലിന്യം ഇന്ധനമായി മാറ്റുമ്പോൾ വൻതോതിൽ വിഷവാതകങ്ങളും മറ്റുമുണ്ടാകുന്നത് വ്യാപകമായ പരിസ്ഥിതി മലിനീകരണത്തിന് കാരണമാകുന്നു. എന്നാൽ, കോഴിക്കോട് എൻ.ഐ.ടി.യിൽ വികസിപ്പിച്ചെടുത്ത പ്രക്രിയയിൽ യാതൊരുവിധ വിഷവാതകങ്ങളൊ മറ്റു മാലിന്യങ്ങളൊ ഉണ്ടാകുന്നില്ല. ചിലയിടങ്ങളിൽ വികസിപ്പിച്ചെടുത്ത പ്രക്രിയയിൽ പ്ലാസ്റ്റിക്‌ മാലിന്യം തരംതിരിച്ച് ചില പ്രത്യേക തരം പ്ലാസ്റ്റിക്‌ മാത്രം ഉപയോഗിച്ചായിരുന്നു ഉത്പാദനം. ചില പ്രക്രിയയിൽ ഇന്ധന ഉത്പാദനത്തിന് വിലയേറിയ കാറ്റലിസ്റ്റുകൾ ഉപയോഗിക്കേണ്ടതുണ്ട്. എന്നാൽ, എൻ.ഐ.ടി.യുടെ കണ്ടുപിടിത്തത്തിൽ ഒരുവിധ കാറ്റലിസ്റ്റും ഉപയോഗിക്കുന്നില്ല. ഇത്തരം സവിശേഷതകൾ എൻ.ഐ.ടി.യുടെ കണ്ടുപിടിത്തം വാണിജ്യാടിസ്ഥാനത്തിൽ വൻ വിജയം ആക്കുമെന്നാണ് പ്രതീക്ഷ. ഫെഡോ ജനറൽ മാനേജർ ബി.കെ. ഗീതയും എൻ.ഐ.ടി.ക്കു വേണ്ടി ഡോ. ശിവജി ചക്രവർത്തി യുമാണ് ധാരണാപത്രത്തിൽ ഒപ്പിട്ടത്.

Post a Comment

0 Comments