ബ്ലൂ ഫ്‌ളാഗ് സർട്ടിഫിക്കറ്റ്: അന്താരാഷ്ട്ര നിലവാരത്തിലേക്ക് ചുവടുവച്ച് കാപ്പാട്

ജില്ലാ കലക്ടര്‍ യു.വി ജോസ്, കേന്ദ്ര പരിസ്ഥിതി മന്ത്രാലയം പ്രതിനിധികള്‍, ജനപ്രതിനിധികള്‍ കാപ്പാട് തീരം സന്ദര്‍ശിക്കുന്നു

കോഴിക്കോട്: കാപ്പാട് ബീച്ച് അന്താരാഷ്ട്ര നിലവാരത്തേക്ക് ചുവടുവയ്ക്കുന്നു. ബ്ലൂ ഫ്‌ളാഗ് പട്ടികയില്‍ ഇടംപിടിച്ചതിനെ തുടര്‍ന്ന് നിരവധി പ്രവര്‍ത്തനങ്ങളാണു നടപ്പാക്കുന്നത്. ഇതിന്റെ ഭാഗമായ കാപ്പാട് തീരം കേന്ദ്ര പരിസ്ഥിതി മന്ത്രാലയം പ്രതിനിധികളും കലക്ടറും പഞ്ചായത്ത് പ്രസിഡന്റും ജനപ്രതിനിധികളും സന്ദര്‍ശിച്ചു.



ബ്ലൂ ഫ്‌ളാഗ് സര്‍ട്ടിഫിക്കേഷന്‍ ലഭ്യമാക്കുന്നതുമായി ബന്ധപ്പെട്ട് പ്രാഥമിക പ്രവര്‍ത്തനത്തിന്റെ ഭാഗമായി ബോധവല്‍ക്കരണ ക്ലാസ് നടത്തി. ചേമഞ്ചേരി ഗ്രാമ പഞ്ചായത്ത് ഫ്രീഡം ഫൈറ്റേഴ്‌സ് ഹാളില്‍ നടന്ന ബോധവല്‍ക്കരണ ക്ലാസ് ജില്ലാ കലക്ടര്‍ യു.വി ജോസ് ഉദ്ഘാടനം ചെയ്തു. ലോകം മുഴുവന്‍ അറിയപ്പെടുന്ന തരത്തിലുള്ള പ്രവര്‍ത്തനമാണ് ബ്ലൂ ഫ്‌ളാഗ് സര്‍ട്ടിഫിക്കറ്റിലൂടെ ലഭ്യമാകുക.

ബീച്ച് ടൂറിസത്തില്‍ വെള്ളത്തിന്റെ ഗുണനിലവാരം വളരെ പ്രധാനമാണ്. ബീച്ച് നല്ല രീതിയില്‍ പരിപാലിക്കുന്നതില്‍ തദ്ദേശ വാസികളുടെ പങ്ക് വളരെ വലുതാണ്. ധൈര്യമായി വെള്ളത്തിലിറങ്ങി കുളിക്കാന്‍ കഴിയുന്ന തരത്തില്‍ സംരക്ഷിക്കപ്പെടണം. കേന്ദ്ര പരിസ്ഥിതിവകുപ്പിന്റെ കീഴില്‍ പദ്ധതി തദ്ദേശ സ്വയംഭരണ സ്ഥാപനവുമായി സഹകരിച്ചാണു നടപ്പാക്കുന്നത്. എട്ടു കോടി രൂപയാണ് ഇതിനായി ചെലവഴിക്കുന്നത്. നാലു കോടി പദ്ധതിക്കും നാലു കോടി പരിപാലനത്തിനുമാണെന്നും കലക്ടര്‍ പറഞ്ഞു. കാപ്പാട് ബീച്ച് ബ്ലൂ ഫ്‌ളാഗ് സര്‍ട്ടിഫിക്കേഷനു വേണ്ടി പരിഗണിക്കുന്ന കേരളത്തിലെ ആദ്യ ബീച്ചാണ്. ഇന്ത്യയില്‍ നിന്ന് ആകെ 14 ബീച്ചുകളാണ് ബ്ലൂ ഫ്‌ളാഗിനു വേണ്ടി പരിഗണിച്ചിട്ടുള്ളത്. സര്‍ട്ടിഫിക്കേഷന്‍ ലഭ്യമാകുന്നതോടെ കാപ്പാട് ലോക ടൂറിസം ഭൂപടത്തിലിടം പിടിക്കുമെന്നും ബീച്ചിലെത്തുന്ന ടൂറിസ്റ്റുകളുടെ എണ്ണം പതിന്‍മടങ്ങാകുമെന്നും കലക്ടര്‍ പറഞ്ഞു. അന്താരാഷ്ടനിലവാരത്തിലേക്ക് കാപ്പാട് ബീച്ചിനെ കൊണ്ടുവരുന്നതിനും കാര്യങ്ങള്‍ മോണിറ്റര്‍ ചെയ്യുന്നതിനും ബീച്ച് എണ്‍വയണ്‍മെന്റ് ആന്‍ഡ് മാനേജ്‌മെന്റ് സര്‍വിസസ് രൂപീകരിച്ചിട്ടുണ്ട്. ഈ കമ്മിറ്റിയായിരിക്കും ബീച്ചിന്റെ നിലവാരമുയര്‍ത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുക. കേന്ദ്ര പരിസ്ഥിതിവകുപ്പിലെ സഞ്ജയ് ജാല വിവിധ വകുപ്പുതല ഉദ്യോഗസ്ഥര്‍ക്കും തദ്ദേശവാസികള്‍ക്കും ബോധവല്‍ക്കരണ ക്ലാസെടുത്തു.

പഞ്ചായത്ത് പ്രസിഡന്റ് അശോകന്‍ കോട്ട്, ടൂറിസം ജോയിന്റ് ഡയറക്ടര്‍ സി.എന്‍ അനിത കുമാരി, ഡി.ടി.പി.സി എക്‌സിക്യുട്ടീവ് മെംബര്‍ കെ.ടി രാധാകൃഷ്ണന്‍, ഹാര്‍ബര്‍ എന്‍ജിനീയറിങ് എക്‌സി. എന്‍ജിനീയര്‍ മുഹമ്മദ് അന്‍സാരി, കുടുംബശ്രീ മിഷന്‍ കോഡിനേറ്റര്‍ പി.സി കവിത, ചേമഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് സത്യനാഥന്‍, വാര്‍ഡ് മെംബര്‍മാരായ അഫ്‌സ, മനാഫ് പങ്കെടുത്തു.

Post a Comment

0 Comments