ഇന്ധന വിലവർധന: ജില്ലയിൽ ഓട്ടം നിർത്തിയത‌് 350 ബസ്‌കോഴിക്കോട‌്:അടിക്കടിയുള്ള ഇന്ധന വിലവർധനമൂലം സർവീസ‌് തുടരാനാവാത്ത സാഹചര്യത്തിൽ ജില്ലയിലെ 350 ഓളം സ്വകാര്യ ബസ്സുകൾ  ഒാട്ടം നിർത്തി.  മൂന്ന‌് മാസത്തേക്ക‌് സർവീസ‌് നിർത്തുന്നതിനുള്ള ‘ജി ഫോം’ അപേക്ഷ ബസ‌് ഉടമകൾ ആർടി ഓഫീസിൽ നൽകി. ജി ഫോം അപേക്ഷ നൽകിയാൽ നികുതി അടയ‌്ക്കുന്നത‌ിൽനിന്ന‌്  ഒഴിവാകാം.  ആറ‌ിന‌് തൃശൂരിൽ ചേരുന്ന ബസ‌് ഓണേഴ‌്സ‌് കോ–ഓഡിനേഷൻ കമ്മിറ്റി യോഗശേഷം തുടർ തീരുമാനങ്ങൾ കൈകൊള്ളുമെന്ന‌് ബസ‌് ഓപ്പറേറ്റേഴ‌്സ‌് ഓർഗനൈസേഷൻ ജില്ലാ പ്രസിഡന്റ‌് കെ രാധാകൃഷ‌്ണൻ പറഞ്ഞു.ബാലുശേരി, മാവൂർ, ഉള്ള്യേരി, മുക്കം, വടകര തുടങ്ങിയ ഭാഗങ്ങളിലുള്ള ബസ്സുകളാണ‌് കൂടുതൽ സർവീസ‌് നിർത്തിയത‌്. ചിലത‌് നേരത്തെ സർവീസ‌് വെട്ടിച്ചുരുക്കിയിരുന്നു.  അവസാനമായി ബസ‌് ചാർജ‌് കൂട്ടിയ കഴിഞ്ഞ മാർച്ചിന‌് ശേഷം ഡീസൽ വിലയിൽ 19 രൂപയുടെ വർധനവുണ്ടായി. ഇതിനുപുറമെ ഇൻഷുറൻസ‌് തുകയും വർധിച്ചു. ശരാശരി 80 ലിറ്റർ  ഡീസലാണ‌് ബസ്സിൽ ഉപയോഗിക്കുന്നത‌്.  ഒരു ദിവസം  ഈ ഇനത്തിൽ മാത്രം   1600 രൂപയുടെ വർധനവാണുള്ളത‌്.   ഇതുൾപ്പെടെ ആറ‌് മാസത്തിനിടെ ദിവസം 2500 രൂപയുടെ അധിക ചെലവിലാണ‌് ബസ്സുകൾ ഓടുന്നത‌്. 
 
ചെലവും ജീവനക്കാരുടെ കൂലിയും കുറയ‌്ക്കുമ്പോൾ  ലാഭമില്ലെന്ന‌് മാത്രമല്ല ദിവസം 1500 മുതൽ 2500 രൂപ വരെ നഷ‌്ടത്തിലാണെന്നും  ഉടമകൾ പറയുന്നു. കെഎസ‌്ആർടിസി ബസ്സുകളും ഡീസൽ പ്രശ‌്നത്തിൽ സർവീസ‌് കുറച്ചിരുന്നു. വരും ദിവസങ്ങളിൽ കൂടുതൽ സ്വകാര്യ ബസ്സുകൾ സർവീസ‌് നിർത്താൻ സാധ്യതയുണ്ട‌്. ഇത‌് യാത്രാപ്രശ‌്നം രൂക്ഷമാക്കും.  പ്രതിസന്ധി സംബന്ധിച്ച‌്   ഉടമകൾ മുഖ്യമന്ത്രിക്കും ഗതാഗത മന്ത്രിക്കും നിവേദനം നൽകിയിരുന്നു. ബസ‌് ചാർജ‌് കൂട്ടണമെന്നാണ‌് ഉടമകളുടെ ആവശ്യം.

Post a Comment

0 Comments