കോഴിക്കോട്: മൂരാട് പുതിയ പാലത്തിന്റെ നിര്‍മാണം ദേശീയപാത വികസിപ്പിക്കുമ്പോള്‍ മാത്രമേ നടക്കൂ എന്ന് കേന്ദ്ര സർക്കാർ. മുല്ലപ്പള്ളി രാമചന്ദ്രന്‍ എം.പി.ക്ക് കേന്ദ്ര ഉപരിതലഗതാഗത സഹമന്ത്രി മന്‍സൂഖ് എല്‍. മാണ്ഡവ്യ ലോക്‌സഭയില്‍ നല്‍കിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ദേശീയപാതാ വികസനത്തിന് കാത്തുനില്‍ക്കാതെ മൂരാട് പാലം പണി പ്രത്യേകപദ്ധതിയായി തുടങ്ങാന്‍ ജനുവരിയില്‍ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിയും സംസ്ഥാന പൊതുമരാമത്ത് മന്ത്രി ജി. സുധാകരനും നടത്തിയ ചര്‍ച്ചയില്‍ തീരുമാനിച്ചിരുന്നു. ഈ തീരുമാനം നിലനില്‍ക്കെയാണ് കേന്ദ്രം നിലപാടുമാറ്റിയത്. മൂരാട് പുതിയ പാലം പണിയാന്‍ ദേശീയപാതാ അതോറിറ്റി കേരളത്തില്‍നിന്ന് പ്രൊപ്പോസല്‍ സ്വീകരിച്ചിട്ടുണ്ടോ, ഉണ്ടെങ്കില്‍ എപ്പോള്‍ പ്രവൃത്തി തുടങ്ങും എന്നീ ചോദ്യങ്ങളാണ് മുല്ലപ്പള്ളി ലോക്‌സഭയില്‍ ഉന്നയിച്ചത്. കോഴിക്കോടിനും വടകരയ്ക്കും മധ്യേയുള്ള മൂരാട് പാലത്തിന്റെ നിര്‍മാണം 'ഭാരത്മാലാ പരിയോജന' പദ്ധതിയുടെ ഭാഗമാണെന്ന് മറുപടിയില്‍ വ്യക്തമാക്കി.
കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെയുള്ള പ്രവൃത്തിയുടെ വിശദമായ പദ്ധതിറിപ്പോര്‍ട്ട് (ഡി.പി.ആര്‍.) തയ്യാറാക്കാന്‍ തുടങ്ങിയിട്ടുണ്ട്. ഇത് പൂര്‍ത്തിയായി, ഭൂമി ഏറ്റെടുക്കല്‍ ഉള്‍പ്പെടെയുള്ള നടപടികളും കഴിഞ്ഞാല്‍ മാത്രമേ നിര്‍മാണം തുടങ്ങൂ എന്നും മറുപടിയില്‍ പറയുന്നു. മൂരാട് പാലത്തിലെ ഗതാഗതക്കുരുക്കും പാലത്തിന്റെ അപകടാവസ്ഥയും കണക്കിലെടുത്ത് പുതിയ പാലം പണി പെട്ടെന്നുതന്നെ തുടങ്ങണമെന്ന ആവശ്യം വിവിധകോണുകളില്‍നിന്ന് ഉയര്‍ന്നിരുന്നു. 2016-ലെ ബജറ്റില്‍ സംസ്ഥാനസര്‍ക്കാര്‍ ഇതിനായി അമ്പതുകോടി രൂപയും അനുവദിച്ചു. എന്നാല്‍, ദേശീയപാതാ വികസനത്തിന്റെ ഭാഗമായി ഇവിടെ ആറുവരിപ്പാലം വരുന്നതിനാല്‍ ആ സമയത്ത് പാലം പണിയാമെന്നായിരുന്നു ദേശീയപാതാ അതോറിറ്റിയുടെ നിലപാട്. ഇതില്‍ മാറ്റം വരുത്തണമെന്നാവശ്യപ്പെട്ട് സംസ്ഥാനം കേന്ദ്രമന്ത്രിയെ സമീപിച്ചിപ്പോഴാണ് ദേശീയപാതാ വികസനത്തിന് കാത്തുനില്‍ക്കാതെ പാലം പണി വേഗത്തില്‍ തുടങ്ങാന്‍ ധാരണയായത്. ഇതുസംബന്ധിച്ച് തങ്ങള്‍ക്ക് ഒരു അറിയിപ്പും കിട്ടിയില്ലെന്നാണ് ദേശീയപാതാ അതോറിറ്റി ഇതുവരെ പറഞ്ഞത്. ഒടുവില്‍ അതോറിറ്റിയുടെ നിലപാടിലേക്കുതന്നെ കേന്ദ്രസര്‍ക്കാറിന്റെയും എന്നതിന്റെ തെളിവാണ് മുല്ലപ്പള്ളിക്ക് ലഭിച്ച മറുപടി.
0 Comments