കുറ്റ്യാടി ബൈപാസ് റോഡ് യാഥാർഥ്യമാകുന്നു


കോഴിക്കോട്:വർഷങ്ങളുടെ കാത്തിരിപ്പിന് വിരാമം. കുറ്റ്യാടി ബൈപാസ് റോഡ് യാഥാർഥ്യമാകുന്നു. കുറ്റ്യാടി ടൗണിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം കാണുന്നതിന് വർഷങ്ങൾക്കു മുൻപ് തുടക്കം കുറിച്ച നിർദിഷ്ട ബൈപാസ് റോഡ് യാഥാർഥ്യത്തിലേക്ക് എത്തിക്കുന്നതിനുള്ള നടപടികൾ ഊർജിതപ്പെടുത്തിയതായി പാറക്കൽ അബ്ദുല്ല എംഎൽഎ അറിയിച്ചു.

കുറ്റ്യാടി വലിയ പാലത്തിനടുത്തുനിന്നും തുടങ്ങി കടേക്കച്ചാലിൽ എത്തുന്ന ബൈപാസ് റോഡ് കടന്നു ഭൂമിയുടെ വലിയൊരുഭാഗം കേരള നെൽവയൽ തണ്ണീർത്തട സംരക്ഷണനിയമത്തിന്റെ പരിധിയിൽ വരുന്നു എന്നതായിരുന്നു ഭൂമി ഏറ്റെടുക്കുന്നതിന് തടസ്സമായിരുന്നത്. ഇക്കാര്യം കേരള നെൽവയൽ തണ്ണീർത്തട സംരക്ഷണസമിതി കഴിഞ്ഞ 24ന് ചേർന്ന യോഗത്തിൽ പരിശോധിക്കുകയും ഇതിന്റെ അടിസ്ഥാനത്തിൽ തൃശൂർ വെള്ളായനിക്കര ഫോറസ്ട്രി കോളജ് പരിസ്ഥിതി വകുപ്പ് മേധാവി ഡോ. പി.ഒ. നദീറിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥല പരിശോധന നടത്തുകയും ചെയ്തു.

പാറക്കൽ അബ്ദുല്ല എംഎൽഎ, പഞ്ചായത്ത് പ്രസിഡൻറ് സി.എൻ. ബാലകൃഷ്ണൻ, വില്ലേജ് ഓഫിസർ കെ. അസ്ക്കർ, കൃഷിഓഫിസർ എൻ.എസ്. അപർണ എന്നിവർ സംഘത്തോടൊപ്പം ഉണ്ടായിരുന്നു.പരിശോധനാ റിപ്പോർട്ട് അടുത്ത ദിവസം സമർപ്പിക്കുന്നതോടെ ഭൂമി തരം മാറ്റൽ നടപടി അവസാനിപ്പിക്കും.

തുടർന്ന് ഭൂമി ഏറ്റെടുക്കൽ നടപടിക്ക് തുടക്കമാകും. ബജറ്റിൽ 20 കോടി രൂപയാണ് ബൈപാസ് റോഡിന് അനുവദിച്ചത്. പത്തു വർഷം മുൻപാണ് കുറ്റ്യാടി ടൗണിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണുന്നതിന് ബൈപാസ് റോഡ് നിർമാണ നടപടികളുമായി സർക്കാർ മുന്നോട്ടു പോയത്. എന്നാൽ ഭൂമി ഏറ്റെടുത്ത് റോഡ് യാഥാർഥ്യമാക്കാനുള്ള നടപടി നീണ്ടുപോവുകയായിരുന്നു.