പഴയ കാലത്തെ കൊയിലാണ്ടി മത്സ്യബന്ധന തുറമുഖത്തിന്റ ഫോട്ടോ |
കോഴിക്കോട്: കൊയിലാണ്ടി മത്സ്യബന്ധന തുറമുഖത്തിന്റെ അവസാനഘട്ട നിര്‍മാണ ജോലികള്‍ പുരോഗമിക്കുന്നു. ലേലപ്പുര നിര്‍മാണത്തിന് കോണ്‍ക്രീറ്റ് കഴിഞ്ഞു. വാര്‍ഫിനായി നികത്തിയസ്ഥലത്താണ് രണ്ടാമത്തെ ലേലപ്പുര നിര്‍മിച്ചത്. ചുറ്റുമതില്‍ നിര്‍മാണവും പൂര്‍ത്തിയായി. ലേലപ്പുര, ഓഫീസ്, കടമുറികള്‍, കാന്റീന്‍, ടോയ്‌ലറ്റ്, ചുറ്റുമതില്‍, ഗേറ്റ് ഹൗസ്, റോഡ്, പാര്‍ക്കിങ് ഏരിയ, ഓവുചാല്‍, മാലിന്യ സംസ്‌കരണസംവിധാനം എന്നിവയാണ് അവസാനഘട്ടത്തില്‍ നടത്തുന്നത്. രണ്ടാമതായി നിര്‍മിക്കുന്ന ലേലപ്പുരയ്ക്ക് 70 ലക്ഷം രൂപയും വാര്‍ഫിന്റെ മുന്‍വശം ആഴംകൂട്ടാന്‍ 80 ലക്ഷം, റോഡ് പാര്‍ക്കിങ് ഏരിയ എന്നിവ നിര്‍മിക്കാന്‍ 59.55 ലക്ഷം എന്നിവയാണ് അനുവദിച്ചത്. കാന്റീന്‍, സ്റ്റോര്‍ നിര്‍മാണത്തിന് 54.20 ലക്ഷവും ചുറ്റുമതില്‍ നിര്‍മാണത്തിന് 48 ലക്ഷവും അഴുക്കുചാല്‍, മലിനീകരണ പ്ലാന്റ് എന്നിവ നിര്‍മാണത്തിന് 59 ലക്ഷം, ടോയ്‌ലറ്റിന് 31 ലക്ഷം, ഇലക്ട്രിക്കല്‍ പ്രവൃത്തിക്ക് 11.50 ലക്ഷം എന്നിവയുമാണ് ചെലവഴിക്കുന്നത്. 64 കോടി രൂപയാണ് ഹാര്‍ബറിന് മൊത്തം ചെലവ്. ഇതില്‍ 50 കോടി രൂപയുടെ പ്രവര്‍ത്തനം പൂര്‍ത്തിയായി. മേയ് മാസത്തിനുള്ളില്‍ പ്രവൃത്തി പൂര്‍ത്തിയാക്കാന്‍ ഫിഷറീസ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ നിര്‍ദേശിച്ചിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്‍ ഹാര്‍ബര്‍ ഉദ്ഘാടനം ചെയ്യുമെന്നാണ് വിവരം. എന്നാല്‍, ഹാര്‍ബറിന്റെ നിര്‍മാണ പ്രവൃത്തികള്‍ മുഴുവനായി പൂര്‍ത്തിയാകാതെ ഹാര്‍ബര്‍ ഉദ്ഘാടനം ചെയ്യരുതെന്ന് തീരദേശ സംയുക്ത സമിതി ഭാരവാഹികള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
0 Comments