ട്രെയിൻ വൈകൽ 5 മിനിറ്റില്‍ താഴെയാക്കാം: എംപിമാരോടു റെയിൽവേ


തിരുവനന്തപുരം:പ്രതിദിന ട്രെയിനുകളുടെ വൈകിയോട്ടം ശരാശരി അഞ്ചുമിനിറ്റില്‍ താഴെയാക്കാമെന്നു റെയില്‍വേ അധികൃതർ ഉറപ്പു നല്‍കിയതായി കെ.സി.വേണുഗോപാല്‍ എം.പി. ട്രാക്കുകളുടെ അറ്റകുറ്റപ്പണികള്‍, കാലപ്പഴക്കം വന്ന റെയിലുകള്‍ മാറ്റി സ്ഥാപിക്കൽ, ലോക്കോ പൈലറ്റുമാരുടെ കുറവ് തുടങ്ങിയ കാരണങ്ങളാണു വൈകലിനു കാരണമെന്നു ദക്ഷിണ റെയില്‍വേ ജനറല്‍ മാനേജര്‍ കുലശ്രേഷ്ഠ, തിരുവനന്തപുരത്തു ദക്ഷിണ റെയിൽവേ വിളിച്ചുചേർത്ത എംപിമാരുടെ യോഗത്തില്‍ പറഞ്ഞു.

റെയില്‍വേ ഉദ്യോഗസ്ഥരുടെ അലഭാവവും കെടുകാര്യസ്ഥയുമാണു പ്രതിദിന ട്രെയിനുകള്‍ ദിവസവും മണിക്കൂറുകളോളം വൈകുന്നതിനു കാരണം. ഇന്റര്‍‌സിറ്റി, വഞ്ചിനാട്, ഏറനാട് ഉള്‍പ്പെടെയുള്ള ട്രെയിനുകളുടെ വൈകിയോട്ടം കാരണം സര്‍ക്കാര്‍- സ്വകാര്യ ജീവനക്കാര്‍ കടുത്ത പ്രതിസന്ധി നേരിടുകയാണെന്നും യോഗത്തില്‍ അധ്യക്ഷത വഹിച്ച വേണുഗോപാല്‍ ചൂണ്ടിക്കാട്ടി. ഇക്കാര്യത്തില്‍ തൃപ്തികരമായ മറുപടിയും പരിഹാര മാര്‍ഗ്ഗങ്ങളും ഉണ്ടായില്ലെങ്കില്‍ യോഗം നടത്തേണ്ട കാര്യമില്ലായെന്ന് എംപിമാര്‍ നിലപാടെടുത്തു. ഇതോടെ, അഞ്ചു മിനിറ്റില്‍ കൂടുതല്‍ പ്രതിദിന ട്രെയിനുകൾ വൈകുന്ന സാഹചര്യമുണ്ടാകില്ലെന്നു റെയില്‍വേ ഉറപ്പു നൽകിയത്.



ദക്ഷിണ റെയില്‍വേയുടെ പ്രിന്‍സിപ്പല്‍ ചീഫ് ഓപ്പറേറ്റിങ് മാനേജര്‍ എസ്.അനന്തരാമന്റെ നേതൃത്വത്തില്‍ ദിവസവും ട്രെയിന്‍ ഗതാഗതം കര്‍ശനമായി നിരീക്ഷിക്കുന്നതിന് 27 മുതല്‍ പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തി. ഇപ്പോള്‍ നടന്നുവരുന്ന ട്രാക്ക് അറ്റകുറ്റപ്പണികളടക്കമുള്ള സാങ്കേതിക ബുദ്ധിമുട്ടുകള്‍ പരിഹരിച്ചു രണ്ടു മാസത്തിനകം പഴയ ടൈംടേബിള്‍ പുനഃസ്ഥാപിക്കുന്ന കാര്യം പരിഗണിക്കാമെന്നു ജനറല്‍ മാനേജര്‍ അറിയിച്ചു. കേരളത്തിന് അനുവദിച്ച എൽഎച്ച്ബി കോച്ചുകള്‍ ഇവിടെ ഓടുന്ന ട്രെയിനുകളില്‍ തന്നെ ഉപയോഗിക്കുന്നതിനു നടപടി വേണമെന്ന് എംപിമാർ ആവശ്യപ്പെട്ടു.

കൊച്ചുവേളി– ബെംഗളൂരു എക്സ്പ്രസ്സില്‍നിന്ന് ഒഴിവാക്കിയ ലേഡീസ് കംപാര്‍ട്ട്മെന്‍റ് ഉടന്‍ പുനഃസ്ഥാപിക്കും. തീരദേശപാതയിലെ പാത ഇരട്ടിപ്പിക്കല്‍ അനിശ്ചിതമായി വൈകിപ്പിക്കുന്ന സാഹചര്യം ഒഴിവാക്കും. അമ്പലപ്പുഴ- ഹരിപ്പാട്‌ പാത വരുന്ന മാര്‍ച്ചോടെ കമ്മിഷന്‍ ചെയ്യാനാകുമെന്നു റെയില്‍വേ വ്യക്തമാക്കി. മെമു ട്രെയിനുകളുടെ സമയം യാത്രക്കാര്‍ക്കു ഗുണകരമായ രീതിയില്‍ പുനഃക്രമീകരിക്കണമെന്നും പാസഞ്ചര്‍ ട്രെയിനുകള്‍ സമയം പാലിക്കുന്നതിനു നടപടി വേണമെന്നും എംപിമാർ ആവശ്യപ്പെട്ടു.

Post a Comment

0 Comments