രാമനാട്ടുകര മേൽപ്പാലം പൂർത്തീകരണം നവംബറിൽ


കോഴിക്കോട്: ദേശീയപാത ബൈപ്പാസിൽ നിർമിക്കുന്ന രാമനാട്ടുകര മേൽപ്പാലത്തിനുള്ള കാത്തിരിപ്പ് രണ്ടുമാസംകൂടി നീളും. പാലത്തിന്റെ പണി പൂർത്തിയായിട്ടുണ്ട്. സമീപനറോഡിൽ മണ്ണുനിറക്കലും പാലത്തിലെയും സർവീസ് റോഡുകളുടെയും ടാറിങ്ങും മറ്റു മിനുക്കുപണികളുമാണ് ബാക്കിയുള്ളത്. ചായംപൂശലും തെരുവുവിളക്കുകൾ സ്ഥാപിക്കുന്ന ജോലിയും തീർക്കാനുണ്ട്. ഇത് ഒക്ടോബർ അവസാനവാരത്തോടെ പൂർത്തിയാകുമെന്ന് ദേശീയപാതാ എക്സിക്യുട്ടീവ് എൻജിനീയർ കെ. വിനയരാജ് പറഞ്ഞു.
മേൽപ്പാലത്തിന്റെ പണി 2017 മാർച്ചിലാണ്‌ ആരംഭിച്ചത്. 14 സ്പാനുകളിലായി 440 മീറ്റർ നീളത്തിലും 12 മീറ്റർ വീതിയിലുമാണ് പാലം നിർമിച്ചത്. 85 കോടിരൂപ ചെലവിട്ടാണ് നിർമാണം. ഇതോടൊപ്പം നീലിത്തോടിനുകുറുകെ നിലവിലെ പാലത്തിന് ഇരുവശത്തുമായി രണ്ടുപാലങ്ങൾ പുതുതായി നിർമിച്ചിട്ടുണ്ട്. നിസരി ജങ്ഷൻ മുതൽ എച്ച്.പി. പെട്രോൾപമ്പുവരെ റോഡിനിരുവശത്തും സർവീസ് റോഡുകളുടെ പണി അവസാനഘട്ടത്തിലാണ്. മേൽപ്പാലം നവംബറിൽ ഗതാഗതത്തിന്‌ തുറന്നുകൊടുക്കാനാണ് പദ്ധതി.


പ്രളയദുരിതാശ്വാസപ്രവർത്തനങ്ങളുടെ ഭാഗമായി ഉദ്ഘാടനച്ചടങ്ങുകൾ ലളിതമാക്കാനാണ് ആലോചിക്കുന്നതെന്ന് ദേശീയപാതാ അധികൃതർ പറഞ്ഞു. രാമനാട്ടുകരയിലെ മേൽപ്പാലം മറ്റുമേൽപ്പാലങ്ങളിൽനിന്ന് വ്യത്യസ്തമായി സ്പാനുകൾക്കിടയിലെ വിടവുകുറച്ചാണ് നിർമിച്ചിരിക്കുന്നത്. ഇത് വാഹനങ്ങൾ സഞ്ചരിക്കുമ്പോഴുള്ള സ്വാഭാവികചാട്ടം ഒഴിവാക്കും. 50 സെന്റിമീറ്റർ വീതിയിൽ ആർച്ചുരീതിയിലുള്ള മനോഹരമായ ക്രാഷ് ബാരിയർ കൈവരികളാണ് നിർമിച്ചിട്ടുള്ളത്. മേൽപ്പാലത്തിലേക്കുള്ള പ്രവേശനഭാഗമായ നിസരി ജങ്ഷനിലും മേൽപ്പാലം ജങ്ഷനിലും സർക്കിളുകൾ സ്ഥാപിച്ച് മനോഹരമാക്കും. പാലത്തിനുതാഴെ പാർക്കിങ് സജ്ജീകരിക്കാനുമുള്ള പദ്ധതിയും ബാക്കിയുണ്ടെന്ന് പ്രവൃത്തിയേറ്റെടുത്ത്‌ നടത്തുന്ന യു.എൽ.സി.സി.യുടെ പ്രൊജക്ട് എൻജിനീയർ മുഹമ്മദ് അമീൻ പറഞ്ഞു. ദേശീയപാതാവിഭാഗം സ്വന്തമായി രൂപകൽപ്പന ചെയ്തതാണ് രാമനാട്ടുകര മേൽപ്പാലം. ബൈപ്പാസിൽ രാമനാട്ടുകര മുതൽ വെങ്ങളംവരെയുള്ള ഭാഗം ആറുവരിയാക്കുമ്പോൾ നിലവിലെ പാലത്തിന്‌ സമാന്തരമായി മറ്റൊന്നുകൂടി നിർമിക്കേണ്ടിവരും. ആ പാലത്തിനും സമാനമായ ഡിസൈനാണുണ്ടാവുക. പാലം തുറന്നുകൊടുക്കുന്നതോടെ നഗരത്തിലെ ഗതാഗതക്കുരുക്കിന് ഒരുപരിധിവരെ കുറവുണ്ടാവും.

Post a Comment

0 Comments