കൂടരഞ്ഞിയിൽ ക്വാറികളുടെ പ്രവർത്തനം പുനരാരംഭിച്ചു


തിരുവമ്പാടി: പ്രകൃതി ദുരന്തത്തെത്തുടർന്ന് അടച്ച കൂടരഞ്ഞി പഞ്ചായത്തിലെ മുഴുവൻ ക്വാറികളും പ്രവർത്തിക്കാൻ തീരുമാനം. കൂടരഞ്ഞി പഞ്ചായത്ത് പ്രസിഡന്റ് വിളിച്ചുചേർത്ത യോഗത്തിന്റേതാണ് തീരുമാനം. രാഷ്ട്രീയപാർട്ടി പ്രതിനിധികളും ക്വാറി ഉടമകളും ജനപ്രതിനിധികളുമാണ് യോഗത്തിൽ പങ്കെടുത്തത്. താമരശ്ശേരി തഹസിൽദാറും യോഗത്തിൽ പങ്കെടുത്തു. ബി.ജെ.പി.യും ജനാധിപത്യ കേരള കോൺഗ്രസും ഒഴികെയുള്ള എല്ലാ പാർട്ടി പ്രതിനിധികളും ക്വാറികൾക്ക് അനുകൂലമായ നിലപാടെടുത്തു. രണ്ടുപേർ മരിക്കുകയും നിരവധി സ്ഥലത്ത് ഉരുൾപൊട്ടലും മണ്ണിടിച്ചിലുമുണ്ടായ സാഹചര്യത്തിൽ ക്വാറികൾ വീണ്ടും പ്രവർത്തിക്കുന്നതിനെതിരേ നാട്ടുകാർ പരാതിയുമായി വന്നിരുന്നു.

200 പേർ ഒപ്പിട്ട നിവേദനം കളക്ടർക്ക് ഉൾപ്പെടെ നൽകി. എന്നാൽ പരാതിയിൽ ഒപ്പിട്ടവരെയോ മറ്റ് കർമസമിതി പ്രതിനിധികളെയോ യോഗത്തിലേക്ക് വിളിച്ചിരുന്നില്ല. ദുരിതാശ്വാസ പ്രവർത്തനങ്ങൾ പൂർത്തിയാകുന്നതിന് മുമ്പുതന്നെ പാറ പൊട്ടിക്കാൻ തുടങ്ങുന്നതിൽ ശക്തമായ എതിർപ്പാണുയരുന്നത്. നിലവിലുള്ള ക്വാറികൾ തുടർന്ന് പ്രവർത്തിക്കാനുള്ള ജില്ലാ വികസനസമിതിയുടെ തീരുമാനം തഹസിൽദാർ യോഗത്തെ അറിയിച്ചു. സർക്കാർ തീരുമാനിക്കുന്ന മുറയ്ക്ക് മറ്റ് പഠനങ്ങൾ നടക്കും.സി.പി.എം, കോൺഗ്രസ് തുടങ്ങിയ പാർട്ടികളുടെ പ്രതിനിധികളൊക്കെ ക്വാറികളുടെ പ്രവർത്തനം തുടങ്ങണമെന്ന അഭിപ്രായക്കാരായിരുന്നു. കൂടരഞ്ഞിയിൽ ഉണ്ടായത് മണ്ണിടിച്ചിൽ മാത്രമാണെന്നും മറിച്ചുള്ള പ്രചാരണം നാടിന്റെ വികസനത്തിന് എതിരാണെന്നുമായിരുന്നു ഇവരുടെ വാദം. ജില്ലാ ജിയോളജിസ്റ്റിനെ ഒഴിവാക്കി വിദഗ്ധ പഠനം നടത്തണമെന്ന് ജനാധിപത്യ കേരള കോൺഗ്രസ് പ്രതിനിധി ജോൺസൺ കുളത്തിങ്കൽ യോഗത്തിൽ ആവശ്യപ്പെട്ടു.

Post a Comment

0 Comments