മലാപ്പറമ്പ്‌- ബേപ്പൂര്‍ റോഡിന്‌ ഡി.പി.ആര്‍. ഉടനെ തയ്യാറാക്കും

Representative Image


കോഴിക്കോട്‌: മലാപ്പറമ്പ്‌ ജംഗ്‌ഷന്‍ മുതല്‍ ബേപ്പൂര്‍ വരെയുള്ള നിര്‍ദിഷ്‌ട റോഡിനു വിശദമായ പ്രൊജ്‌കട്‌ റിപ്പോര്‍ട്ട്‌ (ഡി.പി.ആര്‍) തയ്യാറാക്കുന്നതിനുള്ള നടപടികള്‍ക്ക്‌ ഉടനെ തുടക്കമായേക്കും. കേന്ദ്ര റോഡ്‌ ഗാതാഗത ഹൈവേ മന്ത്രി നിതിന്‍ ഗഡ്‌കരി ഈ വിഷയത്തില്‍ ഇടപെട്ടതോടെ ഈ റോഡ്‌ വീണ്ടും ചര്‍ച്ചാവിഷയമായി. ഡി.പി.ആര്‍ തയ്യാറാക്കാന്‍ ഉദ്യോഗസ്‌ഥര്‍ക്കു നിര്‍ദേശം നല്‍കുമെന്ന്‌ ഈ പദ്ധതിക്കുവേണ്ടി മുന്‍കൈ എടുത്ത എം.കെ രാഘവന്‍ എം.പിക്ക്‌ മന്ത്രി നിതിന്‍ ഗഡ്‌കരി ഉറപ്പുനല്‍കിയിരുന്നു.



ബേപ്പൂര്‍ തുറമുഖത്തിന്റെ മുഖഛായ മാറ്റുന്നതിനു ഈ റോഡ്‌ സഹായിക്കുമെന്നാണ്‌ വിലയിരുത്തുന്നത്‌. റോഡ്‌ യാഥാര്‍ഥ്യമായാല്‍ ബേപ്പൂരില്‍ നിന്നുള്ള ചരക്കുകള്‍ ദേശീയപാത 66 വഴിയും 766 വഴിയും കൊണ്ടുപോകുന്നതിനു സഹായകരമാവും. കോഴിക്കോട്‌ നഗരത്തിന്റെയും ബേപ്പൂര്‍ തുറമുഖത്തിന്റെയും വികസനത്തില്‍ വലിയ പങ്കു വഹിക്കാന്‍ റോഡിനു കഴിയുമെന്ന്‌ എം.കെ രാഘവന്‍ എം.പി പറഞ്ഞു.18.4 കിലോമീറ്റര്‍ ദൂരത്തില്‍ നാലുവരി പാതയാണ്‌ ലക്ഷ്യമിടുന്നത്‌. മൂന്നു ഘട്ടമായാണ്‌ പണി പൂര്‍ത്തിയാക്കുക. ആദ്യ ഘട്ടം 13.4 കിലോമീറ്റര്‍ ദൂരത്തിലുള്ളതാണ്‌. ബേപ്പൂര്‍ തുറമുഖം മുതല്‍ സൗത്ത്‌ ബീച്ച്‌ വരെയുള്ളതാണിത്‌. രണ്ടാം ഘട്ടത്തില്‍ സൗത്ത്‌ ബീച്ച്‌ മുതല്‍ എരഞ്ഞിപ്പാലം വരെ മേല്‍പ്പാലം നിര്‍മിക്കും. 2.9 കിലോമീറ്റര്‍ ദൂരം. എരഞ്ഞിപ്പാലം മുതല്‍ മലാപ്പറമ്പ്‌ ജംഗഷ്‌ന്‍ വരെയുള്ള 2.1 കിലോമീറ്ററാണ്‌ മൂന്നാമത്തെ ഘട്ടത്തില്‍ പൂര്‍ത്തിയാക്കുക.

Post a Comment

0 Comments