കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ ഏറ്റെടുക്കാനാളില്ലാതെ 85 രോഗവിമുക്തര്‍



കോഴിക്കോട്: രോഗവിമുക്തി നേടിയിട്ടും രോഗിയായി കഴിയേണ്ട ഗതികേടിലാണ് കോഴിക്കോട് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ 85 രോഗവിമുക്തര്‍. 16 അന്യസംസ്ഥാനക്കാരെ ഒഴിച്ച് നിര്‍ത്തിയാല്‍ ബാക്കിയുള്ളവരെല്ലാം മലയാളികള്‍. രോഗം മാറിയതോടെ ഇവര്‍ക്ക് തിരിച്ച് പോവാന്‍ താല്‍പര്യമുണ്ടെങ്കിലും വീട്ടുകാര്‍ കൂടെ കൂട്ടാന്‍ തയ്യാറാവാത്തതാണ് ഒരു നടതള്ളല്‍ കേന്ദ്രം പോലെ കുതിരവട്ടം മാനസീകാരോഗ്യ കേന്ദ്രം മാറാന്‍ കാരണമായത്. ഡിസ്ചാര്‍ജ് അദാലത്ത് പോലെയുള്ള പരിപാടി സംഘടിപ്പിച്ച് ചിലരെ സന്നദ്ധ സംഘടനകളും മറ്റും ഏറ്റെടുക്കുന്നുണ്ടെങ്കിലും മറ്റ് പലരും ആശുപത്രിയില്‍ തന്നെ കഴിഞ്ഞ് കൂടുകയാണെന്ന് ആശുപത്രി വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.

പൂര്‍ണമായും ചികിത്സിച്ച് ഭേദമാക്കാന്‍ കഴിയുന്നതാണ് എല്ലാതരം മാനസിക രോഗങ്ങളുമെങ്കിലും രോഗിയായാല്‍ പിന്നെ അവരെ പൊതുശല്യമായി പ്രഖ്യാപിക്കുന്നവരാണ്  കുടുംബാംഗങ്ങള്‍ അടക്കമുള്ളവര്‍.  ഇതോടെ ആര്‍ക്കും വേണ്ടാത്തവരായി രോഗവിമുക്തി നേടിയവര്‍ പോലും മുദ്രകുത്തപ്പെടുന്നു. മനസ്സുമായി ബന്ധപ്പെട്ട പ്രധാന രോഗമടക്കം രണ്ടര മൂന്ന് മാസത്തെ ചികിത്സകൊണ്ട് പൂര്‍ണമായും സാധാരണ നിലയിലേക്കെത്തിക്കാന്‍ കഴിയുന്നതാണ്. ചിലര്‍ക്ക് മരുന്നുകള്‍ തുടരേണ്ടി വരുമെന്ന് മാത്രം. പക്ഷെ ഒരിക്കല്‍ മാനസിക രോഗം വന്നാല്‍ എല്ലാ കാലത്തും അവര്‍ മനോരോഗിയായിരിക്കുമെന്ന മനോഭാവമാണ് ബന്ധുക്കള്‍ അടക്കമുള്ളവര്‍ക്ക്. ഇതോടെ പലര്‍ക്കും രോഗികളോടൊപ്പം ആശുപത്രിയില്‍ തന്നെ കഴിയേണ്ടി വരുന്ന സാഹചര്യമുണ്ടാകുന്നുവെന്ന് ബന്ധപ്പെട്ടവര്‍ പറയുന്നു.



ആശുപത്രിയിലെ 433 അന്തേവാസികളില്‍ ബന്ധുക്കളില്ലാത്തവരുമുണ്ട്. പലരുടെയും നാടോ വീടോ ഏതെന്നറിയില്ല. പ്രാദേശിക ഭാഷ മാത്രം അറിയുന്ന ഉത്തരേന്ത്യന്‍ സ്വദേശികള്‍ക്ക്‌ എന്താണ് പറയാനുള്ളതെന്നു പോലും മനസ്സിലാക്കാന്‍ കഴിയുന്നില്ല. കോഴിക്കോട് ലീഗല്‍ സര്‍വീസ് അതോറിറ്റിയുമായി ബന്ധപ്പെട്ട് ബന്ധുക്കളെ കണ്ടെത്താനും രോഗ മുക്തി നേടിയവരെ കൊണ്ടുപോവാന്‍ താല്‍പര്യമില്ലാത്ത കുടുംബാംഗങ്ങള്‍ക്കെതിരേ നിയമ നടപടിയടക്കമുള്ള കാര്യങ്ങളിലേക്കടക്കം നീങ്ങുന്നുണ്ടെന്ന് ആശുപത്രി സൂപ്രണ്ട് ഡോ.രമേശന്‍ ചൂണ്ടിക്കാട്ടുന്നു. 474 രോഗികളെ ചികിത്സിക്കാന്‍ സൗകര്യമുള്ള ആശുപത്രിയില്‍ ബുധനാഴ്ചത്തെ കണക്ക് പ്രകാരം 433 അന്തേവാസികളാണുള്ളത്. അന്യ സംസ്ഥാനത്ത് നിന്നുള്ളവരുടെ ബന്ധുക്കളെ കണ്ടെത്താന്‍ ചില സന്നദ്ധസേവകരുടേയും മറ്റും സഹായത്തോടെ ശ്രമവും നടത്തുന്നുണ്ട്.

കോഴിക്കോടിന് പുറമെ തിരുവനന്തപുരം, തൃശ്ശൂര്‍ ജില്ലകളിലാണ് മറ്റ് രണ്ട് മാനസികാരോഗ്യ കേന്ദ്രങ്ങള്‍. ഇവിടങ്ങളിലും ഏറ്റെടുക്കാനാളില്ലാതെ രോഗ വിമുക്തി നേടിയ നിരവധി പേരുണ്ട്. ചില സന്നദ്ധ സംഘടനകളുടെ നേതൃത്വത്തില്‍ പകല്‍ വീടുകള്‍ പോലുള്ളവ പ്രവര്‍ത്തന സജ്ജമാക്കി പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ടെങ്കിലും ഭിന്നശേഷിക്കാരടക്കമുള്ള രോഗവിമുക്തി നേടിയവര്‍ ഇപ്പോഴും ആശുപത്രിയില്‍ തന്നെ കഴിയുകയാണ്.   

Post a Comment

0 Comments