ആർ.സി.സി.യിലെ സൗകര്യങ്ങൾ ഇനി കോഴിക്കോട്ടും


കോഴിക്കോട്:സംസ്ഥാനത്ത് സാധാരണക്കാരന് കുറഞ്ഞചെലവിൽ കാൻസർ ചികിത്സ ലഭിക്കുന്നത് ആർ.സി.സി.യിലാണ്. ചികിത്സയ്ക്കായി കോഴിക്കോട് അടക്കമുള്ള ജില്ലകളിൽനിന്ന് തിരുവനന്തപുരത്തേക്ക് യാത്ര ചെയ്യേണ്ടിവരികയാണ്. രോഗപീഡയുമായുള്ള കഠിനയാത്ര ഒഴിവാക്കാനും ചെലവുകുറഞ്ഞ രീതിയിൽ അത്യാധുനിക കാൻസർ ചികിത്സ ലഭ്യമാക്കാനുമായി ഒരു കേന്ദ്രം, ടെറിഷറി കാൻസർ കെയർ സെന്റർ (ടി.സി.സി.) കോഴിക്കോട് മെഡിക്കൽ കോളേജ് ചെസ്റ്റ് ആശുപത്രിക്ക് സമീപം പണിപൂർത്തിയാവുന്നു. ഒക്ടോബർ ആദ്യവാരത്തോടെ പ്രവർത്തനം തുടങ്ങാനാണ് തീരുമാനം. മലബാറിന് തന്നെ ഈ രംഗത്ത് പ്രതീക്ഷ നൽകുന്ന ചികിത്സാകേന്ദ്രമാണിത്.

ഈ സെന്ററിന്റെ പ്രവർത്തനം ആരംഭിക്കുന്നതോടെ സാധാരണക്കാരായ രോഗികൾക്ക് കാൻസർ ചികിത്സയ്ക്ക് ആർ.സി.സി. വരെ പോകേണ്ടതില്ല. മാത്രമല്ല സ്വകാര്യസ്ഥാപനങ്ങളിലേതിനെക്കാൾ നിരക്ക് മൂന്നുമടങ്ങ് കുറയുമെന്നതിനാൽ ചികിത്സാ ചെലവിലും ആശ്വാസം ലഭിക്കുമെന്ന് മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. വി.ആർ. രാജേന്ദ്രൻ പറഞ്ഞു. ചികിത്സയ്ക്കായി മൂന്നുവിഭാഗങ്ങൾറേഡിയോ തെറാപ്പി, മെഡിക്കൽ ഓങ്കോളജി, സർജിക്കൽ ഓങ്കോളജി എന്നീ ചികിത്സാ വിഭാഗങ്ങളാണിവിടെയുള്ളത്. അത്യാധുനിക സൗകര്യങ്ങളോടെയുള്ള രണ്ട് മോഡുലാർ ഓപ്പറേഷൻ തിയേറ്ററുമുണ്ടായിരിക്കും. തുടക്കത്തിൽ സർജിക്കൽ ഓങ്കോളജിയിൽ മാത്രമേ കിടത്തിച്ചികിത്സയുള്ളൂ. മെഡിക്കൽ ഓങ്കോളജി, റേഡിയോ തെറാപ്പി രോഗികൾക്ക് ഒ.പി. സൗകര്യവും ചികിത്സയും ലഭ്യമാകും. എന്നാൽ, ഇവർക്ക് കിടത്തിച്ചികിത്സ തത്‌കാലം മെഡിക്കൽ കോളേജിലെ കാൻസർ വാർഡിൽ തന്നെയായിരിക്കും.

അത്യാധുനിക ഉപകരണങ്ങൾ കോഴിക്കോട് മെഡിക്കൽ കോളേജിൽ ഇതുവരെയില്ലാത്ത അത്യാധുനിക ഉപകരണങ്ങളുണ്ട്. സി.ടി. സിമുലേഷൻ: ട്യൂമറിന്റെ കൃത്യമായ സ്ഥാനം, ആകൃതി, വലുപ്പം എന്നിവ കണക്കാക്കാൻ സഹായിക്കുന്ന പ്രത്യേക ഇമേജിങ്‌ ഉപകരണമാണിത്. ലീനിയർ ആക്സിലറേറ്റർ: രോഗിയുടെ ട്യൂമർ ആകൃതി ഉറപ്പു വരുത്തി ആ ഭാഗത്തെ കാൻസർ സെല്ലുകളെ മാത്രം കൃത്യമായി നശിപ്പിക്കുന്നതാണിത്.സ്പെക്ടാ ഗാമാ ക്യാമറ: ഇപ്പോൾ മെഡിക്കൽകോളേജ് ആശുപത്രിയിലെ കാൻസർ വിഭാഗത്തിലുള്ള സ്പെക്ടാ ഗാമാ ക്യാമറ രോഗനിർണയവും അതിസൂക്ഷ്മ കാൻസർ കോശങ്ങളെ നശിപ്പിക്കലും എളുപ്പമാകുന്നു. ഇതും ഈകേന്ദ്രത്തിൽ പ്രവർത്തനസജ്ജമായിട്ടുണ്ട്.



110 ജീവനക്കാർഇപ്പോൾ മൂന്ന് നിലകളിലായി 35,000 ചതുരശ്ര അടി വിസ്തീർണത്തിൽ പണിതീർത്ത ടെറിഷറി കാൻസർ കെയർ സെന്ററിൽ ഡോക്ടർമാരുൾപ്പെടെ 110 ജീവനക്കാരുണ്ടാകും. ജീവനക്കാരുടെ തസ്തിക സംബന്ധിച്ച് സർക്കാർ തീരുമാനം അറിയിക്കാത്തതിനാൽ എച്ച്.ഡി.എസിന്റെ സഹായത്തോടെ ജീവനക്കാരെ നിയമിക്കാനാണ് ആലോചിക്കുന്നത്. നാലുനിലകൾ കൂടി നിർമിക്കുന്നതിന് സ്വകാര്യ സ്ഥാപനങ്ങളിൽനിന്നും ബാങ്കുകളിൽനിന്നും സ്പോൺസർമാരെ കണ്ടെത്തും. അഞ്ചുകോടി രൂപ കാർഷകവികസന ബാങ്ക് വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും എം.കെ. രാഘവൻ എം.പി. പറഞ്ഞു.44.5 കോടിയുടെ പദ്ധതി എം.കെ. രാഘവൻ എം.പി.യുടെ പ്രവർത്തനഫലമായി നാഷണൽ പ്രോഗ്രാം ഫോർ പ്രിവൻഷൻ ആൻഡ്‌ കൺട്രോൾ ഓഫ് കാൻസർ, ഡയബറ്റിക്സ്, കാർഡിയോ വാസ്കുലാർ ഡിസീസസ് ആൻഡ്‌ സ്ട്രോക്ക് (എൻ.പി.സി.ഡി.എസ്.) ഫണ്ടിൽ നിന്നും ലഭിച്ച 44.5 കോടി രൂപ ചെലവഴിച്ചാണ് ടി.സി.സി. യാഥാർഥ്യമാക്കിയത്. ഇതിൽ കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ വിഹിതമുണ്ട്.ഓരോവർഷവും 6000-ത്തിനും 7000-ത്തിനും ഇടയിൽ കാൻസർ ബാധിതർ കോഴിക്കോട് മെഡിക്കൽകോളേജിൽ ചികിത്സ തേടിയെത്തുന്നുണ്ടെന്നാണ് കണക്ക്. പക്ഷേ, മെഡിക്കൽ കോളേജിൽ കാൻസർ ചികിത്സയ്ക്കായി ഇപ്പോൾ റേഡിയോ തെറാപ്പി വിഭാഗം മാത്രമേ പ്രവർത്തിക്കുന്നുള്ളൂ.

ആദ്യം തലശ്ശേരിക്ക് പിന്നെ കോഴിക്കോട്ടേക്ക് 2015-ൽ ടെറിഷറി കാൻസർ കെയർ സെന്ററിനുള്ള എല്ലാ സംവിധാനങ്ങളും ശരിയാക്കി ഡൽഹിയിൽ നിന്ന്‌ തിരുവനന്തപുരത്തേക്ക് അയച്ചു. മുഖ്യമന്ത്രിയുമായി ചർച്ച നടത്തി. എന്നാൽ, ഡൽഹിക്ക് തിരിച്ചുപോയപ്പോൾ കോഴിക്കോടിന് പാസായ എല്ലാ ഉപകരണങ്ങളും തലശ്ശേരിയിലെ മലബാർ കാൻസർ സെന്ററിന് അയയ്ക്കാൻ ഏർപ്പാടാക്കിയെന്ന വിവരമാണ് ലഭിച്ചതെന്ന് എം.കെ. രാഘവൻ എം.പി. പറഞ്ഞു. ഉടൻ ഡൽഹിൽ നിന്ന് തിരിച്ചെത്തി മുഖ്യമന്ത്രിയെ കണ്ട് കാര്യങ്ങൾ ഗ്രഹിപ്പിച്ചതിനെ തുടർന്നാണ് മെഷിനറികൾ കോഴിക്കോട് ടെറിഷറി കാൻസർ കെയർ സെന്ററിലേക്കത്തിയതെന്നും എം.പി. പറഞ്ഞു.

Post a Comment

0 Comments