45 വയസ്സ് പൂർത്തിയാക്കി ഇന്ത്യയിലെ ആദ്യ വനിതാ പോലീസ് സ്റ്റേഷന്

വനിതാ പോലീസ് സ്‌റ്റേഷന്‍ 

കോഴിക്കോട്: പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധി ഉദ്ഘാടനം ചെയ്ത ഇന്ത്യയിലെ ആദ്യ വനിതാ പോലീസ് സ്റ്റേഷന് 45 വയസ്സ്. 1973 ഒക്ടോബർ 27-നാണ് ക്രമസമാധാന പാലനത്തിന്റെ പുതിയ ചുവടുവെപ്പുമായി കോഴിക്കോട്ട് ഇന്ത്യയിലെ ആദ്യ വനിതാ പോലീസ് സ്റ്റേഷൻ പ്രവർത്തനം തുടങ്ങിയത്.

കൺട്രോൾ റൂമിനോടുചേർന്ന് ആദ്യമായി വനിതാ സ്റ്റേഷൻ തുടങ്ങുമ്പോൾ എം. പത്മാവതിയായിരുന്നു ആദ്യ എസ്.ഐ. ഇവർക്കുപുറമേ ഹെഡ് കോൺസ്റ്റബിൾമാരും കോൺസ്റ്റബിൾമാരുമായി 15 പേരുണ്ടായിരുന്നു. ഉദ്ഘാടനം കാണാനെത്തിയവരുടെ തിരക്കിൽ കാണാതായ മൂന്ന് കുഞ്ഞുങ്ങളെ കണ്ടെത്തുകയായിരുന്നു വനിതാ പോലീസിന്റെ ആദ്യ ഡ്യൂട്ടി.

അന്ന് സന്ദർശക പുസ്തകത്തിൽ പേരെഴുതിയാണ് ഇന്ദിരാഗാന്ധി മടങ്ങിയത്. തന്റെ പേന എം. പദ്‌മാവതിക്ക് സമ്മാനിച്ചാണ് ഇന്ദിരാഗാന്ധി പോയതെന്ന് അക്കാലത്ത് കോഴിക്കോട് പ്രവർത്തിച്ചിരുന്ന റവ. ഡോ. ജി.എസ്. ഫ്രാൻസിസ് ഓർക്കുന്നു. ഇതിനു പുറമേ ചടങ്ങിൽ പങ്കെടുത്ത ഗവർണർ എൻ.എൻ. വാഞ്ചു, മുഖ്യമന്ത്രി അച്യുതമേനോൻ, ആഭ്യന്തരമന്ത്രി കെ. കരുണാകരൻ എന്നിവരും സന്ദർശക പുസ്തകത്തിൽ അഭിപ്രായം രേഖപ്പെടുത്തി. കോൺസ്റ്റബിളായിരുന്ന എം.സി. കുട്ടിയമ്മ ഹിന്ദിയിൽ നന്ദി പറഞ്ഞതും അന്ന് ശ്രദ്ധേയമായിരുന്നു. കൂടാതെ ട്രാഫിക് നിയന്ത്രിച്ചതും അന്ന് വനിതാ പോലീസായിരുന്നു. ആദ്യകാലത്ത് സാരിയും പിന്നീട് പാന്റ്‌സും ഷർട്ടുമായി യൂണിഫോം.



അതിനുശേഷം സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും വനിതാ സ്റ്റേഷൻ തുടങ്ങി. സ്ത്രീസുരക്ഷ മാത്രമല്ല എല്ലാത്തരം കേസുകളും കൈകാര്യം ചെയ്യുന്ന രീതിയിലേക്ക് സ്റ്റേഷൻ മാറി. നിലവിൽ വനിതാ സ്റ്റേഷനിൽ ആകെ 24 പേരാണുള്ളത്. ഇതിൽ ആറുപേർ ജോലി ക്രമീകരണത്തിന്റെ ഭാഗമായി ഇപ്പോൾ മറ്റിടങ്ങളിലാണ്. കൺട്രോൾ റൂമിന്റെ കീഴിലാണെങ്കിലും ഹെൽപ് ലൈനും ഇപ്പോൾ വനിതാ സ്റ്റേഷനോട് ചേർന്നാണ് പ്രവർത്തിക്കുന്നത്.

സ്ത്രീകളുമായി ബന്ധപ്പെട്ട് പലതരം കേസുകളും എത്താറുണ്ടെങ്കിലും ഇപ്പോഴും പൂവാലശല്യം തന്നെയാണ് കൂടുതലായി വരുന്ന കേസുകളെന്ന് വനിതാ പോലീസുകാർ പറയുന്നു. മുമ്പ് പരാതിപ്പെടാൻ സ്ത്രീകൾ എത്തുന്നത് കുറവായിരുന്നെങ്കിൽ ഇപ്പോൾ അത്തരം പ്രശ്നങ്ങളില്ലെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.

Post a Comment

0 Comments