ആധാറുമായി ബന്ധിപ്പിച്ച 50 കോടി മൊബൈൽ ഫോൺ നമ്പറുകൾ റദ്ദാകില്ല


ദില്ലി: ആധാറുമായി ബന്ധിപ്പിച്ച മൊബൈൽ ഫോൺ നമ്പറുകൾ റദ്ദാകില്ലെന്ന് ആധാർ അതോറിറ്റിയും (യു.ഐ.ഡി.എ.ഐ.) ടെലികോം വകുപ്പും സംയുക്ത പ്രസ്താവനയിൽ അറിയിച്ചു. മറ്റേതെങ്കിലും തിരിച്ചറിയൽ രേഖ നൽകി ഉപയോക്താക്കൾക്ക് ആധാർ വേണമെങ്കിൽ വിച്ഛേദിക്കാം. ആധാർ ഇ-കെ.വൈ.സി. ഉപയോഗിച്ച് എടുത്ത 50 കോടി കണക്‌ഷനുകൾ റദ്ദാകുമെന്ന വാർത്ത ശരിയല്ലെന്നും അധികൃതര്‍ അറിയിച്ചു.ആധാർ ഇ-കെ.വൈ.സി. ഉപയോഗിച്ച് നൽകിയ മൊബൈൽ നമ്പറുകൾ റദ്ദാക്കണമെന്ന് വിധിയിൽ ഒരിടത്തും പറയുന്നില്ല. അതിനാൽ ഇക്കാര്യത്തിൽ ആശങ്കവേണ്ട. നിലവിലുള്ള നമ്പറുമായി ബന്ധിപ്പിച്ചിട്ടുള്ള ആധാർ വിച്ഛേദിക്കണമെന്ന് ആഗ്രഹിക്കുന്നവർ സേവനദാതാക്കളെ സമീപിച്ച് അപേക്ഷ നൽകിയാൽ മതി. ആധാറിനുപകരമായി മറ്റേതെങ്കിലും  തിരിച്ചറിയൽ രേഖ നൽകണമെന്നു അധികൃതര്‍ വ്യക്തമാക്കി. പുതിയ സിംകാർഡുകൾ നൽകാനായി പ്രത്യേക കെ.വൈ.സി. സംവിധാനം രൂപവത്കരിക്കും. പുതിയ സിം കാർഡ് വേണ്ടവരുടെ അപേക്ഷ നൽകാനെത്തിയ സമയം ഉൾപ്പെടെയുള്ള വിവരങ്ങളടങ്ങിയ ഫോട്ടോ, തിരിച്ചറിയൽ രേഖകളുടെ പകർപ്പ് തുടങ്ങിയവ ഉൾപ്പെടെയുള്ള കെ.വൈ.സി. സംവിധാനമാണ് തയാറാക്കുന്നത്.

Post a Comment

0 Comments