കോഴിക്കോട്: സന്ദര്‍ശകരുടെ ഇഷ്ടകേന്ദ്രമായി ചരിത്രപ്രസിദ്ധമായ തിക്കോടി കല്ലകത്ത് കടല്‍തീരം. വെള്ളിയാംകല്ലും പാറക്കൂട്ടങ്ങളും നിറഞ്ഞ വിശാലമായ തീരവും ശാന്തമായ തിരമാലയുമൊക്കെയാണ് തിക്കോടി കല്ലകത്ത് ബീച്ചിലേക്കു ദൂരെ ദിക്കുകളില്‍നിന്നു പോലും സഞ്ചാരികളെ ഇങ്ങോട്ട് ആകര്‍ഷിക്കുന്നത്. പ്രകൃതിദത്തമായ കാഴ്ചകള്‍ കൊണ്ട് സമ്പന്നമായ സംസ്ഥാനത്തെ തന്നെ അറിയപ്പെടുന്ന ബീച്ചുകളിലൊന്നാണ് തിക്കോടി കല്ലകത്ത്. തെളിഞ്ഞതും ശാന്തവുമായ അന്തരീക്ഷമാണ് ഇവിടത്തെ പ്രധാന ആകര്‍ഷണം. കൂടാതെ ആഴം കുറഞ്ഞ കടലായതിനാല്‍ നീന്താനും മറ്റു ജലകായിക വിനോദങ്ങള്‍ക്കും പറ്റിയതാണ്. ഇവിടെ 14 കിലോമീറ്റര്‍ ദൂരം വരെ കടലിലിറങ്ങാന്‍ കഴിയുമെന്ന പ്രത്യേകതയുമുണ്ട്. ഒലീവ് റിഡ്‌ലി കടലാമകളാണ് ഇവിടുത്തെ മറ്റൊരു പ്രധാന ആകര്‍ഷണം. വംശനാശം നേരിടുന്ന കടലാമകളുടെ സംരക്ഷണകേന്ദ്രങ്ങളും തീരത്തുണ്ട്. നവംബര്‍- ഡിസംബര്‍ മാസങ്ങളില്‍ നൂറുകണക്കിനു കടലാമകളാണ് ഇവിടെ മുട്ടയിടാനെത്തുന്നത്.
കൂടാതെ കല്ലകത്ത് തീരം മികച്ച ഡ്രൈവ് ഇന്‍ ബീച്ചിന് അനുയോജ്യവുമാണ്. സംസ്ഥാനത്ത് നിലവില്‍ ഏറ്റവും പ്രസിദ്ധമായ ഡ്രൈവ് ഇന്‍ ബീച്ച് മുഴുപ്പിലങ്ങാടാണ്. എന്നാല്‍ മുഴുപ്പിലങ്ങാടിനെ കിടപിടിക്കുന്നതാണ് കല്ലകത്ത് ബീച്ചെന്ന് തെളിയിക്കപ്പെട്ടതാണ്. ഫുട്‌ബോള്‍ മൈതാനവും ബൈക്കും കാറും ഓടിക്കാനുള്ള ട്രാക്കും പോലെ മിനുമിനുത്ത് ഉറച്ചുകിടക്കുന്നതാണ് ഇവിടുത്തെ കടല്‍തീരം.വേലിയിറക്കസമയത്ത് തീരം കൂടുതല്‍ വിശാലമാവും. പാറകള്‍പോലെ തോന്നിക്കുന്ന മണ്‍പുറ്റുകള്‍ ഇവിടെ തെളിഞ്ഞുകാണാം. കടലിലെ ചെങ്കല്‍പാറയില്‍ കല്ലുമ്മക്കായ് ധാരാളം ലഭിക്കുമെന്ന പ്രത്യേകതയും തിക്കോടി കല്ലകത്ത് ബീച്ചിനുണ്ട്.
ദിനംപ്രതി സന്ദര്‍ശകര്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ ടൂറിസം പദ്ധതിയില്‍ ഉള്‍പെടുത്തി ബീച്ച് വികസിപ്പിക്കാന്‍ നേരത്തെ തീരുമാനിച്ചിരുന്നു. കല്ലകത്ത് ബീച്ച് മുതല്‍ അകലാപ്പുഴ വരെ ടൂറിസം റോഡ് യാഥാര്‍ഥ്യമാക്കാനും തീരുമാനമുണ്ടായിരുന്നു. ഇതിന്റെ ഭാഗമായി വിനോദസഞ്ചാര വകുപ്പിന്റെ ഉന്നത ഉദ്യോഗസ്ഥരും വിവിധ ഏജന്‍സികളും ഇവിടെ സന്ദര്‍ശിക്കുകയും ടൂറിസം സാധ്യതകളെ സംബന്ധിച്ചു മനസിലാക്കുകയും ചെയ്തു.
രണ്ടാംഘട്ടത്തില്‍ പാറപ്പള്ളി, ഉരുപുണ്യകാവ്, ലൈറ്റ്ഹൗസ്, വെള്ളിയാംകല്ല്, ക്രാഫ്റ്റ് വില്ലേജ്, കൊളാവിപ്പാലം, കുഞ്ഞാലി മരയ്ക്കാര്‍ സ്മാരകം, അകലാപ്പുഴ എന്നിവയെല്ലാം ബന്ധിപ്പിച്ച് ടൂറിസം സര്‍ക്യൂട്ടിനുള്ള സാധ്യതകളും അന്നു ചര്‍ച്ചയായിരുന്നു. എന്നാല്‍, പദ്ധതിയുടെ ആദ്യഘട്ടം പോലും നടപ്പാക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ല. ഇവിടെ ടൂറിസം കേന്ദ്രമായി പ്രഖ്യാപിക്കാനോ മറ്റു പ്രാഥമിക നടപടികള്‍ സ്വീകരിക്കാനോ അധികൃതര്‍ തയാറായിട്ടുമില്ല. ഇക്കാര്യത്തില്‍ അധികൃതര്‍ അടിയന്തരശ്രദ്ധ പതിപ്പിക്കണമെന്നാണു നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.
0 Comments