മുതിര്‍ന്ന പൗരന്മാരെ തെരുവിലും ആശുപത്രികളിലും ഉപേക്ഷിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി; ജില്ലാ കലക്ടര്‍



കോഴിക്കോട്:അടുത്ത ബന്ധുകള്‍ ഉണ്ടായിട്ടും മുതിര്‍ന്ന പൗരന്മാരെ തെരുവിലും ആശുപത്രികളിലും ഉപേക്ഷിക്കുന്നവര്‍ക്കെതിരെ നിയമപരമായ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ കലക്ടര്‍ യു.വി ജോസ് പറഞ്ഞു. ആരോരും ഇല്ലാത്തവര്‍ക്ക് സന്നദ്ധ സംഘടനക്കള്‍ വഴി പുനരധിവാസം ഉറപ്പു വരുത്തും. കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ ഉപേക്ഷിക്കപ്പെട്ട നിലവില്‍ 16 പേരുണ്ട്. ഇതില്‍ 10 പേര്‍ ചികിത്സയിലാണ്. ആറ് പേര്‍ ചികിത്സ കഴിഞ്ഞെങ്കിലും പോകാന്‍ ഇടമില്ലാത്തവരാണ്. ഇതില്‍ മക്കളും ഭാര്യയും ബന്ധുക്കളും ഉളളവരുമുണ്ട്. അടുത്ത ബന്ധുക്കള്‍ ഉളളവര്‍ ആശുപത്രിയില്‍ കഴിയുന്നവരെ കൂടിക്കൊണ്ടുപോകേണ്ടതാണ്. അല്ലാത്ത പക്ഷം മുതിര്‍ന്ന പൗരന്മാരെ സംരക്ഷിക്കുന്ന നിയമം ഉപയോഗിച്ച് ശക്തമായ നടപടി സ്വീകരിക്കും. വീട്ടില്‍ കയറ്റാന്‍ മടിച്ച് ഒഴിവാക്കുന്ന സാഹചര്യമുണ്ടാവരുത്.



ജില്ലയിലെ മറ്റ് സര്‍ക്കാര്‍ ആശുപത്രിയിലും മെഡിക്കല്‍ കോളേജിലും ഇതുപോലെ ഉപേക്ഷിക്കപ്പെട്ടവര്‍ ഉണ്ടോയെന്ന് റിപ്പോര്‍ട്ട് നല്‍കാന്‍ ജില്ലാ മെഡിക്കല്‍ ഓഫീസറെ കലക്ടര്‍ ചുമതലപ്പെടുത്തി. മുതിര്‍ന്നവര്‍ക്കുളള നിയമം കര്‍ശനമായും നടപ്പാക്കാന്‍ സബ് കലക്ടറയെും ജില്ലാ സാമൂഹ്യനീതി ഓഫീസറെയും ചുമതലപ്പെടുത്തി. ഉറ്റവര്‍ ഇല്ലാത്തവരെ പുനരധിവസിപ്പിക്കാന്‍ ജില്ലാ ലീഗല്‍ സര്‍വ്വീസ് അതോറിറ്റി സെക്രട്ടറിയേയും ജില്ലാ സാമൂഹ്യനീതി ഓഫീസറെയും ചുമതലപ്പെടുത്തി.

ബീച്ച് ആശുപത്രിയില്‍ അഗതികള്‍ക്കുവേണ്ടി പ്രത്യേക വാര്‍ഡ് ആരംഭിക്കുന്നതിന് നടപടി സ്വീകരിക്കാന്‍ ആശുപത്രി സൂപ്രണ്ടിനെയും ജില്ലാ മെഡിക്കല്‍ ഓഫീസറെയും ചുമതലപ്പെടുത്തി. റെഡ് ക്രോസ്, ഹോം ഓഫ് ലവ്, തെരുവിന്റെ മക്കള്‍ എന്നീ സന്നദ്ധ സംഘടനകള്‍ ഉപേക്ഷിക്കപ്പെട്ടവരെ പുനരധിവസിപ്പിക്കുന്നതിന് തയ്യാറാണെന്ന് അറിയിച്ചു.

ഇത് സംബന്ധിച്ച് കലക്ടറുടെ ചേമ്പറില്‍ നടന്ന യോഗത്തില്‍ ജില്ലാകലക്ടര്‍ യു.വി ജോസ് അധ്യക്ഷത വഹിച്ചു, ഡോ.എം.കെ മുനീര്‍ എംഎല്‍എ, ജില്ലാ ലീഗല്‍ സര്‍വ്വീസ് അതോറിറ്റി സെക്രട്ടറി എം.പി ജയരാജ്, എ.ഡി.എം ടി ജനില്‍കുമാര്‍, ബീച്ച് ആശുപത്രി സൂപ്രണ്ട് ഡോ.വി ഉമ്മര്‍ ഫറൂഖ്, ഡി.എം.ഒ ഡോ വി. ജയശ്രീ, ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ അനീറ്റ എസ് ലിന്‍, റെഡ് ക്രോസ് ജില്ലാ ചെയര്‍മാന്‍ അഡ്വ. എം. രാജന്‍, എം.വി ജലീല്‍, സലീം, പി. ഷാന്‍, ദീപു. കെ തുടങ്ങിയവര്‍ പങ്കെടുത്തു.

Post a Comment

0 Comments